
വൈപ്പിൻ: വൈപ്പിൻ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ടോണി ചമ്മണിയുടെ വിജയം യു.ഡി.എഫിന്റെ മുന്നേറ്റത്തോടൊപ്പം എൻ.ഡി.എയ്ക്കുണ്ടായ തിരിച്ചടിയും നിർണായകമാക്കി. മണ്ഡലത്തോട് ചേർന്നുള്ള കൊച്ചിയുടെ മേയറായിരുന്നതിന്റെ തിളക്കവും ടോണിക്ക് സഹായകരമായി. എട്ട് ഗ്രാമപഞ്ചായത്തുകളിൽ പള്ളിപ്പുറം മാത്രമാണ് ഇടതിന് വ്യക്തമായ ഭൂരിപക്ഷമുള്ളതെങ്കിലും കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി സി.പി.എം സ്ഥാനാർത്ഥികളാണ് ഇവിടെ വിജയിച്ചിരുന്നത്. യു.ഡി.എഫ് സ്ഥാനാർത്ഥികളെക്കാൾ മികച്ച സ്ഥാനാർത്ഥികളെ കണ്ടെത്തി അവതരിപ്പിച്ചതിനാലാണ് മണ്ഡലത്തിലെ തങ്ങളുടെ പോരായ്മയെ അവർ മറികടന്നുകൊണ്ടിരുന്നത്. ഇത്തവണ 15,648 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫിനെ പരാജയപ്പെടുത്തിയപ്പോൾ അതിൽ എൻ.ഡി.എയ്ക്കുണ്ടായ തിരിച്ചടിയും വലിയൊരു ഘടകമായി.
2021ൽ ബി.ജെ.പിക്ക് 13,540 വോട്ടുകളും ട്വന്റി 20ക്ക് 16,707 വോട്ടുകളും കൂടി ആകെ 30,247 വോട്ടുകൾ ലഭിച്ചപ്പോൾ, ഇത്തവണ ഇരുപാർട്ടികളും ഒന്നിച്ച് എൻ.ഡി.എയായി മത്സരിച്ചപ്പോൾ ലഭിച്ചത് 13,637 വോട്ടുകൾ മാത്രം. 16,610 വോട്ടുകളാണ് എൻ.ഡി.എയ്ക്ക് നഷ്ടമായത്. ഈ വോട്ടുകൾ സ്വാഭാവികമായും യു.ഡി.എഫിന് ലഭിച്ചപ്പോൾ 15,648 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് ജയിച്ചുകയറി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ലഭിച്ചതിനേക്കാൾ 3,394 വോട്ടുകളുടെ കുറവാണ് അവർക്ക് ഇത്തവണ ഉണ്ടായത്. നിലവിലെ കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എയെ തൃപ്പൂണിത്തുറയിലേക്ക് മാറ്റിയതും മണ്ഡലത്തിലെ അനുഭാവികൾക്കിടയിൽ ചർച്ചയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |