
തിരുവനന്തപുരം: ആസൂത്രണ ബോർഡിലേക്കുള്ള വിവാദമായ പരീക്ഷാ, നിയമന തട്ടിപ്പിൽ പി.എസ്.സിയിലെ ഉദ്യോഗസ്ഥർക്കെതിരെ ക്രൈം ബ്രാഞ്ച് ജാമ്യമില്ലാ കേസെടുത്തു. ബി.എൻ.എസ് 316(5)-വിശ്വാസവഞ്ചന, അഴിമതി നിരോധന നിയമത്തിലെ 7, 13(1)(എ) വകുപ്പുകൾ എന്നിവയാണ് ചുമത്തിയിട്ടുള്ളത്. ക്രൈംബ്രാഞ്ച് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ ആരുടെയും പേരില്ല! പി.എസ്.സിയിലെ ഉദ്യോഗസ്ഥരാണ് പ്രതികളെന്നാണുള്ളത്. തട്ടിപ്പ് നടത്തിയതായി പ്രാഥമികാന്വേഷണത്തിൽ വ്യക്തമായിരുന്നു.
ആലപ്പുഴ മുഹമ്മ സ്വദേശി വി.എസ്. ജയലാലിന്റെ പരാതിയിലാണ് കേസ്. കാറ്റഗറി നമ്പർ 249-2022 പ്രകാരമുള്ള സ്റ്റേറ്റ് പ്ലാനിംഗ് ബോർഡിലെ ചീഫ് (ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ) തസ്തികയിലേക്ക് 2023 ജൂലായ് 13ന് നടത്തിയ പരീക്ഷയിലാണ് ക്രമക്കേടുകൾ. 58 മാർക്കിന്റെ ഉത്തരങ്ങൾ മൂല്യനിർണയം നടത്തിയിരുന്നില്ല. ഉത്തരക്കടലാസിന്റെ പകർപ്പിന് 2025 ജൂൺ11ന് അപേക്ഷിച്ചിട്ടും മനഃപൂർവം കാലതാമസം വരുത്തി. ജയലാലിന് ലഭിക്കേണ്ട മാർക്ക് നിഷേധിച്ചതിലൂടെ മെച്ചപ്പെട്ട റാങ്കും നിയമന അവസരവും നഷ്ടമാക്കി. മറ്റൊരാൾക്ക് അനധികൃത നിയമനം നൽകി അന്യായ ലാഭമുണ്ടാക്കി. പി.എസ്.സിയുടെ വിശ്വാസ്യതയ്ക്ക് കോട്ടമുണ്ടാക്കിയെന്നും എഫ്.ഐ.ആറിൽ പറയുന്നു. ഐ.ജി അജീതാബീഗം, എസ്.പി സക്കറിയ മാത്യു, ഡിവൈ.എസ്.പി അജയനാഥ് എന്നിവരുടെ നേതൃത്വത്തിൽ എസ്.ഐ.ടിയാണ് അന്വേഷണം നടത്തുന്നത്.
ജൂലായ് 13ന് ജയലാൽ എസ്.ഐ.ടിക്ക് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ക്രമക്കേടുകൾ നടന്നതായി പ്രാഥമികാന്വേഷണത്തിൽ തെളിഞ്ഞു. നിയമോപദേശവും ക്രൈംബ്രാഞ്ച് മേധാവിയുടെ അനുമതിയും നേടിയശേഷമാണ് കേസെടുത്തത്. എഫ്.ഐ.ആറും പ്രാഥമികാന്വേഷണ റിപ്പോർട്ടും കോടതിയിൽ സമർപ്പിച്ചു.
ചെയർമാനെ ചോദ്യം ചെയ്യും
നിലവിൽ പരീക്ഷ വിഭാഗത്തിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് കേസ്. ഒരാളുടെ പങ്ക് വ്യക്തമായിട്ടുണ്ട്. നിയമനങ്ങളുടെ മേൽനോട്ടച്ചുമതലയുള്ളതിനാൽ ചെയർമാനെ ചോദ്യം ചെയ്യാനാണ് എസ്.ഐ.ടി തീരുമാനിച്ചിട്ടുള്ളത്. ക്രമക്കേടുകൾ ചെയർമാന്റെ അറിവോടെയെന്നാണ് സംശയം. അണ്ടർ സെക്രട്ടറി തലത്തിലെ ഉദ്യോഗസ്ഥനെതിരേ തെളിവുണ്ടെന്നാണ് സൂചന.
ജീവപര്യന്തം വകുപ്പ്
വിശ്വാസവഞ്ചനയ്ക്കുള്ള ബി.എൻ.എസ് 316(5) വകുപ്പനുസരിച്ച് ഉദ്യോഗസ്ഥർക്ക് ജീവപര്യന്തം തടവുശിക്ഷവരെയോ 10വർഷം തടവും പിഴയുമോ കിട്ടാം. വാറണ്ടില്ലാതെ പ്രതിയെ അറസ്റ്റ് ചെയ്യാം. ജാമ്യമില്ലാ വകുപ്പായതിനാൽ സ്റ്റേഷൻ ജാമ്യം ലഭിക്കില്ല. ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണ് ഇത്തരം കേസുകളുടെ വിചാരണ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |