
കോഴിക്കോട്: കേന്ദ്ര സർക്കാർ സബ്സിഡി നിരക്കിൽ നൽകുന്ന യൂറിയ, ഇതരസംസ്ഥാനങ്ങളിൽ നിന്ന് പെരുമ്പാവൂരിലെ ഉൾപ്പെടെ പ്‌ളൈവുഡ് കമ്പനികൾക്ക് പശ നിർമ്മാണത്തിനായി മറിച്ചുവിൽക്കുന്നു. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ കർഷകരാണ് ഇടനിലക്കാരുടെയും മറ്റും ഇടപെടലിൽ മറിച്ചുവിൽക്കുന്നത്. രാജ്യത്തെ വൻശൃംഖല പിന്നിലുണ്ട്. മരക്കഷണങ്ങൾ തമ്മിൽ ഉറപ്പിച്ചു നിറുത്താനാണ് യൂറിയ കൊണ്ട് നിർമ്മിക്കുന്ന ഈ പശ ഉപയോഗിക്കുക. കാർഷിക ആവശ്യത്തിനുള്ള യൂറിയയേക്കാൾ പത്ത് മടങ്ങിന് അടുത്ത് വിലയാണ് വ്യാവസായിക ആവശ്യത്തിനുള്ള യൂറിയയ്ക്ക് എന്നതാണ് തട്ടിപ്പിന് പ്രേരിപ്പിക്കുന്നത്.
സബ്‌സിഡി യൂറിയ 42 കിലോയുടെ ചാക്കിന് 266.50 രൂപയാണ് വില. 50 കിലോയുടെ വ്യാവസായിക യൂറിയയ്ക്ക് 2,700 രൂപയാകും. ഈ വില അന്തരമാണ് തട്ടിപ്പുകാരെ പ്രലോഭിപ്പിക്കുന്നത്. തട്ടിപ്പുകൾ ശ്രദ്ധയിൽപെട്ടതോടെ, സബ്ഡിഡി, വാണിജ്യാവശ്യത്തിനുള്ള യൂറിയ എന്നിവ പെട്ടെന്ന് തിരിച്ചറിയാൻ ചാക്കിന് പുറത്ത് പ്രത്യേകം രേഖപ്പെടുത്തുന്നുണ്ട്.
എല്ലാ വഴിയും പെരുമ്പാവൂരിലേക്ക്
ഒരു ലോഡ് യൂറിയ കഴിഞ്ഞദിവസം വയനാട്ടിൽ ജി.എസ്.ടി വിഭാഗം പിടികൂടി. പെരുമ്പാവൂരിലേക്കെന്ന് ഡ്രൈവറുടെ മൊഴി.
തമിഴ്നാട്ടിൽ നിന്നുളള യൂറിയ പാലക്കാട്ട് പിടികൂടി, ഇതും പെരുമ്പാവൂരിലേക്കെന്നായിരുന്നു സൂചന
മാസങ്ങൾക്ക് മുൻപ് തമിഴ്‌നാട് മധുക്കരയ്ക്ക് സമീപത്ത് പിടിച്ചെടുത്തത് 100 ടൺ സബ്സിഡി യൂറിയ. പെരുമ്പാവൂർ സ്വദേശി പിടിയിൽ
തമിഴ്നാട് കോവൈപുത്തൂരിലുള്ള സ്വകാര്യ ഫാം ഹൗസിൽ നിന്നും യൂറിയ പിടിച്ചു
ആധാർ നമ്പർ അടിച്ചുമാറ്റും
തമിഴ്നാട്ടിലെയും മറ്റും കർഷകരുടെ, പ്രത്യേകിച്ചും നിരക്ഷരരുടെ ആധാർ നമ്പർ സംഘടിപ്പിച്ച് അവരറിയാതെ യൂറിയ ശേഖരിക്കും. വളം വിതരണക്കാരുടെ സഹായത്തോടെ ചിലർക്ക് തുച്ഛമായ പണം നൽകും. സബ്സിഡി വളം വാങ്ങാൻ ആധാർ നമ്പർ മതി. വളം കിട്ടാൻ അഗ്രിസ്റ്റാക്ക് സോഫ്ട് വെയറിൽ രജിസ്റ്റർ ചെയ്യണമെന്നത് ഭാവിയിൽ നിർബന്ധമാക്കിയേക്കും. യൂറിയ പിടിച്ചാൽ പൊലീസും കൃഷിവകുപ്പും ക്രിമിനൽ കേസെടുക്കും, ഡീലർമാരുടെ ലൈസൻസും റദ്ദാക്കും.
കുറഞ്ഞചെലവിൽ തൈവളർച്ച
46ശതമാനം നൈട്രജനുള്ള യൂറിയ വളം ചെടികളുടെ വളർച്ചയ്ക്ക് ആവശ്യമായ നൈട്രജൻ തരും. മറ്റ് രാസവളങ്ങളേക്കാൾ വിലക്കുറവ്. നെൽച്ചെടിക്ക് നടീൽ കഴിഞ്ഞും വളർച്ചാ ഘട്ടത്തിലും യൂറിയ തൂകും. വെളുത്ത ക്രിസ്റ്റൽ രൂപത്തിൽ കാണുന്നു. വെള്ളത്തിൽ ലയിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |