SignIn
Kerala Kaumudi Online
Wednesday, 19 August 2026 2.24 AM IST

തൂപ്പുകാരി ഗൗരിക്ക് കൂട്ട് സ്വന്തം കവിത

a

തിരുവനന്തപുരം: ശുചീകരണത്തൊഴിലാളിയായ ഗൗരിക്കുട്ടിക്ക് പ്രായം 54. പത്താം ക്ലാസിൽ പഠനം അവസാനിച്ചിരുന്നു. പിന്നെ പഠിച്ചത് ജീവിത പ്രാരാബ്ധങ്ങളുടെ പാഠങ്ങളായിരുന്നു. ഇതിനിടയിൽ ധാരാളം പുസ്തകങ്ങൾ വായിച്ചു. അതിനു നിമിത്തമായത് പുസ്തകവില്പനക്കാരനായ ഭർത്താവ് സി.രാജേന്ദ്രൻ. ഒരിക്കൽ അപകടം പറ്റി കിടപ്പായി. അപ്പോൾ കുമാരനാശാന്റെ കവിതകൾ കൂട്ടായി. ഒ.വി.വിജയന്റെയും ബാലചന്ദ്രൻ ചുള്ളിക്കാടിന്റെയുമെല്ലാം കൃതികളും വായിച്ചു. അത് എഴുതാനുള്ള പ്രേരണയായി.

വഴുതക്കാട് ട്രിവാൻഡ്രം ക്ലബിലെ ശുചീകരണ തൊഴിലാളിയാണ് എം.ഗൗരിക്കുട്ടി. തൂപ്പുജോലിക്കിടെ മനസിൽ ചിലപ്പോൾ കവിത തെളിയും. വേഗം കൈ കഴുകി ആ വരികൾ കൈവെള്ളയിലെഴുതും. ജോലികഴിഞ്ഞ് നോട്ട് ബുക്കിൽ പകർത്തും.അങ്ങനെ എഴുതിയതണ് ഈ വരികൾ:

പകലിൻ പരിഭവങ്ങൾ മാറ്റിടാൻ
രാവിനു കഴിഞ്ഞതില്ല!
രാവിൻ പരിഭവങ്ങൾ മാറ്റിടാൻ
പകലിനും കഴിഞ്ഞതില്ല!...

ഭർത്താവായിരുന്നു ആദ്യ വായനക്കാരൻ. അദ്ദേഹം ഇപ്പോഴില്ല. നാലുവർഷംമുമ്പ് പെട്ടെന്നായിരുന്നു രാജേന്ദ്രന്റെ മരണം. പിന്നീടുണ്ടായ ശൂന്യതയിൽ കവിത മാത്രമായി കൂട്ട്. രാജേന്ദ്രൻ കൊള്ളാമെന്നുപറഞ്ഞ കവിതകളും കൊച്ചു കഥകളുമെല്ലാം സൂക്ഷിച്ചുവച്ചിട്ടുണ്ട്. സമൂഹമാദ്ധ്യമത്തിലൂടെയാണ് അവയിലേറെയും പ്രകാശിതമായത്.

നിഴൽ പോലെ നീയെന്നും...

ഒരിക്കൽ ഭർത്താവ് രാജേന്ദ്രൻ ഗൗരിക്കുട്ടിയോടു ചോദിച്ചു.

നീ പ്രതീക്ഷിച്ച രീതിയിൽ ഞാൻ നിന്നെ സംരക്ഷിക്കുന്നില്ലേ? എന്നെ തിരഞ്ഞെടുത്തത് തെറ്റായിപ്പോയെന്നു തോന്നുന്നുണ്ടോ?

അതിനു പറഞ്ഞ മറുപടി കവിതയായി. 'തുണ" എന്ന കവിത തുടങ്ങുന്നത് ഇങ്ങനെ:

''നിഴൽ പോലെ നീയെന്നും
കൂടെയുണ്ടെങ്കിൽ നിലാവ് പോൽ
പുഞ്ചിരിച്ചു മുന്നേറീടും

ഈ ജീവിതവനിയിൽ...''

തൃശൂരാണ് ഗൗരിക്കുട്ടി ജനിച്ചത്. കൊടുങ്ങാനൂരിനടുത്ത് പ്ലാവോട് വാടക വീട്ടിലാണ് താമസം. സഹപ്രവർത്തകയായ പ്രമീളയാണ് ഇപ്പോൾ ആദ്യ വായനക്കാരി. ഒരു വീട് എന്ന സ്വപ്നം സാദ്ധ്യമായിട്ടില്ല. ലൈഫ് പദ്ധതിയിൽ അപേക്ഷിച്ചിട്ടും ഫലമുണ്ടായില്ല. ആൺമക്കളായ അജയ് രാഹുലും അജയ് അരവിന്ദും സ്വകാര്യകമ്പനി ജീവനക്കാരാണ്. എം.എ ജേർണലിസം കഴിഞ്ഞ മകൾ അരുണിമ കണ്ടന്റ് റൈറ്രറാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POEM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA