SignIn
Kerala Kaumudi Online
Sunday, 23 August 2026 3.59 AM IST

പഠനം മുടങ്ങിയ സ്ത്രീകൾക്ക് സ്പോൺസർഷിപ്പിൽ ബിരുദം # നടപ്പാക്കാൻ സർക്കാർ നീക്കം  #ശ്രീനാരായണഗുരു ഓപ്പൺ  യൂണിവേഴ്സിറ്റിയിൽ പഠനം

1

കൊല്ലം: പഠനം മുടങ്ങിപ്പോയ വീട്ടമ്മമാർ അടക്കമുള്ള വനിതകളെ കണ്ടെത്തി സ്പോൺസർഷിപ്പിലൂടെ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ബിരുദത്തിന് ചേർക്കാൻ സംസ്ഥാന സർക്കാരിന്റെ ആലോചന. മലപ്പുറം ജെംസ് കോളേജുമായി ചേർന്ന് ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി നടത്തുന്ന 'ഞങ്ങളും കോളേജിലേക്ക്' പദ്ധതിയാണ് മാതൃക. അതിന് നേതൃത്വം കൊടുത്തത് മഞ്ഞളാംകുഴി അലി എം.എൽ.എയാണ്. പല കാരണങ്ങളാൽ നടക്കാതെ പോയ സ്ത്രീകളുടെ ബിരുദമെന്ന സ്വപ്നം സഫലമാക്കുകയാണ് ലക്ഷ്യം. എല്ലാ നിയമസഭ മണ്ഡലങ്ങളിലും എം.എൽ.എമാർക്ക് ഏകോപന ചുമതല നൽകിയേക്കും. സാക്ഷരത മിഷൻ, കുടുംബശ്രീ തുടങ്ങിയ ഏജൻസികളിലൂടെ പഠിതാക്കളെ കണ്ടെത്തും. ഓരോ വർഷവും ബിരുദത്തിന് ചേരാൻ താൽപ്പര്യം പ്രകടപ്പിക്കുന്നവർക്ക് കോഴ്സ് പൂർത്തിയാക്കാനുള്ള പണം സി.എസ്.ആർ ഫണ്ട്, സർക്കാർ വകുപ്പുകളിൽ നിന്നുള്ള സഹായം തുടങ്ങിയവയിൽ നിന്ന് ഓപ്പൺ യൂണിവേഴ്സിറ്റിക്ക് നൽകും. എല്ലാ നിയമസഭ മണ്ഡലങ്ങളിലും ഒരു കോളേജ് പഠന കേന്ദ്രമാക്കും. ജോലിയുള്ള സ്ത്രീകൾക്ക് ബിരുദം ലഭിക്കുന്നതോടെ സ്ഥാനക്കയറ്റം അടക്കം ലഭിക്കും.

ഞങ്ങളും കോളേജിലേക്ക്

പഠനം പാതിവഴിയിൽ മുടങ്ങിപ്പോയ സ്ത്രീകൾക്കായി മഞ്ഞളാംകുഴി അലി എം.എൽ.എയുടെ നേതൃത്വത്തിൽ മലപ്പുറം ജെംസ് കോളേജിൽ ആരംഭിച്ച പദ്ധതിയാണ് ഞങ്ങളും കോളേജിലേക്ക്. നിലവിൽ 200 സ്ത്രീകൾ ജെംസ് കോളേജിലെ ഓപ്പൺ യൂണിവേഴ്സിറ്റി പഠന കേന്ദ്രത്തിൽ ബിരുദത്തിന് പഠിക്കുന്നു. വിവാഹം, പ്രസവം എന്നിവ കാരണം പഠനം നിറുത്തിയവരാണ് വീണ്ടും പഠനത്തിനെത്തിത്. കൂടുതൽ പേരും 45 വയസിൽ താഴെയുള്ളവരാണ്. 60 വയസ് പിന്നിട്ടവരുമുണ്ട്.

ഞങ്ങളും കോളേജിലേക്ക് പദ്ധതി സംസ്ഥാന സർക്കാ‌ർ മുൻകൈയെടുത്ത് സംസ്ഥാനമാകെ വ്യാപിപ്പിക്കുന്നത് ഓപ്പൺ യൂണിവേഴ്സിറ്റിക്ക് വലിയ അഭിമാനമാണ്. സർക്കാരിന്റെ ഉദ്യമത്തിന് എല്ലാ പിന്തുണയും നൽകും.

പ്രൊഫ. വി.പി.ജഗതിരാജ്, വൈസ് ചാൻസലർ,

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SNGURU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA