
തിരുവനന്തപുരം:നിയമനങ്ങളിലും പരീക്ഷകളിലും യോഗ്യതകളിലുമടക്കം ഗുരുതര ക്രമക്കേടുകൾ നടത്തിയ പി.എസ്.സിക്കെതിരേ നടപടി ആവശ്യപ്പെട്ട് ഗവർണർ, രാഷ്ട്രപതിയെ സമീപിച്ചേക്കും. നിയമനത്തട്ടിപ്പുകളിലെ അന്വേഷണ പുരോഗതി റിപ്പോർട്ട് ക്രൈം ബ്രാഞ്ചിനോട് ഗവർണർ ആവശ്യപ്പെടും.
വെള്ളിയാഴ്ച പി.എസ്.സി സെക്രട്ടറി സാജു ജോർജ് ഗവർണറെ കണ്ടതിന് പിന്നാലെ,
ഇന്നലെ സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറും ഗവർണറെ കണ്ടു. അന്വേഷണ പുരോഗതി ഗവർണർ ആരാഞ്ഞു. ഭരണഘടനാ സ്ഥാപനമായ പി.എസ്.സിയെ ഗവർണർക്കോ സർക്കാരിനോ പിരിച്ചു വിടാനോ, അംഗങ്ങളെയോ ചെയർമാനെയോ പുറത്താക്കാനോ കഴിയില്ല. അതിനുള്ള അധികാരം രാഷ്ട്രപതിക്കാണ്. പദവി ദുരുപയോഗം, ക്രമക്കേട്, അഴിമതി തുടങ്ങിയ ആരോപണങ്ങൾ ഉയർന്നാൽ, രാഷ്ട്രപതി വിഷയം സുപ്രീം കോടതിയുടെ അന്വേഷണത്തിന് വിടും. സുപ്രീം കോടതി നടത്തുന്ന അന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശുപാർശ നൽകിയാൽ രാഷ്ട്രപതിക്ക് പുറത്താക്കാം. അന്വേഷണ കാലയളവിൽ അംഗങ്ങളെയോ ചെയർമാനെയോ സസ്പെൻഡ് ചെയ്യാൻ ഗവർണർക്ക് അധികാരമുണ്ട്.
പരീക്ഷാ, നിയമന തട്ടിപ്പിൽ പി.എസ്.സി ഉദ്യോഗസ്ഥർക്കെതിരെ ക്രൈംബ്രാഞ്ച് ജാമ്യമില്ലാ
വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. യോഗ്യതയില്ലാത്തവർക്ക് അനധികൃത നിയമനം ലഭിക്കാൻ ഔദ്യോഗിക അധികാരം ദുരുപയോഗപ്പെടുത്തി, പൊതുജനസേവകരെന്ന നിലയിലുള്ള ചുമതലകൾ ലംഘിച്ച് വിശ്വാസ വഞ്ചന നടത്തി, അനർഹമായ നേട്ടമുണ്ടാക്കാൻ നിയമവിരുദ്ധമായി പ്രവർത്തിച്ചു എന്നീ കുറ്റങ്ങൾ കണ്ടെത്തി. ജീവപര്യന്തം തടവു ശിക്ഷയോ, 10 വർഷം തടവും പിഴയുമോ കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. 3 ഉദ്യോഗസ്ഥർക്ക് പുറമെ അഭിമുഖം നടത്തിയ ചെയർമാനും രണ്ടംഗങ്ങളും കുറ്റക്കാരായേക്കും. നിയമനങ്ങളുടെ മേൽനോട്ട ചുമതലയുള്ളതിനാൽ ചെയർമാനെ ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ച് തീരുമാനം.
ചെയർമാന്റെയോ അംഗങ്ങളുടെയോ ക്രമക്കേടിന് തെളിവുകൾ കിട്ടിയാലോ, അറസ്റ്റടക്കം നടപടികളിലേക്ക് ക്രൈംബ്രാഞ്ച് നീങ്ങിയാലോ ഗവർണർക്ക് കമ്മിഷനെ സസ്പെൻഡ് ചെയ്യാം. ചെയർമാനോ അഭിമുഖം നടത്തിയ അംഗങ്ങൾക്കോ മാത്രമല്ല, കമ്മിഷനാകെ കൂട്ടുത്തരവാദിത്വമുണ്ടെന്നാണ് ഗവർണറുടെ നിലപാട്.
ചെയർമാന്
പൊലീസ് സുരക്ഷ
പി.എസ്.സി ചെയർമാൻ ഡോ.എം.ആർ.ബൈജുവിന് പൊലീസ് സംരക്ഷണമേർപ്പെടുത്തി. പ്രതിഷേധവും അക്രമവുമുണ്ടായേക്കാമെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ
തുടർന്നാണിത്. ചെയർമാന്റെ യാത്രകളിൽ പൈലറ്റും എസ്കോർട്ടുമുണ്ട്. ഓഫീസിലും പൊലീസ് കാവലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |