
കൊച്ചി: നാല് മണ്ഡലങ്ങളിലെ തർക്കവും അനിശ്ചിതത്വവും ഒഴിഞ്ഞ് സ്ഥാനാർത്ഥികൾ കളത്തിലിറങ്ങിയതോടെ യു.ഡി.എഫ് ഉണർവിൽ. ഒരുപടി മുന്നിലെത്തിയ എൽ.ഡി.എഫും പ്രചാരണം ശക്തമാക്കി. എൻ.ഡി.എയും സജീവമായതോടെ ജില്ലയിൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് ചൂടുപിടിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മന്ത്രി പി. രാജീവ്, കേരള കോൺഗ്രസ് ചെയർമാൻ അനൂപ് ജേക്കബ് തുടങ്ങിയ പ്രമുഖരുടെ മത്സരം കൊണ്ട് ശ്രദ്ധേയമാണ് ജില്ല. 14 സീറ്റുകളിലും മൂന്ന് പ്രമുഖ മുന്നണികളുടെയും സ്ഥാനാർത്ഥികൾ പ്രചാരണം സജീവമാക്കി.
യു.ഡി.എഫ് ഉണരുന്നു
കൊച്ചി, തൃപ്പൂണിത്തുറ, വൈപ്പിൻ, പെരുമ്പാവൂർ മണ്ഡലങ്ങളിലെ കോൺഗ്രസ് സ്ഥാനാർത്ഥികൾ ഇന്നലെ പ്രചാരണം ആരംഭിച്ചു. സീറ്റ് മോഹിച്ച് കലഹിച്ചവർ പാർട്ടി തീരുമാനത്തിന് വഴങ്ങി. ഇതോടെ ആശങ്കയും പരിഭവവും ഒഴിഞ്ഞു. കൊച്ചിക്കായി അവകാശം ഉന്നയിച്ച ദീപ്തി മേരി വർഗീസ് പാർട്ടി തീരുമാനം അംഗീകരിച്ച് മുഹമ്മദ് ഷിയാസിന് പിന്തുണ പ്രഖ്യാപിച്ചു.
സീറ്റ് ലഭിക്കാത്ത പെരുമ്പാവൂരിലെ സിറ്റിംഗ് എം.എൽ.എ എൽദോസ് കുന്നപ്പിള്ളിക്ക് പ്രതിഷേധമുണ്ടെങ്കിലും സ്വതന്ത്രനായി മത്സരിക്കാൻ സാദ്ധ്യതയില്ല. മുതിർന്ന നേതാക്കളുൾപ്പെടെ അദ്ദേഹവുമായി സംസാരിച്ചു. സ്ഥാനാർത്ഥി മനോജ് മൂത്തേടൻ പ്രചാരണം ആരംഭിച്ചു. യാക്കോബായസഭാംഗത്തിന് സീറ്റ് ലഭിക്കാത്തത് തിരിച്ചടിയാകില്ലെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. സഭാ നേതാക്കളെ ഉൾപ്പെടെ സന്ദർശിച്ച് പിന്തുണ ഉറപ്പിക്കാനാണ് നീക്കം.
തൃപ്പൂണിത്തുറയിൽ ദീപക് ജോയ് ഇന്നലെ പ്രചാരണം ആരംഭിച്ചു. കെ. ബാബുവിന്റെ മേൽനോട്ടത്തിൽ പ്രചാരണം കൊഴുപ്പിച്ച് വോട്ടുകൾ ഉറപ്പിക്കാമെന്നാണ് നേതാക്കളുടെ പ്രതീക്ഷ. കൊച്ചിയിൽ മുൻ കൊച്ചി മേയർ കൂടിയായ ടോണി ചമ്മിണിയും പ്രചാരണം ആരംഭിച്ചു.
എൽ.ഡി.എഫ് കൈവശമുള്ള വൈപ്പിൻ തിരിച്ചുപിടിക്കുകയാണ് ലക്ഷ്യം.
എൽ.ഡി.എഫ് മുന്നോട്ട്
സ്ഥാനാർത്ഥികളെ ആദ്യം പ്രഖ്യാപിച്ച എൽ.ഡി.എഫ് പ്രചാരണത്തിൽ ഒരുചുവട് മുന്നിലാണ്. പ്രാദേശിക നേതാക്കളും പ്രവർത്തകരും പ്രചാരണത്തിൽ സജീവം. മൂന്നാം എൽ.ഡി.എഫ് സർക്കാരെന്ന ലക്ഷ്യത്തിലാണ് അണിയറനീക്കങ്ങൾ. പാർട്ടി വോട്ടുകൾക്കൊപ്പം ഇതരവിഭാഗങ്ങളെ ആകർഷിക്കാനും പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.
പരിഭവം തീരാതെ എൻ.ഡി.എ
ട്വന്റി 20 ആധിപത്യം നേടിയെന്ന പരിഭവത്തിലും എൻ.ഡി.എ പ്രചാരണം ശക്തമാക്കി. ബി.ജെ.പിയുടെ ഉൾപ്പെടെ മുഴുവൻ സ്ഥാനാർത്ഥികളും രംംത്തിറങ്ങി. ട്വന്റി 20ക്ക് ചില സീറ്റുകൾ നൽകിയത് സംബന്ധിച്ച് ബി.ജെ.പിക്കുള്ളിലെ പരിഭവം മാറിയിട്ടില്ല. പ്രചാരണത്തിലൂടെ മറികടക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി നേതൃത്വം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |