
കണ്ണൂർ: പയ്യന്നൂർ എം.എൽ.എ വി. കുഞ്ഞികൃഷ്ണനെ അനുകൂലിച്ചതിന്റെ പേരിൽ പാർട്ടി പുറത്താക്കിയ സി.പി.എം മുൻ നേതാവ് ടി. പുരുഷോത്തമന്റെ ചെമ്മീൻ ഫാമിലെ ഷെഡിന് അജ്ഞാതർ തീയിട്ടു. കണ്ടങ്കാളിയിൽ പ്രവർത്തിക്കുന്ന ഫാമിൽ ചെമ്മീൻ കൃഷിക്കു വേണ്ട സാമഗ്രികൾ സൂക്ഷിക്കുന്ന ഷെഡ് പൂർണമായും കത്തിനശിച്ചു. സംഭവത്തിനു പിന്നിൽ മുൻ എം.എൽ.എ ടി.ഐ. മധുസൂദനനും സി.പി.എം പ്രവർത്തകരുമാണെന്നാണ് സംശയിക്കുന്നത്. ലക്ഷക്കണക്കിന് രൂപയുടെ സാമഗ്രികൾ കത്തിനശിച്ചു.
ബുധനാഴ്ച വൈകിട്ട് ആറു മണിയോടെ പുരുഷോത്തമന്റെ സഹോദരപുത്രൻ ചെമ്മീനുകൾക്ക് തീറ്റ നൽകി മടങ്ങിയതാണ്.
ഇന്നലെ രാവിലെ വീണ്ടും തീറ്റ നൽകാനെത്തിയപ്പോഴാണ് ഷെഡ് കത്തിനശിച്ച നിലയിൽ കണ്ടത്. തലേദിവസം അർദ്ധരാത്രിക്കു ശേഷമാണ് ഒരു സംഘം ഷെഡിനകത്ത് തീയിട്ടതെന്നാണ് വിവരം. പുലർച്ചെയും തീ പൂർണമായി അണഞ്ഞിരുന്നില്ല. 10 ചാക്കോളം ചെമ്മീൻ തീറ്റ, വലകൾ, ചെമ്മീൻ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന 40 ട്രേകൾ, പൈപ്പുകൾ, കട്ടിൽ ഉൾപ്പെടെ ഫർണിച്ചറുകൾ എന്നിവയെല്ലാം കത്തിനശിച്ചു. വാതിലുകളും ജനലുകളും പൂർണമായി തകർന്ന നിലയിലാണ്. സ്‌ഫോടകവസ്തു ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് സംശയിക്കുന്നതായി പുരുഷോത്തമൻ പറഞ്ഞു. ചെമ്മീൻ കുഞ്ഞുങ്ങളെ നശിപ്പിക്കാനായി ഫാമിലെ വെള്ളത്തിൽ വിഷദ്രാവകം കലക്കിയിട്ടുണ്ടോ എന്ന സംശയവുമുണ്ട്.
രണ്ടു വർഷമായി ചെമ്മീൻ കൃഷി നടത്തുകയാണെന്നും തന്നെ ജീവിക്കാൻ അനുവദിക്കുന്നില്ലെന്നും പുരുഷോത്തമൻ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ടി.ഐ. മധുസൂദനൻ തനിക്കെതിരെ സംസാരിക്കുകയും വെറുതെ വിടില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായും പുരുഷോത്തമൻ പറഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പ് സമയത്തും പുരുഷോത്തമന്റെ വീടിനുനേരെ ആക്രമണം നടത്തിയിരുന്നു. അർദ്ധരാത്രി ജനൽ ചില്ലുകൾ തകർക്കുകയും കാറിന് തീയിടുകയുമായിരുന്നു. ഈ കേസിൽ അഞ്ച് സി.പി.എം പ്രവർത്തകരാണ് അറസ്റ്റിലായത്. ഭയപ്പെടുത്തി കീഴ്‌പ്പെടുത്താനുള്ള നീക്കമാണിതെന്ന് സംഭവസ്ഥലം സന്ദർശിച്ച വി. കുഞ്ഞികൃഷ്ണൻ എം.എൽ.എ പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |