
കോതമംഗലം: കോതമംഗലത്തുനിന്ന് നിയമസഭാംഗമാകുക എന്ന ലക്ഷ്യം മുൻനിറുത്തി പതിറ്റാണ്ടുകളായി പ്രവർത്തിച്ചതിന്റെ ഫലമാണ് ഷിബു തെക്കുംപുറത്തിന്റെ വിജയം. ആദ്യ അവസരത്തിൽ പരാജയപ്പെട്ടെങ്കിലും നിരാശനാകാതെ രണ്ടാമത്തെ അവസരത്തിൽ ലക്ഷ്യം നേടാനായി. ടി.യു.കുരുവിളയ്ക്ക് ശേഷം കേരളാ കോൺഗ്രസിൽ നിന്നുള്ള സ്ഥാനാർത്ഥിയായാണ് ഷിബു തെക്കുംപുറം മത്സരരംഗത്തുവന്നത്. 2021ൽ പരാജയപ്പെട്ടെങ്കിലും വീണ്ടും മണ്ഡലത്തിൽ നിറസാന്നിദ്ധ്യമായി തുടർന്നു. പാർട്ടിയുടേയും യു.ഡി.എഫിന്റേയും രാഷ്ട്രീയം ഉയർത്തിപ്പിടിച്ച് നിരവധി സമരങ്ങളും പരിപാടികളും സംഘടിപ്പിച്ച് രാഷട്രീയരംഗത്ത് നിറഞ്ഞുനിൽക്കാൻ അദ്ദേഹം ശ്രമിച്ചു. വികസന മുരടിപ്പും വന്യമൃഗശല്യവും അദ്ദേഹം ഏറ്റെടുത്ത വിഷയങ്ങളായിരുന്നു. രാഷ്ട്രീയത്തിനതീതമായ പ്രവർത്തനങ്ങളും തെക്കുംപുറത്തിന്റെ വിജയഘടകമായി. സാമൂഹ്യപ്രവർത്തനങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും മാതൃകയായി. എന്റെ നാട് ജനകീയകൂട്ടായ്മയിലൂടെയായിരുന്നു ഈ പ്രവർത്തനങ്ങൾ. പാലിയേറ്റീവ് രംഗത്തെ പ്രവർത്തനം രാഷ്ട്രീയ എതിരാളികൾപോലും വിലമതിക്കുന്നതാണ്. തികച്ചും സൗജന്യമായി നൂറുകണക്കിനാളുകൾക്ക് പാലിയേറ്റീവ് സേവനം ലഭിക്കുന്നുണ്ട്. അർഹരായവർക്ക് മാസംതോറും നൽകിവരുന്ന പെൻഷൻ, ഭക്ഷ്യക്കിറ്റ് വിതരണവും ഷിബു തെക്കുംപുറത്തിന് വോട്ടായി മാറിയിട്ടുണ്ട്. എന്റെ നാടിന്റെ പ്രവർത്തനങ്ങളിലൂടെ സ്ത്രീ വോട്ടർമാരെ കൈയിലെടുക്കാനും ഷിബു തെക്കുംപുറത്തിന് കഴിഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |