
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് വേണ്ടത് പഠിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിയെ പോലുള്ള സ്പോൺസർ അവതാരങ്ങളെ അമ്പലങ്ങളിൽ ഇനി കയറൂരി വിടില്ല. ശബരിമല ഉൾപ്പെടെ ക്ഷേത്രങ്ങളിൽ സ്‌പോൺസർഷിപ്പിന് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി.
സ്‌പോൺസറെ നിശ്ചയിച്ച് കത്തോ ഉത്തരവോ നൽകില്ല. വഴിപാടും നേർച്ചയും വാഗ്ദാനം ചെയ്തു വരുന്നവർക്ക് ക്ഷേത്രത്തിൽ പ്രത്യേക പരിഗണന നൽകിവരുന്നതും നിറുത്തി. ശബരിമല സീസൺ ആരംഭിക്കാനിരിക്കെ, സ്പോൺസർഷിപ്പിന്റെ പേരിൽ പണപ്പിരിവും ക്രമക്കേടും ആവർത്തിക്കാൻ ഇടയുണ്ടെന്ന് ദേവസ്വം വിജിലൻസ് മുന്നറിയിപ്പ് നൽകിയതിനെ തുടർന്നാണ് നിയന്ത്രണം.
പ്രശസ്തമായ സ്ഥാപനങ്ങളിൽ നിന്നും സത്യസന്ധരായ വ്യക്തികളിൽ നിന്നും മാത്രം സ്‌പോൺസർഷിപ്പ് സ്വീകരിക്കും. വഴിപാടായി പൂജകളും നിർമ്മാണങ്ങളും നടത്തുന്നതിന് മുമ്പ് ബോർഡിന്റെ കർശന പരിശോധനയുണ്ടാകും. ദേവസ്വം വിജിലൻസിനാവും ചുമതല. സ്പോൺസറുടെ സാമ്പത്തിക, സാമൂഹിക പശ്ചാത്തലം, ആസ്തി എന്നിവ പരിശോധിക്കും. ദുരുദ്ദേശ്യമില്ലെന്ന് ബോദ്ധ്യപ്പെട്ടാൽ മാത്രം സ്വീകരിക്കും.
വഴിപാടും നേർച്ചയും നടത്താൻ ഇടനിലക്കാരെ ചുമതലപ്പെടുത്തില്ല. സ്‌പോൺസർഷിപ്പിന്റെ മറവിൽ നടക്കുന്ന ലക്ഷങ്ങളുടെ പണപ്പിരിവും ബോർഡിലുണ്ടാക്കുന്ന അവിഹിത സ്വാധീനവും ഇതോടെ ഒഴിവാകും.
സിംഗപ്പൂർ വീരന്റെ
പൊടിപോലുമില്ല
കള്ള സ്പോൺസർമാർ ഏറ്റവുമധികം തട്ടിപ്പ് നടത്തിയത് ശബരിമലയിലാണ്. പതിനായിരക്കണക്കിന് രൂപ കൈപ്പറ്റിയാണ് ഇവർ പലർക്കും പ്രത്യേക ദർശന സൗകര്യം തരപ്പെടുത്തിയുന്നത്. സിംഗപ്പൂരിൽ നിന്ന് അടുത്തിടെ സ്‌പോൺസറെത്തി. പുതിയ വാഹനങ്ങൾ സ്പോൺസർ ചെയ്യാം. പ്രത്യുപകാരമായി 50 പേർക്കുള്ള വി.വി.ഐ.പി ദർശന, താമസ സൗകര്യമൊരുക്കണം. വലിയ ബിസിനസുകാരനാണ്. തന്റെ പ്രോജക്ടുകൾ ഉദ്ഘാടനം ചെയ്തത് സിംഗപ്പൂർ പ്രസിഡന്റ് തർമൻ ഷൺമുഖരത്നമാണ് എന്നൊക്കെ തട്ടിവിട്ടു. പ്രത്യേക പരിഗണനയൊന്നും നടക്കില്ലെന്ന് വ്യക്തമാക്കിയതോടെ ഇയാൾ മുങ്ങി.
ബോർഡിന്റെ കത്ത് വാങ്ങി സ്‌പോൺസറെ സംഘടിപ്പിച്ചുവരുന്ന പരിപാടി ഇനി നടക്കില്ല. ചില ബാങ്കുകൾ ഉൾപ്പെടെ സ്‌പോൺസർ ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ട്. സ്ഥാപനങ്ങളുടെ സ്‌പോൺസർഷിപ്പ് പ്രോത്സാഹിപ്പിക്കും.
കെ.ജയകുമാർ, തിരുവിതാംകൂർ
ദേവസ്വം ബോർഡ് പ്രസിഡന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |