
കൊച്ചി: തിരഞ്ഞെടുപ്പ് ജോലിക്ക് ചുമതലപ്പെട്ട കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പരിധിയിലെ 2700 ൽപരം പൊലീസ് ഉദ്യോഗസ്ഥരുടെ പോസ്റ്റൽ ബാലറ്റിനെച്ചൊല്ലി സേനയിൽ പോര് മുറുകി. പൊലീസ് അസോസിയേഷനുകളിലെ രാഷ്ട്രീയ ഭിന്നതകളുൾപ്പെടെയാണ് വിവാദത്തിന് തിരികൊളുത്തിയത്.
പോസ്റ്റൽ ബാലറ്റ് രേഖപ്പെടുത്താൻ സർക്കാർ ഉദ്യോഗസ്ഥർക്ക് ഫോം 12, ഫോം 12 ഡി എന്നിവയിൽ ഏതെങ്കിലും ഒരു ഫോമിലാണ് അപേക്ഷിക്കേണ്ടത്. ഫോം 12 ഡി പ്രകാരം അപേക്ഷിക്കുന്നവർക്ക് സ്വന്തം നിയോജക മണ്ഡലങ്ങളിലെ ഫെസിലിറ്റേഷൻ സെന്ററുകളിൽ വോട്ട് ചെയ്യാം. ഫോം 12ൽ അപേക്ഷിക്കുന്നവർക്ക് ജോലി ചെയ്യുന്ന ജില്ലയിലെ ഫെസിലിറ്റേഷൻ സെന്ററിൽ മാത്രമാണ് വോട്ടാവകാശം.
കൊച്ചി സിറ്റിയിലെ പൊലീസുകാർക്ക് ഫോം 12 ഡി നിഷേധിക്കുകയും ഫോം 12 മാത്രം അനുവദിച്ചതുമാണ് പ്രതിഷേധത്തിന് കാരണം. ഇതോടെ, സ്വന്തം നിയോജകമണ്ഡലങ്ങളിൽ വോട്ട് രേഖപ്പെടുത്താൻ അവസരം നിഷേധിക്കപ്പെട്ടുവെന്നാണ് പരാതി. മറ്റ് പൊലീസ് ജില്ലകളിലെ പൊലീസുകാർക്ക് രണ്ട് ഫോമുകളും ലഭ്യമാക്കിയിട്ടുണ്ട്. കാക്കനാട് മാർ അത്തനേഷ്യസ് സ്കൂളിലാണ് സിറ്റി പൊലീസുകാർക്ക് ബാലറ്റ് വോട്ട് രേഖപ്പെടുത്താനുള്ള ഏക ഫെസിലിറ്റേഷൻ സെന്റർ. ബുധനാഴ്ച ആരംഭിച്ച വോട്ട് രേഖപ്പെടുത്തൽ 6ന് സമാപിക്കും. ബഹുഭൂരിപക്ഷം പൊലീസുകാരും ഈ സാഹചര്യത്തിൽ വോട്ട് ചെയ്യാൻ താത്പര്യം കാട്ടുന്നില്ലെന്നാണ് ആക്ഷേപം.
ആരോപണം ശരിയല്ലെന്ന്
വിശദീകരണം
ആരോപണങ്ങൾ ശരിയല്ലെന്ന് ബന്ധപ്പെട്ടവർ വിശദീകരിച്ചു. കൊച്ചി സിറ്റിയിലെ 2700 പൊലീസുകാരിൽ 80 ശതമാനവും പോസ്റ്റൽ ബാലറ്റിന് അപേക്ഷിച്ചിരുന്നു. ഇവർക്കെല്ലാം സ്വന്തം നിയോജകമണ്ഡലങ്ങളിൽ വോട്ട് രേഖപ്പെടുത്താൻ അവസരം നൽകുന്നത് പ്രായോഗികമല്ല. വി.വി.ഐ.പി ഡ്യൂട്ടിയെ ഉൾപ്പെടെ ഇത് ബാധിക്കും. കഴിയുന്നത്ര വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരമാണ് ഫോം 12 ലഭ്യമാക്കി ജില്ലയിലെ ഫെസിലിറ്റേഷൻ സെന്ററിൽ വോട്ട് രേഖപ്പെടുത്താൻ അവസരമൊരുക്കിയത്. വിജിലൻസ്, ക്രൈംബ്രാഞ്ച് തുടങ്ങിയ സ്പെഷ്യൽ വിഭാഗങ്ങൾക്കും ഹൈക്കോടതി ജഡ്ജിമാരുടെ സുരക്ഷാച്ചുമതലയുള്ള ഉദ്യോഗസ്ഥർക്കും ഉൾപ്പെടെ 180 പൊലീസുകാർക്ക് ഫോം 12 ഡി അനുവദിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |