SignIn
Kerala Kaumudi Online
Sunday, 16 August 2026 3.42 AM IST

അനധികൃത വാഹനക്കച്ചവടം ആധാറിൽ പൂട്ടി കേന്ദ്രം

1

തിരുവനന്തപുരം: ആധാറുമായി ബന്ധിപ്പിച്ച മൊബൈലിലേക്കെത്തുന്ന ഒറ്റത്തവണ പാസ്‌വേർഡ് ഉപയോഗിച്ചേ ഉടമസ്ഥാവകാശം കൈമാറാനാകൂവെന്ന നിബന്ധന വാഹനങ്ങൾ മറിച്ചുവിറ്റ് തട്ടിപ്പ് നടത്തുന്ന സംഘങ്ങൾക്ക് തിരിച്ചടി. നേരത്തെ വാങ്ങുന്നവരുടെ രേഖകൾ മാത്രം നൽകിയാൽ മതിയായിരുന്നു. മോഷണ വാഹനങ്ങൾ ഉൾപ്പെടെയുള്ള ഉടമസ്ഥരില്ലാത്ത വാഹനങ്ങൾ വാങ്ങി അനധികൃതമായി മറിച്ചുവിൽക്കുന്ന സംഘങ്ങൾക്കാണ് കേന്ദ്രസർക്കാർ തീരുമാനം തിരിച്ചടിയായത്. വാഹന കൈമാറ്റത്തിൽ ഇടനിലക്കാരുടെ ഇടപെടലും കുറഞ്ഞു. വാഹനങ്ങൾ ഉപയോഗിച്ചുള്ള കുറ്റകൃത്യം വർദ്ധിച്ച പശ്ചാത്തലത്തിലാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഉടമസ്ഥാവകാശ കൈമാറ്റത്തിനും ആധാർ നിർബന്ധമാക്കിയത്. മോട്ടോർ വാഹനവകുപ്പ് ഓഫീസിൽ വരുന്ന 40% അപേക്ഷകളും ഉടമസ്ഥാവകാശ കൈമാറ്റമാണ്.

ഓഫീസിൽ പോകാതെ

അവകാശം കൈമാറാം

ഉടമസ്ഥാവകാശം മാറ്റൽ ആധാർ അധിഷ്ഠിത സേവനമാക്കിയതോടെ അപേക്ഷയുടെ പകർപ്പ് ഓഫീസിലെത്തിക്കേണ്ട. പൂർണമായും ഓൺലൈൻ സേവനമായ ഫേസ്‌ലെസ് സംവിധാനത്തിലേക്ക് മാറി. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തിന്റെ നിർദ്ദേശ പ്രകാരമാണ് മാറ്റമെന്ന് സോഫ്റ്റ്‌വെയറിന്റെ ചുമതലയുള്ള നാഷണൽ ഇൻഫർമാറ്റിക് സെന്റർ (എൻ.ഐ.സി) മോട്ടോർ വാഹനവകുപ്പിനെ അറിയിച്ചു. വാഹന രേഖകളിലെ വായ്പാവിവരം ഒഴിവാക്കുന്നതും ഫേസ്‌ലെസ് ആക്കി. അപേക്ഷ സമർപ്പിച്ചാലുടൻ ധനകാര്യസ്ഥാപനത്തിന് ഓൺലൈനിൽ അറിയിപ്പ് പോകും. കുടിശിക ഇല്ലെന്ന് അവർ അറിയിച്ചാലുടൻ സോഫ്റ്റ്‌വെയർ വായ്പാവിവരം നീക്കും.

 ആധാറുമായി ബന്ധിപ്പിച്ചില്ലേ?

വാഹനരേഖകളിൽ ആധാർ ബന്ധിപ്പിക്കാത്തവർ ഉടൻ ചെയ്യണം. ഇല്ലെങ്കിൽ സേവനങ്ങൾ തടസപ്പെട്ടേക്കാമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു. ആധാറിലും വാഹന രജിസ്‌ട്രേഷൻ രേഖകളിലും ഉടമയുടെ പേര് ഒരു പോലെയല്ലെങ്കിൽ ബന്ധിപ്പിക്കാനാകില്ല. ഇതിനു മുന്നോടിയായി ആധാറിലുള്ളത് പോലെ വാഹന രേഖകളിലെ ഉടമയുടെ പേരും മാറ്റണം. ഇതിന് പ്രത്യേകം അപേക്ഷ നൽകണം. ആധാറിലെ മൊബൈൽ നമ്പർ പ്രവർത്തനക്ഷമമല്ലാത്തവർ പുതിയ മൊബൈൽ നമ്പർ ചേർത്ത ശേഷം രേഖകളുമായി കൂട്ടി യോജിപ്പിക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VEHICLE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA