
കൊച്ചി: വൈപ്പിൻ ദ്വീപ സമൂഹം ഉൾപ്പെടുന്ന നിയമസഭാ മണ്ഡലം ആദ്യ കാലത്ത് ഒരു മുന്നണിയുടേയും ഉരുക്കുകോട്ടയായിരുന്നില്ല. എന്നാൽ ഞാറയ്ക്കൽ എന്ന സംവരണ മണ്ഡലം, വൈപ്പിൻ എന്ന ജനറൽ സീറ്റായി മാറിയ ശേഷം നടന്ന മൂന്നു തിരഞ്ഞെടുപ്പുകളിലും ഇവിടെ ചെങ്കൊടി പാറി. ഇത്തവണ മണ്ഡലം തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോൾ സ്ഥാനാർത്ഥികൾ മാത്രമല്ല, സാഹചര്യങ്ങളും മാറി.
സി.പി.എമ്മിന്റെ വനിതാ മുഖവും പുതുമുഖവുമായ എം.ബി. ഷൈനിയാണ് ഇടതു മുന്നണി സ്ഥാനാർത്ഥി. കൊച്ചി മുൻ മേയർ ടോണി ചമ്മിണി യു.ഡി.എഫിനായി മത്സരിക്കുന്നു. ട്വന്റി20 എൻ.ഡി.എ പക്ഷത്ത് എത്തിയ ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിൽ നടിയും നർത്തകിയുമായ അനിത തോമസാണ് സ്ഥാനാർത്ഥി.
വൈപ്പിനിലെ സിറ്റിംഗ് എം.എൽ.എ കെ.എൻ. ഉണ്ണിക്കൃഷ്ണനും കഴിഞ്ഞ തവണത്തെ എതിരാളിയായിരുന്ന യു.ഡി.എഫിലെ ദീപക് ജോയിയും ഇക്കുറി തൃപ്പൂണിത്തുറയിലേക്ക് കൂടുമാറി.
2021ൽ ഇവർ വൈപ്പിനിൽ മാറ്റുരച്ചപ്പോൾ 8201 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയം ഉണ്ണിക്കൃഷ്ണനൊപ്പം നിന്നു. അതിന് മുമ്പ് 2011ലും 2016ലും എസ്. ശർമ്മയാണ് ഇടതുപക്ഷത്തിന് വിജയം സമ്മാനിച്ചത്.
തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ പഞ്ചായത്തുകളിൽ നേരിയ മുൻതൂക്കം നേടാനായത് ഇടതുപക്ഷത്തിന് ആത്മവിശ്വാസമാകുന്നു. തിരഞ്ഞെടുപ്പുകളുടെ നയതന്ത്രം വ്യക്തമായി അറിയാവുന്ന ടോണി ചമ്മിണി കടുത്ത വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.
2021ൽ ബി.ജെ.പിക്കും ട്വന്റി20 പാർട്ടിക്കും കിട്ടിയ വോട്ടുകൾ ചേർത്തെടുത്താൽ അത് മുപ്പതിനായിരത്തിൽപ്പരം വരും. ഇത്തവണ ഇവർ ഒരുമിച്ചു നിൽക്കുമ്പോൾ അതിന്റെ സ്വാധീനവും പ്രതിഫലിക്കും.
മുനമ്പത്തിന്റെ മുറിവ്
തീരദേശ, കായലോര മണ്ഡലമായ വൈപ്പിനിൽ മത്സ്യമേഖലയിലെ പ്രതിസന്ധിയും കടലാക്രമണ പ്രശ്നങ്ങളും സ്ഥിരം പ്രശ്നമാണ്. മത്സ്യത്തൊഴിലാളികൾ ഇപ്പോഴും പാതി വറുതിയിൽത്തന്നെയാണ്. എടവനക്കാട് പഞ്ചായത്തിലടക്കം കടൽഭിത്തി നിർമ്മാണം പാതിവഴിയിലുമാണ്. അതിനിടയിൽ ശക്തമായ രാഷ്ട്രീയ പ്രശ്നമായി ഉയർന്നുവന്ന മുനമ്പം വഖഫ് ഭൂമി തർക്കം മണ്ഡലത്തിന്റെ പരിധിയിലാണ്. കിടപ്പാടം നഷ്ടപ്പെടുമെന്ന ആശങ്കയിൽ സമരരംഗത്തിറങ്ങിയ നൂറു കണക്കിന് കുടുംബങ്ങളെ എല്ലാ മുന്നണിയും പിന്തുണച്ചുവെന്നത് വസ്തുതയാണ്. എന്നാൽ മുനമ്പത്ത് എൻ.ഡി.എയാണ് കൂടുതൽ സ്കോർ ചെയ്തത്. സമരക്കാരിൽ പലരും ബി.ജെ.പിയിൽ ചേരുകയും ചെയ്തിരുന്നു. കോടതി ഇടപെടലിൽ രംഗം ശാന്തമായെങ്കിലും തിരഞ്ഞെടുപ്പിൽ മുനമ്പം പ്രശ്നവും തിരയടിയ്ക്കും.
2021ലെ വോട്ടുനില
കെ.എൻ. ഉണ്ണികൃഷ്ണൻ (എൽ.ഡി.എഫ്) - 53,858(41.24%)
ദീപക് ജോയ് (യു.ഡി.എഫ്) - 45,657(34.95%)
ജോബ് ചക്കാലക്കൽ (ട്വന്റി20)- 16,707(12.79%)
കെ.എസ്. ഷൈജു(ബി.ജെ.പി) - 13,540(10.37%)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |