
കൊച്ചി: ഒരു മാസത്തെ കാത്തിരിപ്പിന് വിരാമമിട്ട് വോട്ടുപെട്ടി തുറക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി. 14ൽ അഞ്ച് മണ്ഡലങ്ങളാണ് നിലവിൽ ഇടതിനൊപ്പം. ഇത് വർദ്ധിപ്പിക്കുമെന്ന് ഇടതുപക്ഷവും, ഏത് കൊടുങ്കാറ്റിലും ഉലയാത്ത വലതു കോട്ടയെന്ന ജില്ലയുടെ വിശേഷണം നിലനിറുത്തുമെന്ന് യു.ഡി.എഫും, തൃപ്പൂണിത്തുറയും കുന്നത്തുനാടും വിജയ സാദ്ധ്യതയുണ്ടെന്ന് എൻ.ഡി.എയും അവകാശപ്പെടുന്നു.
ഇടതിന്റെ കൈയിലുള്ള സീറ്റുകൾ കൂടി തിരിച്ചുപിടിച്ച് ക്ലീൻ സ്വീപ്പെന്ന് യു.ഡി.എഫ്. നിലവിലുള്ള അഞ്ചിന് പുറമേ ഒന്നോ രണ്ടോ സീറ്റുകൾ കൂടി ലഭിച്ചേക്കുമെന്ന് ഇടതു പ്രതീക്ഷ. എം.സ്വരാജിൽ നിന്ന് കെ. ബാബു പിടിച്ചെടുത്ത തൃപ്പൂണിത്തുറ ഇടതുപക്ഷം ഉറപ്പിക്കുന്ന സീറ്റുകളിലൊന്നാണ്. എൽദോ എബ്രഹാമിൽ നിന്ന് മാത്യു കുഴൽനാടൻ പിടിച്ചെടുത്ത മൂവാറ്റുപുഴയിൽ ശക്തമായ മത്സരം നടന്നുവെന്നാണ് ഇടത് കണക്കുകൂട്ടൽ. അഞ്ച് മണ്ഡലങ്ങളിൽ ഇരുമുന്നണികളും ഒരുപോലെ ഉറച്ച വിജയം അവകാശപ്പെടുന്നു. അതിൽ നാലും എൽ.ഡി.എഫിനൊപ്പവും ഒരെണ്ണം യു.ഡി.എഫിനൊപ്പവുമാണ്.
കൊച്ചി, വൈപ്പിൻ, കുന്നത്തുനാട്, കോതമംഗലം, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലെ ഫലം പ്രവചനാതീതമെന്ന് ഇരു മുന്നണികളും പറയുന്നു
പറവൂർ, എറണാകുളം, പെരുമ്പാവൂർ, അങ്കമാലി, ആലുവ, തൃക്കാക്കര മണ്ഡലങ്ങളിൽ യു.ഡി.എഫ് ഉറച്ച വിജയം ആവർത്തിക്കുമെന്ന കണക്കുകൂട്ടലിലാണ്
വൈപ്പിൻ
ഇടതിന്റെ കെ.എൻ. ഉണ്ണിക്കൃഷ്ണൻ 2021ൽ 8,201 വോട്ടിന് വിജയിച്ചു. വികസനമില്ലായ്മയും എം.എൽ.എയോടുള്ള അവമതിപ്പും വോട്ടാകുമെന്ന് യു.ഡി.എഫും വികസന പ്രവർത്തനങ്ങൾ തുടർജയം സമ്മാനിക്കുമെന്ന് എൽ.ഡി.എഫും. ശക്തമായ സാന്നിദ്ധ്യമാകുമെന്ന് എൻ.ഡി.എയും.
കൊച്ചി
2016ലും 2021ലും കെ.ജെ. മാക്സിയിലൂടെ എൽ.ഡി.എഫ് നേടിയ മണ്ഡലം. ഡി.സി.സി അദ്ധ്യക്ഷൻ മുഹമ്മദ് ഷിയാസിന്റെ സ്ഥാനാർത്ഥിത്വമാണ് യു.ഡി.എഫിന്റെ കീ പോയിന്റ്. പത്തു വർഷം മണ്ഡലത്തിൽ നടപ്പാക്കിയ വികസനം വോട്ടാകുമെന്ന് എൽ.ഡി.എഫ്. ജയപരാജയങ്ങൾ നിർണയിക്കുന്നത് തങ്ങൾ പിടിക്കുന്ന വോട്ടെന്ന് എൻ.ഡി.എ
തൃപ്പൂണിത്തുറ
2021ൽ യു.ഡി.എഫിനായി കെ. ബാബു തിരിച്ചുപിടിച്ച മണ്ഡലം. ദീപക് ജോയിയുടെ സ്വീകാര്യതയും സിറ്റിംഗ് എം.എൽ.എ കെ. ബാബുവിന്റെ പിന്തുണയും വോട്ടാകുമെന്ന് യു.ഡി.എഫും കെ.എൻ. ഉണ്ണിക്കൃഷ്ണന്റെ സ്ഥാനാർത്ഥിത്വവും മണ്ഡലത്തിലെ വികസന മുരടിപ്പും വോട്ടാകുമെന്ന് എൽ.ഡി.എഫും കണക്കുകൂട്ടുന്നു.
കുന്നത്തുനാട്
2021പി.വി. ശ്രീനിജിനിലൂടെ ഇടത്തേക്ക് ചാഞ്ഞ മണ്ഡലം. ഭൂരിപക്ഷം 2,715 മാത്രം. പി.വി. ശ്രീനിജിനെതിരായ പാളയത്തിൽ പടയും വി.പി. സജീന്ദ്രന്റെ ജനകീയതയും യു.ഡി.എഫിന്റെ വിജയപ്രതീക്ഷ. ട്വന്റി 20യുടെ തട്ടകത്തിൽ അവരുടെ വിജയം കണക്കുകൂട്ടുന്നു. എന്തായാലും ജില്ലയിലെ ശ്രദ്ധേയമായ പോരാട്ടവേദിയാണ് കുന്നത്തുനാട്.
കോതമംഗലം
2016ലും 2021ലും ഇടതുവിജയം. ഭൂരിപക്ഷം ക്രമേണ കുറഞ്ഞതും മണ്ഡലത്തിലെ വികസന മുരടിപ്പും യു.ഡി.എഫിന്റെ പ്രതീക്ഷ. തുടർവിജയങ്ങളും ആന്റണി ജോണിന്റെ വ്യക്തി പ്രഭാവവും ഇടതു പ്രതീക്ഷ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |