SignIn
Kerala Kaumudi Online
Sunday, 09 August 2026 3.50 AM IST

വിഴിഞ്ഞം തുറമുഖ റെയിൽ: മൊത്തം ചെലവും കേന്ദ്രം വഹിക്കണമെന്ന് കേരളം

rail

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്കുള്ള 10.7കിലോമീറ്റർ റെയിൽപ്പാത നിർമ്മാണത്തിനുള്ള മുഴുവൻചെലവും കേന്ദ്രം വഹിക്കണമെന്ന് സംസ്ഥാന സർക്കാർ. നാലുവർഷമെടുത്ത് പൂർത്തിയാകുമ്പോഴേക്കും 1800 കോടിയോളം വേണ്ടിവരുമെന്നാണ് കരുതുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിനുള്ള കേന്ദ്രത്തിന്റെ പി.എം-ഗതിശക്തി ദേശീയ മാസ്റ്റർപ്ലാനിൽ വിഴിഞ്ഞം പാത ഉൾപ്പെടുത്തിയെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പാർലമെന്റിൽ പ്രഖ്യാപിച്ചെങ്കിലും ഫണ്ട് അനുവദിക്കുന്നത് കേന്ദ്രത്തിന്റെ വിവേചനാധികാരമാണ്.

ഈ പശ്ചാത്തലത്തിലാണ് കേരളം നിലപാട് വ്യക്തമാക്കിയത്.

വിഴിഞ്ഞത്തുനിന്നുള്ള ചരക്കുനീക്കത്തിന്റെ പ്രധാന ഗുണഭോക്താക്കൾ തമിഴ്നാട്, കർണാടകം, ആന്ധ്രാപ്രദേശ്, തെലങ്കാന അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളാണെന്നും റെയിൽവേയ്ക്കും കേന്ദ്രത്തിനും വരുമാനമുണ്ടാവുമെന്നും കേരളം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മദർഷിപ്പുകളിൽ വിഴിഞ്ഞത്തെത്തുന്ന കണ്ടെയ്നറുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കാനുള്ള വേഗത്തിലുള്ളതുമായ ചെലവുകുറഞ്ഞതുമായ മാർഗ്ഗമാണിത്. രാജ്യമാകെ വ്യവസായ വളർച്ചയ്ക്കും സംരംഭങ്ങൾ ആരംഭിക്കാനും ഗുണകരവുമാണ്. ഇന്ത്യൻ ഉത്പ്പന്നങ്ങൾ ലോകമാകെ കയറ്റുമതി നടത്താനുമാവും. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് തുറമുഖ റെയിലിന്റെ പൂർണ ചെലവ് വഹിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചത്. മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ട് ഇക്കാര്യം ആവശ്യപ്പെടും.

വിഴിഞ്ഞം തുറമുഖത്തെ ബാലരാമപുരം സ്റ്റേഷനിലെ പ്രധാന റെയിൽവേലൈനിലേക്ക് ബന്ധിപ്പിക്കുന്നതാണ് പാത.

നിർമ്മാണം വിസിലിന്,

നിയന്ത്രണം റെയിൽവേയ്ക്ക്

പാതയുടെ നിർമ്മാണവും പരിപാലനവും വിഴിഞ്ഞം തുറമുഖ കമ്പനിയായ വിസിലിന്റെ ചുമതലയാണ്. മേൽനോട്ടവും ട്രെയിൻ സർവീസുകളുടെ പ്രവർത്തനവും നിയന്ത്രണവും റെയിൽവേയ്ക്കായിരിക്കും.

ദക്ഷിണറെയിൽവേയുമായി വിസിലൊപ്പിട്ട കരാർപ്രകാരമാണ് നിർമ്മാണം. കൊങ്കൺ റെയിൽ കോർപറേഷനാണ് നിർമ്മാണചുമതല. ടെൻഡർ വിളിച്ചിരിക്കുകയാണ്. ഇക്കൊല്ലം തന്നെ നിർമ്മാണകരാർ നൽകും.

#1482.92കോടിയുടെ പദ്ധതിരേഖയ്ക്ക് സംസ്ഥാന സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്. ചെലവ് 1600 കോടിയാകുമെന്ന് റെയിൽവേയും കണക്കുകൂട്ടുന്നു. കേരളത്തിൽ ഭൂമി വില കൂടുതലായതിനാൽ റെയിൽവേ വികസനത്തിനുള്ള ചെലവും ചേർത്ത് 1800 കോടി വേണ്ടിവന്നേക്കും.

#198 കോടി ചെലവിട്ട് 5.52 ഹെക്ടർ ഭൂമിയേറ്റെടുക്കണം.

ബാലരാമപുരം സ്റ്റേഷൻ മാറ്റിസ്ഥാപിക്കണം. കണ്ടെയ്നർ യാർഡ് നിർമ്മിക്കണം. ചരിവിലുള്ള സ്റ്റേഷനും ലൈനുകളും നിരപ്പിലേക്ക് മാറ്റണം. രണ്ട് സമാന്തരട്രാക്കുകളും നിർമ്മിക്കണം. ഇതിന് 243 കോടി റെയിൽവേയ്ക് നൽകണം.

പി.എം.ഗതിശക്തി

കാർഗോനീക്കം സുഗമമാക്കാൻ പി.എം.-ഗതിശക്തിയിൽ ലോജിസ്റ്റിക്സ് വിഭാഗമുണ്ട്. ചെലവ് കുറഞ്ഞതും വേഗത്തിലുള്ളതുമായ ചരക്കുനീക്കത്തിനും ലോജിസ്റ്റിക്സ് മേഖലയുടെ സംയോജിത വികസനത്തിനും കർമ്മപദ്ധതി

യുമുണ്ട്. ഇതു പ്രകാരമാണ് വിഴിഞ്ഞത്തിന് അർഹത. തുറമുഖങ്ങളിൽ നിന്നുള്ള ചരക്ക് നീക്കത്തിന്റെ വേഗതയും എളുപ്പവും വർദ്ധിപ്പിക്കാനുമുള്ള പദ്ധതികൾക്ക് പണവും നൽകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA