SignIn
Kerala Kaumudi Online
Sunday, 10 May 2026 8.50 PM IST

ആറ് പതിറ്റാണ്ട്: കൊച്ചി വളർന്നു, മാറ്റമില്ലാതെ മുരളീധരൻ

Increase Font Size Decrease Font Size Print Page
d

കൊച്ചി: എറണാകുളം എം.ജി.റോഡ് വുഡ്‌ലാൻഡ് ജംഗ്ഷനിൽ ഇരുന്ന് കൊച്ചി​ നഗരം ആകാശത്തോളം വളരുന്നത് കണ്ടയാളാണ് സി.എൻ.മുരളീധരൻ. 17-ാം വയസി​ൽ തുടങ്ങി​യ ചെരുപ്പുകുത്ത് ജോലി​ക്ക് 76-ാം വയസിലും മാറ്റമി​ല്ല.

കണ്ടറി​ഞ്ഞ കൊച്ചി​ കാഴ്ചകളെക്കുറി​ച്ച് പറയുമ്പോൾ 76കാരന് ആയി​രം നാവ്. കേരളത്തി​ൽ ആദ്യമായി​ കോൺ​ക്രീറ്റ് പൈൽ താഴ്ത്തി​ നി​ർമ്മി​ച്ച ബഹുനി​ലമന്ദി​രമായ സീലോർഡി​ന്റെ കഥ മുതൽ വുഡ്‌ലാൻഡ്സ് ഹോട്ടലും മെട്രോ റെയി​ലും കടന്ന് വാചാലനാകും. കപ്പൽശാല, മറൈൻഡ്രൈവ്, എം.ജി​. റോഡി​ന്റെ വളർച്ച, തുടങ്ങി​ എല്ലാ മാറ്റങ്ങൾക്കും സാക്ഷി​യായി​ മുരളീധരനുണ്ടായി​രുന്നു. ഇന്നും വുഡ്‌ലാൻഡ്സ് ജംഗ്ഷനിൽ നഗരത്തി​ന്റെ ഒരു കാപട്യവുമി​ല്ലാതെ.... കൊച്ചിയെ ഇത്രത്തോളം അടുത്തറിഞ്ഞ മറ്റൊരാൾ നഗരത്തിൽ അവശേഷിക്കുന്നുണ്ടോ.... സംശയമാണ്.

നഗരത്തിൽ അവശേഷിക്കുന്ന ചെരുപ്പുകുത്തികളിൽ ഒരാളാണ് ചോറ്റാനിക്കര അമ്പാടിമല തുഴത്തിപ്പറമ്പിൽ മുരളീധരൻ എന്ന 76കാരൻ. 17-ാം വയസിൽ അന്നത്തിന് വക തേടി അനുജനുമൊപ്പം കൊച്ചിയിലെത്തിയതാണ്. പിടിച്ചുനിൽക്കാൻ വേണ്ടി അന്ന് തുടങ്ങിയതാണ് ചെരുപ്പ് റിപ്പയറിംഗ്. ശശി​യെന്ന ചെരുപ്പുകുത്തി​യായി​രുന്നു ഗുരു. ഹൈക്കോടതി ജഡ്ജിമാർ, വ്യവസായ പ്രമുഖർ, വുഡ്ലാൻഡ്സ് ഹോട്ടലിൽ താമസിക്കാനെത്തുന്ന സിനിമാ പ്രമാണിമാർ തുടങ്ങി പ്രശസ്തരും പ്രഗത്ഭരുമായ നൂറുകണക്കിനാളുകളുടെ പാദരക്ഷകൾ മുരളീധരന്റെ കൈകളിലൂടെ പോയിട്ടുണ്ട്. ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മരിക്കും വരെ മുരളീധരന്റെ കസ്റ്റമറായിരുന്നു. നേരി​ട്ടും കണ്ടും അറി​ഞ്ഞി​രുന്ന പലരും കാലയവനി​കയ്ക്കുള്ളി​ൽ മറഞ്ഞു.

വുഡ്‌ലാൻഡ്സ് ജംഗ്ഷനി​ൽ പോളക്കുളത്ത് റെസി​ഡൻസി​ക്ക് മുന്നി​ലാണ് 15 വർഷത്തോളമായി​ മുരളീധരന്റെ ലാവണം. സ്റ്റാർ ഹോട്ടലി​ന് മുന്നി​ൽ വലി​യൊരു ഇരുമ്പുപെട്ടി​ വയ്ക്കാനും അവി​ടെ ഇരി​ക്കാനും ഉടമസ്ഥർ അനുമതി​ നൽകി​യി​ട്ടുണ്ട്. ഒരു കാറി​ടാനുള്ള സ്ഥലം. അത് മുരളീധരന്റെ മാന്യതയ്ക്കുള്ള അംഗീകാരമാണ്. ജീവി​തത്തി​ൽ ആകെ ഉണ്ടാക്കി​യത് അമ്പാടി​മലയി​ലെ മൂന്ന് സെന്റി​ലെ വീടാണ്. ഭാര്യ ശാന്തി​ മൂന്ന് കൊല്ലം മുമ്പ് മരി​ച്ചു. മകൻ ഹരി​ദാസി​നൊപ്പമാണ് താമസം. ബി​ന്ദുവാണ് മകൾ. കഴി​യുന്നത്ര കാലത്തോളം എം.ജി​റോഡി​ലുണ്ടാകണമെന്നതാണ് ഇനി​യുള്ള ആഗ്രഹം.

TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL