കൊച്ചി: സ്ഥാനാർത്ഥി പ്രഖ്യാപനത്തിലെ അനിശ്ചിതത്വവും പിന്നാലെയുണ്ടായ തർക്കങ്ങളും മറന്ന് യു.ഡി.എഫ് നടത്തിയ ചിട്ടയായ പ്രവർത്തനമാണ് കൊച്ചിയിൽ കോൺഗ്രസിന് വിജയവഴി തുറന്നത്. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ വിജയിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നേതാക്കളും പ്രവർത്തകരും ആവേശത്തോടെ രംഗത്തിറങ്ങിയതോടെ, കെ.ജെ മാക്സിയിലൂടെ മണ്ഡലം മൂന്നാം വട്ടവും നിലനിറുത്താമെന്ന ഇടതുമുന്നണിയുടെ മോഹം പൊലിയുകയായിരുന്നു.
മുമ്പ് മട്ടാഞ്ചേരി മണ്ഡലമായിരുന്നപ്പോൾ മുസ്ലിം ലീഗിന്റെ ഉറച്ച കോട്ടയായിരുന്നു കൊച്ചി. ഒരിക്കൽ ഇടതു സ്വതന്ത്രൻ എം.എ തോമസ് അട്ടിമറി വിജയം നേടിയതൊഴിച്ചാൽ മണ്ഡലം എപ്പോഴും യു.ഡി.എഫിനൊപ്പമായിരുന്നു. 2011ൽ കൊച്ചി താലൂക്കിലെ നഗരസഭാ വാർഡുകളും കുമ്പളങ്ങി പഞ്ചായത്തും ഉൾപ്പെടുത്തി കൊച്ചി മണ്ഡലം പുനർനിർണയം ചെയ്തപ്പോഴും വോട്ടർമാർ വലതുപക്ഷത്തോട് ആഭിമുഖ്യം പുലർത്തി.
2011ൽ യു.ഡി.എഫിലെ ഡൊമിനിക്ക് പ്രസന്റേഷൻ 16,863 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചെങ്കിലും 2016ൽ കോൺഗ്രസിലെ പടലപ്പിണക്കങ്ങൾ തിരിച്ചടിയായി. ഇത് കെ.ജെ മാക്സിയെ നിയമസഭയിലെത്തിച്ചു. 2021ലും ഉൾപാർട്ടി പോര് തുടർന്നത് കോൺഗ്രസിന് വിനയായി. ന്യൂനപക്ഷ വോട്ടുകൾ വലിയതോതിൽ കോൺഗ്രസിലേക്ക് തിരിച്ചെത്തിയതും കെ.ജെ മാക്സി എം.എൽ.എയുടെ പരാജയത്തിന് കാരണമായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |