
തിരുവനന്തപുരം: നിയമ സർവകലാശാലയും വിദ്യാഭ്യാസ ഡയറക്ടറേറ്റും ആരംഭിക്കുന്നതിനുള്ള ശുപാർശകൾ സർക്കാരിന്റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ ഗവ. ലാ കോളേജുകളിലെ 35 അസിസ്റ്റന്റ് പ്രൊഫസർമാർക്ക് നിയമന ഉത്തരവ് കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമ വിദ്യാഭ്യാസത്തിലെ കാലഹരണപ്പെട്ട പഠനരീതികൾ പരിഷ്‌കരിക്കണം. മുംബയിലേതുപോലെ കേരളത്തിലും അഡ്‌മിറാലിറ്റി കോർട്ടുകൾ വേണം. കേരളം തുറമുഖ നഗരമാവുന്നതിനൊപ്പം മാരിടൈം ലാ, ലോജിസ്റ്റിക്സ് എന്നിവയിലടക്കം ആധുനിക കോഴ്സുകൾ തുടങ്ങും.
വിദേശ സർവകലാശാലകൾ തുടങ്ങാനുള്ള നിയമഭേദഗതി ഉടനുണ്ടാവും. ലോകത്തെ മികച്ച സർവകലാശാലകളുടെ വകുപ്പുകൾ കേരളത്തിൽ സ്ഥാപിക്കും. വ്യവസായ മേഖലയുമായി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബന്ധം ശക്തമാക്കും. പുതുയുഗ യാത്രയ്ക്കിടെ കോഴിക്കോട് ലാ കോളേജിലെ വിദ്യാർത്ഥിനിയാണ് അദ്ധ്യാപകരില്ലാത്ത പ്രശ്നം ചൂണ്ടിക്കാട്ടിയത്. അധികാരത്തിലെത്തിയ ശേഷം ബന്ധപ്പെട്ട ഫയലുകൾ പരിശോധിച്ച് നടപടികൾ വേഗത്തിലാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉന്നതവിദ്യാഭ്യാസ രംഗത്ത് സമൂലമാറ്റം നടപ്പാക്കുമെന്നും വിദേശത്തേക്കും അന്യസംസ്ഥാനങ്ങളിലേക്കും വിദ്യാർത്ഥികൾ ഉപരിപഠനത്തിന് പോവുന്നതിനടക്കം പരിഹാരം കാണുമെന്നും ചടങ്ങിൽ അദ്ധ്യക്ഷനായ മന്ത്രി റോജി എം. ജോൺ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോക് സ്വാഗതവും ജോയിന്റ് സെക്രട്ടറി നിത .എം നന്ദിയും പറഞ്ഞു. മുൻ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ലാ കോളേജിൽ മുഖ്യമന്ത്രിയുടെ സഹപാഠിയായിരുന്ന സതീശ് തുടങ്ങിയവരടക്കമുള്ള രക്ഷിതാക്കളും ചടങ്ങിനെത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |