
ഉരുളെടുത്ത മുണ്ടക്കൈ വിലാസത്തിൽ ഇപ്പോഴുമെത്തുന്നു കത്തുകൾ
മേപ്പാടി: വയനാട്ടിലെ മുണ്ടക്കൈ ഗ്രാമം ഇന്നില്ല. ആ പോസ്റ്റ് ഓഫീസുമില്ല. പക്ഷേ, കത്തുകൾ ഇപ്പോഴും വരുന്നുണ്ട്. 2024 ജൂലായിലെ ആ കറുത്ത രാത്രിയിൽ ഉരുൾപൊട്ടൽ വിഴുങ്ങിയത് ഗ്രാമത്തോടൊപ്പം മുണ്ടക്കൈ പോസ്റ്റ് ഓഫീസിനെയും കൂടിയായിരുന്നു. നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും കത്തുകളും ആനുകാലികങ്ങളും വന്നിരുന്ന സ്ഥലമായിരുന്നു അത്. പോസ്റ്റുമാൻ പി.ടി. വേലായുധൻ അവ ഓരോ വീട്ടിലും എത്തിക്കുമായിരുന്നു. ഇന്ന് ആ ഓഫീസ് ചൂരൽമല പോസ്റ്റ് ഓഫീസിൽ ലയിച്ചു. എങ്കിലും വിലാസം 'മുണ്ടക്കൈ" എന്നു തന്നെ. ആനുകാലിക പ്രസിദ്ധീകരണങ്ങൾ,വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുളള നോട്ടീസുകൾ, എഴുത്തുകൾ, എൽ.ഐ.സി, ട്രേഡ് യൂണിയൻ പ്രസിദ്ധീകരങ്ങൾ എന്നിവയെല്ലാമാണ് ഉരുൾ ദുരന്തത്തിൽപ്പെട്ടവരുടെയും മരിച്ചവരുടെ മേൽവിലാസത്തിൽ എത്തുന്നത്.
പുനരധിവാസത്തിന്റെ സാഹചര്യത്തിൽ പലരും ഇന്ന് ജില്ലയുടെ വിവധ ഭാഗങ്ങളിലാണ്.അതൊന്നും അറിയാതെയാണ് പഴയ വിലാസത്തിൽ കത്തുകൾ എത്തുന്നത്. മരിച്ചവരുടെ പേരിലും കത്തുകൾ വരുന്നുണ്ട്. രാവിലെ പോസ്റ്റ് ഓഫീസിലെത്തി കത്തുകൾ എടുക്കുമ്പോൾ വേലായുധൻ ആദ്യം നോക്കുന്നത് വിലാസമാണ്. പലതും കണ്ട് ഹൃദയം പിടയും. അടുത്ത ദിവസവും ചിലപ്പോൾ അതേ വിലാസത്തിൽ കത്ത് വരും. ഭൂരിഭാഗം പേരെയും വേലായുധന് നേരിട്ടറിയാം. വിലാസം കണ്ടാൽ മുഖം മനസിൽ തെളിയും. ഒരുമിച്ചിരുന്ന് സംസാരിച്ച ഓർമ്മകൾ.... അത്തരം കത്തുകൾ ബന്ധുക്കൾക്ക് കൈമാറും. കത്ത് കൈയിൽ കിട്ടുമ്പോൾ അവരുടെ കണ്ണ് നിറയുന്നതും വേലായുധൻ കണ്ടിട്ടുണ്ട്. മുണ്ടക്കൈക്കാർ ഇപ്പോൾ കൽപ്പറ്റ ടൗൺഷിപ്പ് ഉൾപ്പെടെ ജില്ലയിൽ പലയിടത്തായാണ് താമസിക്കുന്നത്. വിലാസക്കാരെ തേടി ദൂരെ സ്ഥലങ്ങളിൽ വരെ പോകേണ്ട സാഹചര്യമുണ്ടെന്നും വേലായുധൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |