SignIn
Kerala Kaumudi Online
Thursday, 30 July 2026 4.34 AM IST

തബല ഹരിഗോവിന്ദിന് "പെയിൻ കില്ലർ"  അത്ഭുതമായി സെറിബ്രൽ പാഴ്സി ബാധിച്ച 19 കാരൻ

aa

തിരുവനന്തപുരം: ശങ്കരാഭരണത്തിലെ 'ശങ്കരാ നാദശരീരാ പരാ....'' ഗാനം എവിടെ കേട്ടാലും ഹരിഗോവിന്ദിന്റെ വലതു കൈവിരൽ തബലയിൽ താളമിടും. 60 ശതമാനവും സെറിബ്രൽ പാഴ്സി ബാധിച്ച പത്തൊമ്പതുകാരൻ. ഇടത് കണ്ണിന് കാഴ്ചക്കുറവ്. ഇടതു കാലിനും കൈയ്‌ക്കും ചലനശേഷിക്കുറവ്. എങ്കിലും കുട്ടിക്കാലത്ത് അച്ഛൻ ഗിരീഷിനൊപ്പം വീടിന് സമീപത്തെ വായനശാലയിലെത്തുമ്പോൾ അവിടെയുള്ള തബലയിലായിരുന്നു ഹരിയുടെ ശ്രദ്ധ. ഒമ്പതാം വയസിൽ തബലാദ്ധ്യാപകനായ ദൊരൈ സ്വാമിക്ക് കീഴിലായിരുന്നു ആദ്യ പരിശീലനം.

ആദ്യം വിരലുകൾ വഴങ്ങിയില്ല. തുടർന്ന് പരിമിതികളെ മറന്നു. ഗോപിനാഥ് മുതുകാടിന്റെ മാജിക്ക് പ്ളാനറ്റിലും തബലയിൽ പരിശീലനം നേടി.

കഴിഞ്ഞവർഷം സമഗ്രശിക്ഷാ കേരളത്തിന്റെ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ സാധാരണ കുട്ടികൾക്കൊപ്പം മത്സരിച്ച് മൂന്നാം സ്ഥാനവും എ ഗ്രേഡും നേടി. സിംഗപ്പൂരിലുൾപ്പെടെ വേദികൾ ലഭിച്ചു. നന്ദഗോവിന്ദം ഭജൻസിനൊപ്പം വേദി പങ്കിട്ടു. പാർലമെന്റിൽ എം.പിമാരുടെ മുന്നിലും വിസ്‌മയം തീർത്തു. ടെലിവിഷൻ പ്രോഗ്രാമുകളിലും പങ്കെടുത്തു. കേരള ചൈൽഡ് പ്രൊട്ടക്ഷൻ ഓർഗനൈസേഷന്റെ 'താരാ ബാല്യ" പുരസ്‌കാരവും നേടി. പട്ടം സെന്റ് മേരീസ് ഹയർസെക്കൻഡറി സ്‌കൂളിലെ പന്ത്രണ്ടാം ക്ളാസ് ഹ്യുമാനിറ്റീസ് വിദ്യാർത്ഥിയാണ് ഹരിഗോവിന്ദ്. അഞ്ചുവർഷമായി ഊരൂട്ടമ്പലം ദിലീപിന്റെ കീഴിലാണ് പരിശീലനം. കേരള യൂണിവേഴ്സിറ്റിയിൽ സെക്ഷൻ ഓഫീസറായ ശ്രീകാര്യം ഗാന്ധിപുരം ശിവോദയത്തിൽ ഗിരീഷിന്റെയും ഡ്രീംസ്‌ ഇൻഡോർ പ്ലാന്റ്സുടമ ശ്രീപ്രിയയുടെയും മൂത്തമകനാണ്. അഞ്ചാം ക്ളാസ് വിദ്യാർത്ഥി ഹരിശ്രീ സഹോദരിയാണ്.

 അനുഗ്രഹിച്ച് ലാലേട്ടൻ

കൂടുതൽ സംസാരിക്കാത്ത ഹരിഗോവിന്ദ് മോഹൻലാലിന്റെ കടുത്ത ആരാധകനാണ്. ലാലിനെ നേരിൽ കണ്ടതുമുതൽ ഹരിഗോവിന്ദിൽ വലിയ മാറ്റമുണ്ടായി. തുടർന്ന് 'അപ്പുവിന്റെ റേഡിയോ" എന്ന ഷോർട്ട് ഫിലിമിൽ പ്രധാന വേഷത്തിൽ അഭിനയിച്ചു. ഡബ്ബും ചെയ്‌തു. ഭിന്നശേഷിക്കുട്ടിയുടെ കഥപറയുന്ന ചിത്രത്തിലെ ഗാനങ്ങൾ രചിച്ചത് കൈതപ്രം ദാമോദരൻ നമ്പൂതിരി. തമിഴ് സിനിമകളിൽ നിന്നുൾപ്പെടെ അവസരങ്ങൾ എത്തുന്നു.

'ഭിന്നശേഷിക്കുട്ടികളെ സമൂഹം സംരക്ഷിക്കണമെന്ന പൊതുബോധം എല്ലാവരിലുമെത്തിക്കാനാണ് ഹരിഗോവിന്ദ് 'അപ്പുവിന്റെ റേഡിയോ"യിൽ അഭിനയിച്ചത്. മറ്റുള്ളവരെ കുറിച്ചുള്ള അവന്റെ കരുതലിൽ ഞാൻ അഭിമാനിക്കുന്നു.''

- ഗിരീഷ്, ഹരിഗോവിന്ദിന്റെ അച്ഛൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HARIGOVINDAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA