
തിരുവനന്തപുരം: കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘ഓണസമൃദ്ധി 2026’ന്റെ ഭാഗമായി 2,000 കർഷക ചന്തകൾക്ക് തുടക്കമായി. കുടപ്പനക്കുന്ന് കൃഷിഭവൻ അങ്കണത്തിലെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ടി. സിദ്ദിഖ് നിർവഹിച്ചു. കർഷകരെ ചേർത്തുനിറുത്തിയുള്ള വിപണി ഇടപെടലിനാണ് സർക്കാർ മുൻഗണന നൽകുന്നത്. കഴിഞ്ഞസർക്കാരിന്റെ കാലത്ത് ഹോർട്ടികോർപ്പ് കർഷകരിൽ നിന്ന് നടത്തിയ പച്ചക്കറി സംഭരണവുമായി ബന്ധപ്പെട്ട് 2.73 കോടിയിലധികം രൂപ കുടിശികയുണ്ട്. ഇത് പൂർണമായി നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കിണവൂർ വാർഡ് കൗൺസിലർ ബി.സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. സംയോജിത ഡിജിറ്റൽ മാർക്കറ്റിംഗ് സംവിധാനത്തിന്റെ പ്രവർത്തനോദ്ഘാടനം കൃഷിവകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി.വി. സുഭാഷ് നിർവഹിച്ചു. കുടപ്പനക്കുന്ന് വാർഡ് കൗൺസിലർ അനിത എസ്, അമ്പലമുക്ക് വാർഡ് കൗൺസിലർ ജയന്തി ആർ.സി, കൃഷി അഡീഷണൽ ഡയറക്ടർമാരായ സിന്ധു എസ്, സപ്ന എസ്, പ്രിൻസിപ്പൽ കൃഷി ഓഫീസർ ദീപ വി, ആത്മ പ്രോജക്ട് ഡയറക്ടർ ഷക്കീല.പി തുടങ്ങിയവർ പങ്കെടുത്തു.
2,000 കർഷക ചന്തകൾക്ക് തുടക്കം
സംസ്ഥാനത്തെ 2,000 കർഷക ചന്തകളിൽ 1,074 എണ്ണം കൃഷിവകുപ്പും, 766 എണ്ണം ഹോർട്ടികോർപ്പും, 160 എണ്ണം വി.എഫ്.പി.സി.കെയും സംഘടിപ്പിക്കും.
കർഷകരിൽ നിന്ന് സംഭരിക്കുന്ന പച്ചക്കറികൾക്ക് പൊതുവിപണി വിലയേക്കാൾ 10 ശതമാനം അധികവില നൽകുകയും ഉപഭോക്താക്കൾക്ക് പൊതുവിപണിയിലെ ചില്ലറവിലയേക്കാൾ 30 ശതമാനം വരെ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുകയും ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |