
ആലപ്പുഴ: പുന്നമടക്കായലിൽ ആവേശം അലതല്ലിയ 72-ാമത് നെഹ്റുട്രോഫി ജലോത്സവത്തിൽ അരോമ ചുണ്ടൻ വിജയിയായി. കന്നിഅങ്കത്തിൽ മൈക്രോ സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് സിനിമതാരം രഞ്ജിത്ത് സജീവ് കൊച്ചുമ്മൻ ക്യാപ്റ്റനായ കൊല്ലം പറവൂർ അരോമ ബോട്ട് ക്ലബ്ബ് തുഴഞ്ഞ അരോമ ചുണ്ടന്റെ വിജയം. 04.23.328 മിനിട്ടിൽ അരോമ ഫിനിഷ് ചെയ്തപ്പോൾ പുന്നമട ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടൻ 04:23.448 മിനിട്ട് സമയത്തിൽ രണ്ടാമതെത്തി. കൈനകരി യു.ബി.സി ഫാൻസ് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടൻ (04:23.778 ), പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മേൽപ്പാടം ചുണ്ടൻ (04.24.015 മിനിറ്റ്) എന്നിവ മൂന്നുംനാലും സ്ഥാനങ്ങൾ നേടി.
ഈ വർഷം നടന്ന ചമ്പക്കുളം മൂലം വള്ളംകളിയിലും അരോമ ചുണ്ടനായിരുന്നു ഒന്നാം സ്ഥാനം. മുഖ്യമന്ത്രി വി.ഡി.സതീശൻ ജലോത്സവം ഉദ്ഘാടനം ചെയ്തു. നെഹ്റുട്രോഫി രാജ്യത്തിന്റെ ചരിത്രത്തിൽ അടയാളപ്പെടുത്തിയ വള്ളംകളിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി എം.ലിജു അദ്ധ്യക്ഷനായി. മന്ത്രി രമേശ് ചെന്നിത്തല മാസ് ഡ്രിൽ ഫ്ലാഗ് ഓഫ് ചെയ്തു. കർണാടക മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ മുഖ്യാതിഥിയായി. അദ്ദേഹം മലയാളത്തിൽ കേരളീയർക്ക് ഓണാശംസകൾ നേർന്നു. മന്ത്രി പി.സി.വിഷ്ണുനാഥ് പതാക ഉയർത്തി. കെ.സി.വേണുഗോപാൽ എം.പി മുഖ്യപ്രഭാഷണം നടത്തി.വള്ളംകളി സ്മരണിക പ്രകാശനം കൊടിക്കുന്നിൽ സുരേഷ് എം.പി നിർവഹിച്ചു. എം.എൽ.എമാരായ എ.ഡി.തോമസ്, റെജി ചെറിയാൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.മഹേന്ദ്രൻ, നഗരസഭാദ്ധ്യക്ഷ മോളി ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു. കളക്ടർ ഷാജി വി.നായർ സ്വാഗതം പറഞ്ഞു. ലൂസേഴ്സ് ഫൈനലിൽ നിരണം ചുണ്ടൻ, സെക്കൻഡ് ലൂസേഴ്സ് ഫൈനലിൽ തലവടി ചുണ്ടൻ, തേർഡ് ലൂസേഴ്സ് ഫൈനലിൽ ആയാപറമ്പ് വലിയദിവാൻജി എന്നീ വള്ളങ്ങൾ ഒന്നാം സ്ഥാനത്തെത്തി..
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |