
കൊച്ചി: ജനവാസമേഖലകളിലും കൃഷിയിടങ്ങളിലും കാട്ടാനകൾ ഇറങ്ങുന്നത് തടയാൻ ജില്ലയുടെ കിഴക്കൻ വനാതിർത്തികളിൽ ഇഞ്ചിപ്പുൽ കൃഷി വ്യാപിപ്പിക്കാൻ പദ്ധതി. ആനകൾക്ക് ഇഷ്ടമല്ലാത്ത ഇഞ്ചിപ്പുല്ല് സംസ്‌കരിച്ച് ഉത്പന്നങ്ങൾ വിപണിയിലിറക്കി കർഷകർക്ക് വരുമാനം ലഭ്യമാക്കാനും കഴിയുന്നതാണ് പദ്ധതി.
ആനകൾക്ക് പ്രിയമില്ലാത്ത വിളകൾ വനാതിർത്തിയിൽ നടുന്നതിന്റെ ഭാഗമായാണിത്. ആനശല്യം മൂലം പരമ്പരാഗത കൃഷികൾ ഉപേക്ഷിക്കേണ്ടിവരുന്ന കർഷകർക്ക് മറ്റൊരു സാദ്ധ്യതയാണ് ഇഞ്ചിപ്പുൽ കൃഷി. തൈകൾ നട്ട് അഞ്ചുമാസം കൊണ്ട് ആദ്യവിളവെടുക്കാം. രണ്ട് മാസം കൂടുമ്പോൾ തുടർവിളവെടുപ്പെടുക്കാം.
കൊച്ചിയിലെ കേന്ദ്ര സമുദ്ര മത്സ്യഗവേഷണ കേന്ദ്രത്തിലെ (സി.എം.എഫ്.ആർ.ഐ) കൃഷി വിജ്ഞാന കേന്ദ്രമാണ് (കെ.വി.കെ) പദ്ധതി നടപ്പാക്കുന്നത്. പദ്ധതിക്ക് കീഴിൽ കോതമംഗലം കോട്ടപ്പടിയിലെ വാവേലിയിൽ 500 കിലോഗ്രാം ശേഷിയുള്ള പുൽത്തൈല സംസ്‌കരണ യൂണിറ്റ് സ്ഥാപിച്ചു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട കർഷകരുടെ 'ചെമ്പകമിത്ര" സ്വയംസഹായ സംഘത്തിനാണ് നടത്തിപ്പ് ചുമതല.
പുൽതൈല നിർമ്മാണം, മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ ബ്രാൻഡിംഗ്, സംരംഭ സാദ്ധ്യതകൾ ഒരുക്കൽ എന്നിവയും പദ്ധതിയുടെ ഭാഗമാണ്. പരീക്ഷണ കൃഷിയിൽ നിന്ന് പ്രതിവർഷം ഒരേക്കറിൽ 7.5 ടൺ ഇഞ്ചിപ്പുല്ല് വിളവ് ലഭിച്ചു. ഇതിൽ നിന്ന് തൈലം വേർതിരിച്ചെടുക്കാൻ കഴിഞ്ഞു. പുൽതൈലം ഉപയോഗിച്ച് കൊതുക് നശീകരണ സ്‌പ്രേ, തറകൾ വൃത്തിയാക്കാനുള്ള ലായനി, അണുനശീകരണി തുടങ്ങിയ മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കാനും കെ.വി.കെ പരിശീലനം നൽകും.
ജില്ലയിൽ ഏഴ് പതിറ്റാണ്ടുകൾക്ക് മുമ്പുവരെ പുൽതൈല നിർമ്മാണം സജീവമായിരുന്നു. കൃഷിരീതികളിലെ മാറ്റങ്ങളും അശാസ്ത്രീയ വാറ്റൽരീതികളും മൂലം ക്രമേണ ക്ഷയിച്ചു. മെച്ചപ്പെട്ട ഇനങ്ങൾ, ശാസ്ത്രീയ കൃഷിരീതികൾ, ആധുനിക സാങ്കേതികവിദ്യ, മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ വിപണനം എന്നിവ സംയോജിപ്പിച്ച് ഇഞ്ചിപ്പുൽ കൃഷി വീണ്ടും ലാഭകരമായ സംരംഭമായി മാറ്റുകയാണ് ലക്ഷ്യം.
ചെമ്പകമിത്ര സംഘം ഉത്പാദിപ്പിക്കുന്ന പുൽതൈലം സംഭരിച്ച് വനംവകുപ്പിന്റെ 'വനശ്രീ" ബ്രാൻഡിലൂടെ വിപണനം നടത്തും
പി. കാർത്തിക്
ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ
മലയാറ്റൂർ
പുൽതൈല നിർമ്മാണവുമായി ബന്ധപ്പെട്ട് സമഗ്രമായ സംരംഭകത്വ മാതൃക വികസിപ്പിക്കാനാണ് ശ്രമിക്കുന്നത്
ഡോ. ഷിനോജ് സുബ്രഹ്മണ്യൻ
കെ.വി.കെ മേധാവി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |