SignIn
Kerala Kaumudi Online
Thursday, 30 July 2026 4.34 AM IST

രമേശൻ പാലേരിക്ക് നാടിന്റെ യാത്രാമൊഴി

1

വടകര: സഹകരണ- നിർമ്മാണ മേഖലയിൽ ഊരാളുങ്കൽ ഗാഥ ലോക നെറുകയിലെത്തിച്ച രമേശൻ പാലേരിക്ക് ജന്മനാടിന്റെ യാത്രമൊഴി. നാദാപുരം റോഡിലെ വീട്ടുവളപ്പിൽ ഒരുക്കിയ ചിതയ്ക്ക് മക്കളായ രമിൻ രമേശും അശ്വിൻ രമേശും ചേർന്ന് തീകൊളുത്തി. രാവിലെ 11നാണ് സംസ്കാരം നിശ്ചയിച്ചിരുന്നതെങ്കിലും അണമുറിയാത്ത ജനപ്രവാഹത്തിന് മുന്നിൽ പിന്നെയും ഒരു മണിക്കൂർ നീണ്ടു. വാഗ്ഭടാനന്ദന്റെ ശ്ലോകങ്ങൾ ഉരുവിട്ടായിരുന്നു സംസ്കാരച്ചടങ്ങുകൾ. ചൊവ്വാഴ്ച രാവിലെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി (യു.എൽ.സി.സി.എസ്) ചെയർമാൻ രമേശൻ പാലേരി (66)യുടെ അന്ത്യം.

അർബുദ ബാധിതനായിരുന്നു. റോഡ് മാർഗം കോയമ്പത്തൂരിൽ നിന്ന് കോഴിക്കോട്ടെത്തിച്ച മൃതദേഹം യു.എൽ.സി.സി സൈബർപാർക്കിലും കോഴിക്കോട് ടൗൺഹാളിലും പൊതു ദർശനത്തിന് വെച്ചശേഷം രാത്രി ഒമ്പതോടെ വടകര ടൗൺഹാളിലെത്തിച്ചു. തുടർന്ന് ജന്മനാടായ നാദാപുരം റോഡിലെ ഹയർസെക്കൻഡറി സ്‌കൂളിലും സൊസൈറ്റിയുടെ ആസ്ഥാനത്തും എത്തിച്ച മൃതദേഹം പിന്നീട് വീട്ടിലേക്ക് കൊണ്ടുപോയി. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, സി.പി.എം നേതാക്കളായ ടി.എം. തോമസ് ഐസക്, ടി.പി.രാമകൃഷ്ണൻ, മുസ്ലിംലീഗ് നേതാവ് മുനവറലി ശിഹാബ്തങ്ങൾ, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ആർ.ജെ.ഡി നേതാവ് മനയത്ത് ചന്ദ്രൻ, കോൺഗ്രസ് (എസ്) നേതാവ് കടന്നപ്പള്ളി രാമചന്ദ്രൻ, മുൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, എഴുത്തുകാരൻ എം.മുകുന്ദൻ, എം.എൽ.എമാരായ പാറക്കൽ അബ്ദുള്ള, കെ.കെ.രമ തുടങ്ങിയവർ ഇന്നലെ സംസ്‌കാരസമയത്ത് പാലേരി വീട്ടിലുണ്ടായിരുന്നു.

1995 മുതൽ യു.എൽ.സി.സി.എസ് ചെയർമാനാണ്. സഹകരണ മേഖലയിലെ ആദ്യ ഐ.ടി പാർക്കായ കോഴിക്കോട്ടെ യു.എൽ.സി.സി.എസ് ഐ.ടി ഇൻഫ്രാസ്ട്രക്ചർ, ഇരിങ്ങൽ സർഗാലയ, കോവളത്തെ ക്രാഫ്റ്റ് വില്ലേജ്, ചവറയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ തുടങ്ങിയ സംരംഭങ്ങൾ രമേശന്റെ നേതൃത്വത്തിലാണ് തുടക്കമിട്ടത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAMESHAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA