
കുളത്തൂർ എൻ. ദിലീപ് എഴുതിയ 'കിഴക്കേത്തലയ്ക്കൽ ചെറിയാൻ ജോർജ്" എന്ന പുസ്തകം തിരുവിതാംകൂറിലെ ഒരു കാലഘട്ടത്തിന്റെ ചരിത്രം രേഖപ്പെടുത്തുന്നു. ദിവാൻ സർ സി.പി. രാമസ്വാമി അയ്യരുടെ നിഷ്ഠുര ഭരണത്തിന് എതിരായ ജനകീയ സമരങ്ങൾക്ക് നേതൃത്വം കൊടുത്ത കമ്മ്യൂണിസ്റ്റ് നേതാവ് കെ.സി. ജോർജ്ജിന്റെ ജീവിതം ആഴത്തിലും സമഗ്രമായും ഈ കൃതിയിൽ വരച്ചുകാട്ടുന്നു. കമ്മ്യൂണിസ്റ്റ് സ്ഥാപക നേതാക്കന്മാരിൽ കെ.സിയുടെ പങ്കിനെക്കുറിച്ച് മനസിലാക്കിയിട്ടുള്ളവർ വിരളമാണ്. അതിന് വിരാമമിടുകയാണ് ഈ പുസ്തകം.
അമ്പത് അദ്ധ്യായങ്ങളിലായി കെ.സി. ജോർജ്ജിന്റെ ജീവിതം ആദ്യവസാനം ഒരു മടുപ്പുംകൂടാതെ വായിച്ചുപോകാവുന്ന ലളിതമായ ശൈലിയിലാണ് രചന. അദ്ദേഹത്തിന്റെ ബാല്യം, പഠനകാലം, വക്കീൽപ്പണി. രാഷ്ട്രീയപ്രവർത്തനം, ഒളിവ് ജീവിതം, ജയിൽവാസം, ആദ്യ കേരള സംസ്ഥാന മന്ത്രിസഭയിലെ സത്യപ്രതിജ്ഞ. വിവാഹം, കുടുംബജീവിതം എന്നിവ കൂടാതെ സഖാവിന്റെ അവസാന നാളുകളെക്കുറിച്ച് മൂത്ത മകൻ ചെറിയാൻ ജോർജ്ജിന്റെ വിവരണവും ചേർത്തിരിക്കുന്നു. എൻ. ദിലീപിന്റെ ഈ കൃതി വരുംതലമുറകൾക്ക് പഠനാർഹമായ ഒന്നാണ് എന്ന് മുല്ലക്കര രത്നാകരൻ അവതാരികയിൽ സാക്ഷ്യപ്പെടുത്തുന്നത് ശ്രദ്ധേയമാണ്.
എണ്ണമറ്റ നേതാക്കൾ എത്രമാത്രം ത്യാഗം സഹിച്ചാണ് നാം ഇന്നു കാണുന്ന രാഷ്ട്രീയാവസ്ഥയിൽ എത്തിച്ചേർന്നതെന്ന് ഈ പുസ്തകം വായിക്കുമ്പോൾ മനസിലാകും. ഒരു ഉത്തമ കമ്മ്യൂണിസ്റ്റ് എങ്ങനെ ആയിരിക്കണമെന്ന് കെ.സിയുടെ ജീവിതം വ്യക്തമാക്കുന്നു. കെ.സി. ജോർജ്ജിനെക്കുറിച്ചുള്ള മഹാത്മാഗാന്ധിയുടെ വാക്കുകൾ ഏറെ ശ്രദ്ധേയമാണ്. 'കെ.സി. ജോർജ്ജ് കമ്മ്യൂണിസ്റ്റ് ആണെങ്കിൽ ഞാനും കമ്മ്യൂണിസ്റ്റ് ആണ്" എന്നാണ് ഗാന്ധി പറഞ്ഞത്. കെ.സി. ജോർജ്ജിന് വൈക്കം മുഹമ്മദ് ബഷീറുമായുള്ള അടുപ്പവും പരസ്പര സ്നേഹവും ഈ പുസ്തകത്തിൽ തുറന്നുകാട്ടുന്നുണ്ട്.
കൂടാതെ, കെ.സിയുടെ അമ്മയ്ക്ക് മകനോടുള്ള സ്നേഹം, അന്നമ്മ എന്ന സഹോദരിക്ക് അവരുടെ മരണംവരെ കെ.സിയോട് ഉണ്ടായിരുന്ന സ്നേഹം ഇതെല്ലാം ഈ കൃതി വായിക്കുമ്പോൾ വായനക്കാർക്കു കിട്ടുന്ന കൗതുകങ്ങളായിരിക്കും. ഹൃദയത്തിൽ തട്ടുന്ന ശൈലിയിലാണ് കെ.സിയുടെ മൂത്തമകൻ അദ്ദേഹത്തിന്റെ അന്ത്യനിമിഷത്തെക്കുറിച്ച് വിവരിക്കുന്നത്. ആലപ്പുഴ വലിയ ചുടുകാട്ടിൽ പുന്നപ്ര വയലാർ രക്തസാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്ന മണ്ണിലാണ് കെ.സിയും അന്ത്യവിശ്രമം കൊള്ളുന്നത്.
ആ പുന്നപ്ര വയലാർ സ്വാതന്ത്ര്യ നായകന്റെ ചരിത്രം ക്രമമായി, ഒരു മാലയിലെ മുത്തുകൾ പോലെ അടുക്കിയാണ് കുളത്തൂർ എൻ. ദിലീപ് ഈ പുസ്തകം രചിച്ചിരിക്കുന്നത്. പ്രഭാത് ബുക്ക് ഹൗസ് പ്രസിദ്ധീകരിച്ച ഈ കൃതി രാഷ്ട്രീയ നേതാക്കളും രാഷ്ട്രീയ വിദ്യാർത്ഥികളും ഓരോ വീട്ടിലും വാങ്ങി സൂക്ഷിക്കേണ്ടതാണ്. ചരിത്രത്തെ വളച്ചൊടിക്കുന്ന ഇക്കാലത്ത് ഇത്തരത്തിലുള്ള പുസ്തകങ്ങൾ വായനക്കാരുടെ കൈകളിൽ എത്തേണ്ടത് അനിവാര്യമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |