SignIn
Kerala Kaumudi Online
Thursday, 30 July 2026 4.34 AM IST

കുട്ടികൾ കുത്തനെ കുറയുന്നു; അദ്ധ്യാപകർക്ക് ജോലി പോകും

aa

തിരുവനന്തപുരം: സംസ്ഥാനത്ത് വരും വർഷങ്ങളിൽ വിദ്യാർത്ഥികളുടെ കുറവിനെ തുടർന്ന് തൊഴിൽ നഷ്ടപ്പെടുന്ന സർക്കാർ, എയ്ഡഡ് സ്‌കൂൾ അദ്ധ്യാപകരുടെ എണ്ണം കൂടും. ജനനനിരക്കിലുണ്ടായ കുറവ് ഏറ്റവും കൂടുതൽ ബാധിച്ചുതുടങ്ങുക അടുത്തവർഷം മുതലായിരിക്കുമെന്നും വിദ്യാഭ്യാസവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

2014-15ൽ 37,72,721 വിദ്യർത്ഥികളായിരുന്നു 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിച്ചിരുന്നത്. 2023-24ൽ ഇത് 36,43,642 ആയി. 2024-25ൽ 35,77,837 വിദ്യാർത്ഥികളായി പിന്നെയും കുറഞ്ഞു. ഈ അദ്ധ്യയനവർഷം ആകെ 34,11,198 വിദ്യാർത്ഥികളാണ് സർക്കാർ,എയ്ഡഡ്,അൺ എയ്ഡഡ് മേഖലയിലായുള്ളത്. ഇതനുസരിച്ച് 2027-28 അദ്ധ്യയന വർഷം മുതൽ തൊഴിൽ നഷ്ടപ്പെടുന്ന അദ്ധ്യാപകരുടെ എണ്ണത്തിൽ വൻ വർദ്ധനയുണ്ടാകും. ഈ വർഷം സർക്കാർ, എയ്ഡഡ് മേഖലയിൽ പത്താം ക്ലാസിലുള്ളത് 3,93,063 വിദ്യാർത്ഥികൾ മാത്രമാണ്. 2027-28 വർഷമിത് 3,87,231 ആയി കുറയും. 2028-29 അദ്ധ്യയന വർഷം പത്താം ക്ലാസിലേക്ക് എത്തുന്ന വിദ്യാർത്ഥികളുടെ എണ്ണം 3,61,142 ആയി ചുരുങ്ങും. 2029-30 വർഷം 3,37,020 ആയി കുറയും. തുടർന്നുള്ള വർഷങ്ങളിൽ ഈ വ്യത്യാസം വർദ്ധിക്കും.

ഒന്നാം ക്ലാസിൽ 2,06,706 മാത്രം

നിലവിൽ 3,93,063 വിദ്യാർത്ഥികൾ സർക്കാർ, എയ്ഡഡ് മേഖലയിൽ പത്താം ക്ലാസിൽ പഠിക്കുമ്പോൾ പുതുതായി ഒന്നാം ക്ലാസിൽ എത്തിച്ചേർന്നത് 2,06,706 വിദ്യാർത്ഥികളാണ്. കഴിഞ്ഞ വർഷമിത് 2,37,933 ആയിരുന്നു. ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 31,227 വിദ്യാർത്ഥികളുടെ കുറവാണുണ്ടായത്. പ്രൈമറി സ്‌കൂൾ അദ്ധ്യാപകരെ ഇത് അടുത്ത വർഷം മുതൽ ബാധിച്ചുതുടങ്ങും.

ഒഴിവുകൾ കുറയും

നിലവിലുള്ള അദ്ധ്യാപകരെ സമഗ്രശിക്ഷാ കേരള വഴി ബി.ആർ.സികളിലേക്ക് പുനർവിന്യസിച്ചാലും നിരവധി പേർ പുറത്തുപോകേണ്ടിവരും. വിരമിക്കുന്നതിനനുസരിച്ച് ഒഴിവുകളുണ്ടാകില്ല. ഇത് പി.എസ്.സി നിയമനം കാത്തിരിക്കുന്നവരെയും ബാധിക്കും. അൺഎയ്ഡഡ് മേഖലയിൽ പ്രൈമറി ക്ലാസിൽ വിദ്യാർത്ഥികളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായിട്ടില്ല.


1 മുതൽ 10 വരെ ക്ലാസുകളിൽ ഇപ്പോൾ പഠിക്കുന്നവരുടെ എണ്ണം (അൺ എയ്ഡഡ് ഉൾപ്പെടെ)

1-ാം ക്ലാസ് -250858

2-ാം ക്ലാസ്-286498

3ാം ക്ലാസ്-304181

4-ാം ക്ലാസ് -299927

5-ാം ക്ലാസ്-307799

6-ാം ക്ലാസ്-357503

7-ാം ക്ലാസ്-366357

8-ാം ക്ലാസ്-394148

9-ാം ക്ലാസ്-420032

10-ാം ക്ലാസ്-423895

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TEACHERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA