
പെരുമ്പാവൂർ: കോൺഗ്രസും മുൻ കോൺഗ്രസുകാരും തമ്മിലാണ് ഇക്കുറി പെരുമ്പാവൂരിലെ പോരാട്ടം. സിറ്റിംഗ് എം.എൽ.എയെ മാറ്റി പുതിയ സ്ഥാനാർത്ഥിയെ കോൺഗ്രസ് രംഗത്തിറക്കുന്നു. ദീർഘകാലം കോൺഗ്രസിൽ പ്രവർത്തിച്ച് പിരിഞ്ഞവരാണ് എൽ.ഡി.എഫ്., എൻ.ഡി.എ സ്ഥാനാർത്ഥികൾ. സമുദായവോട്ടുകൾ നിർണായകമായ മണ്ഡലത്തിൽ പതിവിലേറെ വീറും വാശിയും വർദ്ധിക്കുമെന്ന് വ്യക്തം.എൽദോസ് കുന്നപ്പിള്ളിയെ ഒഴിവാക്കിയതിൽ യാക്കോബായ സഭയ്ക്കും ഒരുവിഭാഗം കോൺഗ്രസുകാർക്കും പ്രതിഷേധമുണ്ട്.
സ്വതന്ത്രനായി മത്സരിക്കാൻ ഒരുവിഭാഗം കോൺഗ്രസ് പ്രവർത്തകർ എൽദോസ് കുന്നപ്പിള്ളിയോട് ആവശ്യപ്പെട്ടെങ്കിലും ആലോചിച്ച് തീരുമാനിക്കാമെന്ന നിലപാടിലാണ് അദ്ദേഹം. മത്സരിക്കില്ലെന്ന പ്രതീക്ഷയാണ് കുന്നപ്പിള്ളിയുമായി ബന്ധപ്പെട്ട മുതിർന്ന നേതാക്കൾ പ്രകടിപ്പിക്കുന്നത്.
മനോജ് മൂത്തേടൻ
രണ്ടുതവണ പ്രതിനിധീകരിച്ച എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് നിഷേധിച്ച കോൺഗ്രസ് ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് മനോജ് മൂത്തേടനെയാണ് സ്ഥാനാർത്ഥിയാക്കിയത്. പെരുമ്പാവൂർ സ്വദേശി കൂടിയായ അദ്ദേഹം കെ.എസ്.യു, യൂത്ത് കോൺഗ്രസ് എന്നിവയിലൂടെ ശ്രദ്ധേയനായ നേതാവാണ്. ക്രൈസ്തവർക്ക് സ്വാധീനമുള്ള മണ്ഡലത്തിൽ മൂത്തേടനിലൂടെ വിജയം ആവർത്തിക്കാമെന്നാണ് കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും പ്രതീക്ഷ.
ബേസിൽ പോൾ
കോൺഗ്രസ് വിട്ട് കേരള കോൺഗ്രസിൽ (എം) ചേർന്ന ബേസിൽ പോളാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. കോൺഗ്രസ് വോട്ടുകൾ കൂടി വശത്താക്കാൻ എൽദോസിന് കഴിയുമെന്നാണ് എൽ.ഡി.എഫിന്റെ കണക്കുകൂട്ടൽ. മലങ്കരസഭാ തർക്കത്തിൽ എൽ.ഡി.എഫ് സർക്കാരിന് അനുകൂല നിലപാട് സ്വീകരിച്ച യാക്കോബായസഭയുടെ സഹായവും സഭാംഗമായ ബേസിൽ പോളിനെ മത്സരിപ്പിക്കാൻ എൽ.ഡി.എഫിനെ പ്രേരിപ്പിച്ചിട്ടുണ്ട്. പാർട്ടിക്ക് വേണ്ടി വർഷങ്ങളായി പ്രവർത്തിച്ച നേതാക്കളെ തഴഞ്ഞ് ബേസിൽ പോളിനെ മത്സരിപ്പിക്കുന്നതിൽ കേരള കോൺഗ്രസിൽ അമർഷം ഉയർന്നിരുന്നു.
ജിബി പാത്തിക്കൽ
എൻ.ഡി.എയ്ക്ക് വേണ്ടി ട്വന്റി 20യുടെ ജിബി പാത്തിക്കൽ മത്സരിക്കും. യാക്കോബായ സഭയുടെ മാനേജിംഗ് കമ്മിറ്റി അംഗമായ ജിബിയിലൂടെ വോട്ടുപിടിക്കാമെന്നാണ് എൻ.ഡി.എയുടെ പ്രതീക്ഷ. കഴിഞ്ഞ തവണ ട്വന്റി 20യും ബി.ജെ.പിയും നേടിയ വോട്ടുകൾ ഒരുമിക്കുമ്പോൾ നേട്ടമാകുമെന്ന പ്രതീക്ഷയിലാണ് എൻ.ഡി.എ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |