SignIn
Kerala Kaumudi Online
Saturday, 11 July 2026 3.01 AM IST

 തുച്ഛ വേതനത്തിൽ പ്രീ പ്രൈമറി അദ്ധ്യാപകർ ജോലിയുണ്ടെങ്കിലെന്താ പൈസയില്ലല്ലോ

aa

ആലപ്പുഴ: സംസ്ഥാനത്തെ അരലക്ഷത്തോളം പ്രീ പ്രൈമറി അദ്ധ്യാപകരുടെ തുച്ഛമായ വേതനത്തിൽ കാലോചിതമായ മാറ്റംവരുത്തണമെന്ന ആവശ്യത്തിന് ഇനിയും പരിഹാരമായില്ല. നിലവിൽ മൂന്ന് വിഭാഗങ്ങളിലായാണ് പ്രീ പ്രൈമറി അദ്ധ്യാപകരുടെ വേതനക്രമം. 53 പ്രീ പ്രൈമറി സ്കൂളുകളിൽ പി.എസ്.സി മുഖേന നിയമനം നേടിയവർക്ക് പ്രൈമറി അദ്ധ്യാപകരുടേതിന് സമാനമായ 30,000 രൂപയ്ക്ക് മുകളിലുള്ള തുടക്കശമ്പളമാണുള്ളത്. എന്നാൽ 2012 ഒക്ടോബറിന് മുമ്പ് സർക്കാർ സ്കൂളുകളിൽ നിയമിതരായ അദ്ധ്യാപകർക്ക് അവരുടെ പകുതി വേതനം പോലുമില്ല. അദ്ധ്യാപകർക്ക് 14,000-14,500 രൂപയും ആയമാർക്ക് 8000-8500 രൂപയുമാണ് ഓണറേറിയമായി ലഭിക്കുന്നത്. ഈ മാസമാണ് ഇവർക്ക് 1000 രൂപ കൂട്ടി നൽകിയത്. സ്കൂളുകളിൽ പ്രീ പ്രൈമറി ആരംഭിക്കാൻ പാടില്ലെന്ന് 2012ൽ സർക്കാർ ഓർഡർ ഇറക്കിയതിനാൽ അതിനുശേഷം നിയമിതരായവർക്ക് സർക്കാർ ആനുകൂല്യങ്ങളുമില്ല. ഓരോ സ്കൂളിലും പി.ടി.എയുടെ നേതൃത്വത്തിലാണ് ഇപ്പോൾ പ്രീ പ്രൈമറി വിഭാഗം നടത്തുന്നത്. അതുകൊണ്ട് തന്നെ 4000-6000 രൂപവരെ മാത്രമാണ് ഇവരുടെ പ്രതിമാസം ശമ്പളം. എയ്ഡഡ് മേഖലയിലാണ് പ്രതിസന്ധി കൂടുതൽ. കുട്ടികളിൽനിന്ന് വലിയ ഫീസ് വാങ്ങുന്ന സ്കൂളുകളിൽപ്പോലും പ്രീ പ്രൈമറി അദ്ധ്യാപകർക്ക് ലഭിക്കുന്നത് 5000 രൂപയിൽ താഴെ മാത്രമാണ്. പ്ലസ്ടുവും പ്രീ പ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിംഗ് കോഴ്‌സുമാണ് അദ്ധ്യാപകരുടെ അടിസ്ഥാന യോഗ്യത.

 സുപ്രീംകോടതിയിലേക്ക്

സർക്കാർ സ്കൂളുകളിൽ പി.ടി.എ നടത്തുന്ന പ്രീ പ്രൈമറി വിഭാഗങ്ങളിലെ അദ്ധ്യാപകരുടെ ഓണറേറിയം 27,500 രൂപയായും ആയമാരുടേത് 22,500 രൂപയായും വർദ്ധിപ്പിക്കണമെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിച്ചിരുന്നു. ഇത് പിന്നീട് ഡിവിഷൻ ബെഞ്ച് തിരുത്തുകയും സർക്കാർ നിശ്ചയിക്കുന്ന ശമ്പളം നൽകാമെന്ന് നിർദ്ദേശിക്കുകയും ചെയ്തിരുന്നു. ഈ വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് അദ്ധ്യാപകർ.

പ്രീ പ്രൈമറി

(2012ന് ജോലിയിൽ പ്രവേശിച്ചവർ)

അദ്ധ്യാപകർ- 2835

ആയമാർ- 1941

പ്രീപ്രൈമറി അദ്ധ്യാപകരുടെ ഓണറേറിയം കാലോചിതമായി വർദ്ധിപ്പിക്കണം. ശമ്പള വർദ്ധനവിന് സുപ്രീകോടതിയെ സമീപിക്കാനുള്ള തയ്യാറെടുപ്പിലാണ്.

- എം.എ.രശ്മി, സംസ്ഥാന പ്രസിഡന്റ്, കേരള പ്രീ പ്രൈമറി ടീച്ചേഴ്‌സ് ആൻഡ് ആയാസ് അസോസിയേഷൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TEACHERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA