SignIn
Kerala Kaumudi Online
Friday, 21 August 2026 9.26 AM IST

കാനഡ പൊലീസിൽ ഇനി മലയാളി തിളക്കം; ടോറന്റോ പൊലീസ് സർവീസിൽ ഉദ്യോഗസ്ഥനായി ക്രിസ്റ്റൻ ജോസ്

christan-jose
ക്രിസ്റ്റൻ ജോസ്

കോട്ടയം: കഠിനാധ്വാനവും നിശ്ചയദാർഢ്യവുമുണ്ടെങ്കിൽ ഏത് ലക്ഷ്യവും കീഴടക്കാമെന്ന് തെളിയിച്ച് കാനഡ പൊലീസിൽ ഒരു മലയാളി തിളക്കം. കോട്ടയം എരുമേലി സ്വദേശിയായ ക്രിസ്റ്റൻ ജോസ് കാനഡയിലെ ടോറന്റോ പൊലീസ് സർവീസിൽ ഉദ്യോഗസ്ഥനായി ചുമതലയേറ്റെടുത്തു. ഓഗസ്റ്റ് 20നാണ് ഔദ്യോഗിക പദവിയിലേക്കുള്ള സത്യപ്രതിജ്ഞയും 'ബാഡ്ജ് ഡേ' ചടങ്ങുകളും നടന്നത്.

കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളിൽ നിന്ന് സ്‌കൂൾ വിദ്യാഭ്യാസവും അമൽ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനിയറിംഗും പൂർത്തിയാക്കിയ ക്രിസ്റ്റൻ പഠനത്തിൽ എപ്പോഴും മികവ് പുലർത്തിയിരുന്നു. കുങ്ഫുവിൽ ബ്ലാക്ക് ബെൽറ്റ് നേടിയ ക്രിസ്റ്റൻ കായിക രംഗത്തും തന്റെ കഴിവ് തെളിയിച്ചിട്ടുള്ള ആളാണ്. 2018ലാണ് ഉപരിപഠനത്തിനായി കാനഡയിലേക്ക് കുടിയേറിയത്. ടൊറന്റോ ലാംബ്ടൺ കോളേജിൽ നിന്ന് 'ക്വാളിറ്റി എഞ്ചിനീയറിംഗ് മാനേജ്‌മെന്റ്' കോഴ്സ് പൂർത്തിയാക്കിയ ശേഷം കാനഡയിലെ പ്രമുഖ ബാങ്കായ ടി.ഡി ബാങ്കിന്റെ ടൊറന്റോ ആസ്ഥാനത്ത് ഓപ്പറേഷൻസ് കോർഡിനേറ്ററായി ജോലി ചെയ്തുവരികയായിരുന്നു.

താൻ ഭാഗമായ സമൂഹത്തിന് നേരിട്ട് സേവനമേകാനും സുരക്ഷ ഉറപ്പാക്കാനും വേണ്ടി കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ചാണ് ക്രിസ്റ്റൻ പൊലീസ് സേനയുടെ ഭാഗമായത്. 2025ൽ ആരംഭിച്ച കഠിനമായ തിരഞ്ഞെടുപ്പ് പ്രക്രിയകൾ ആദ്യ ശ്രമത്തിൽ തന്നെ ക്രിസ്റ്റൻ വിജയകരമായി പൂർത്തിയാക്കി. ശാരീരികക്ഷമതാ പരീക്ഷകൾ, നിയമപരവും അക്കാദമികവുമായ പരീക്ഷകൾ, സൈക്കോളജിക്കൽ സ്‌ക്രീനിംഗ്, പാനൽ ഇന്റർവ്യൂകൾ എന്നിവ തരണം ചെയ്ത് 2026 ജനുവരിയിലാണ് നിയമന ഉത്തരവ് ലഭിച്ചത്.

ടൊറന്റോ പൊലീസ് അക്കാദമി, ഒന്റാറിയോ പൊലീസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു പരിശീലനം. പ്രവിശ്യയിലെ മുഴുവൻ പൊലീസ് സർവീസുകളിൽ നിന്നുമുള്ള റിക്രൂട്ടുകൾ പങ്കെടുത്ത പരിശീലനത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ക്രിസ്റ്റൻ 'ടോപ്പ് 25' റാങ്കിൽ ഉൾപ്പെട്ടാണ് ജൂൺ 19ന് ഗ്രാജുവേഷൻ പൂർത്തിയാക്കിയത്. തുടർന്ന് ടൊറന്റോ പൊലീസ് കോളേജിൽ നിന്നുള്ള അഡ്വാൻസ്ഡ് മെട്രോപൊളിറ്റൻ ടാക്റ്റികിക്കൽ ലീഗൽ ട്രെയിനിംഗും വിജയകരമായി പൂർത്തിയാക്കി.

നാലു ചുവരുകൾക്കുള്ളിലെ കോർപ്പറേറ്റ് ജോലി മടുപ്പിച്ചപ്പോഴാണ് സമൂഹത്തിന് ഉപകാരപ്രദമായി എന്തെങ്കിലും ചെയ്യണമെന്ന ചിന്ത മനസ്സിലുദിക്കുന്നത്. അങ്ങനെയാണ് കാനഡ പൊലീസിന്റെ ഭാഗമാകാൻ തീരുമാനിച്ചതെന്ന് ക്രിസ്റ്റൻ കേരള കൗമുദി ഓൺലൈനിനോട് പറഞ്ഞു. കാനഡയിലെ ഏറ്റവും വലിയ മുൻസിപ്പൽ പൊലീസ് സേനയും വടക്കേ അമേരിക്കയിലെ പ്രമുഖ ലോ എൻഫോഴ്സ്‌മെന്റ് ഏജൻസികളിലൊന്നുമാണ് ടൊറന്റോ പൊലീസ് സർവീസ്. 30 ലക്ഷത്തോളം വരുന്ന ജനസംഖ്യയുള്ള നഗരത്തിൽ സുരക്ഷയൊരുക്കുന്ന സേനയിലേക്ക് ആദ്യ ശ്രമത്തിൽ തന്നെ തിരഞ്ഞെടുക്കപ്പെട്ടത് മലയാളി സമൂഹത്തിനാകെ അഭിമാനകരമായ നേട്ടമാണ്. സി.എ. ജോസഫ്‌മോളി ജോസഫ് ദമ്പതികളുടെ മകനാണ് ക്രിസ്റ്റൻ ജോസ്. ഭാര്യ: അഷ്മി ക്രിസ്റ്റൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHRISTAN JOSE, TORONTO POLICE SERVICE, MALAYALI POLICE OFFICER CANADA, CHRISTAN JOSE CANADA, TORONTO POLICE MALAYALI OFFICER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA