# ഡെപ്യൂട്ടേഷനിലെത്തി, ചട്ടംലംഘിച്ച് പണമൊഴുക്കി
# തടസങ്ങൾ നീക്കി ഓഡിറ്റ് നടത്തി റിപ്പോർട്ട് ഹാജരാക്കണം
കൊച്ചി: കൊച്ചിൻ ദേവസ്വം ബോർഡ് കമ്മിഷണർ എസ്.ആർ. ഉദയകുമാറിനു വേണ്ടി ക്വാർട്ടേഴ്സ് നവീകരിച്ച് ആഡംബര സൗകര്യങ്ങളൊരുക്കാനും പുതിയ കാർ വാങ്ങാനുമായി 28.44 ലക്ഷം രൂപ ധൂർത്തടിച്ച ബോർഡിന്റെ നടപടി ഞെട്ടിക്കുന്നതെന്ന് ഹൈക്കോടതി. ചട്ടങ്ങൾ മറികടന്ന് പണം ചെലവഴിച്ചതിനോട് കോടതി ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. ഓഡിറ്റ് വിഭാഗം ചൂണ്ടിക്കാട്ടിയ തടസങ്ങൾ നീക്കി മൂന്നു മാസത്തിനകം ഓഡിറ്റ് പൂർത്തിയാക്കണം. തുടർന്ന് ഒരു മാസത്തിനകം ഓഡിറ്റ് റിപ്പോർട്ട് അടക്കം സത്യവാങ്മൂലം സമർപ്പിക്കാൻ ബോർഡിനോട് നിർദ്ദേശിച്ചു. ക്ഷേത്രങ്ങളുടെയും സ്ഥാപനങ്ങളുടെയും ഉന്നമനമാണ് ബോർഡിന്റെ ലക്ഷ്യമെന്ന് ഓർമ്മിച്ചിച്ച കോടതി, പണം ചെലവഴിക്കുന്നതിൽ ജാഗ്രത പുലർത്തണമെന്നും നിർദ്ദേശിച്ചു.
ഭക്തരായ കെ.ബി. സുമോദ്, കെ. നാരായണൻകുട്ടി, എൻ.കെ. മോഹൻദാസ്, രാമചന്ദ്രൻ എന്നിവർ നൽകിയ പരാതികൾ തീർപ്പാക്കിയാണ് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ചിന്റെ ഉത്തരവ്.
ഭരണസമിതി അംഗീകരിച്ചതു പ്രകാരമാണ് തുക ചെലവിട്ടതെന്നായിരുന്നു ബോർഡിന്റെ വിശദീകരണം.പ്രാഥമിക അന്വേഷണം നടത്തിയ വിജിലൻസാണ് കൃത്യമായ ഓഡിറ്റിംഗിന് ശുപാർശ ചെയ്തത്.
സെക്രട്ടറിയേറ്റിൽ ജോയിന്റ് സെക്രട്ടറിയായിരിക്കേയാണ് ഒരു വർഷത്തേക്ക് ഡെപ്യൂട്ടേഷനിൽ എത്തിയത്. ഒരു വർഷം കൂടി നീട്ടിയെങ്കിലും പുതിയ സർക്കാർ തിരിച്ചുവിളിച്ചു.ഇപ്പോൾ അഡിഷണൽ സെക്രട്ടറിയാണ്. ഡെപ്യൂട്ടേഷനിൽ മറ്റൊരു ഉദ്യോഗസ്ഥൻ ഉടൻ ദേവസ്വം കമ്മിഷണറാവും.
പുറത്തുകൊണ്ടുവന്നത്
കേരളകൗമുദി
കമ്മിഷണറുടെ പേരിൽ നടന്ന ധൂർത്ത് പുറത്തുവന്നത് 'കേരളകൗമുദി`യുടെ അന്വേഷണാത്മക റിപ്പോർട്ടുകളിലൂടെയാണ്.
തൃശൂരിൽ ബോർഡിന്റെ മുപ്പതിലേറെ ക്വാർട്ടേഴ്സുകളുണ്ടെങ്കിലും വാസയോഗ്യമായത് പത്താേളം മാത്രം. ഒരു വർഷത്തേക്ക് എത്തുന്ന കമ്മിഷണർ വീട് വാടകയ്ക്ക് എടുത്താണ് താമസിക്കുന്നത്. ഇത്രയും തുക വേണ്ടിവരില്ല.
കാലപ്പഴക്കമുള്ള കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾക്കായി 9.57 ലക്ഷവും വാഷിംഗ് മെഷീൻ, റഫ്രിജറേറ്റർ, എൽ.ഇ.ഡി. ടെലിവിഷൻ, വാട്ടർ പ്യൂരിഫയർ, എയർ കണ്ടിഷണറുകൾ തുടങ്ങിയവയ്ക്ക് 4.24 ലക്ഷവും ചെലവിട്ടു. ഫോർഡ് ഇക്കോസ്പോർട്ട് കാർ മാറ്റി 14.63 ലക്ഷത്തിന് പുതിയ മാരുതി ഗ്രാന്റ് വിറ്റാര വാങ്ങി. നവീകരണം നടത്തിയ കരാറുകാരന് 12.78 ലക്ഷം നൽകാനുണ്ടെന്നും സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന്റെ റിപ്പോർട്ടിലുണ്ട്. ഔദ്യോഗിക വാഹനം 10 വർഷം വരെയോ മൂന്നുലക്ഷം കിലോമീറ്റർ വരേയോ ഉപയോഗിക്കണമെന്ന സർക്കാർ ഉത്തരവ് നിലനിൽക്കേയാണ് 5 വർഷം പഴക്കമുള്ള (86,419 കി.മീ) കാർ മാറ്റി 17 ലക്ഷത്തിന്റെ പുതിയ കാർ വാങ്ങിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |