
ഒരേയൊരു സതീശൻ
കൊച്ചി: എം.എൽ.എമാരാണോ, ജനങ്ങളാണോ വലുതെന്ന ചോദ്യത്തിന് വൈകിയാണെങ്കിലും ഉത്തരം ലഭിച്ചതോടെ വി.ഡി. സതീശന്റെ പ്രതിച്ഛായയ്ക്ക് തിളക്കമേറുന്നു. ആദ്യം തിരിച്ചടിയെന്നു തോന്നിച്ചെങ്കിലും, ഒടുവിൽ ഇരട്ടിമധുരം!. നേരത്തേ എഴുതി തയ്യാറാക്കിയ തിരക്കഥയുടെ ക്ലൈമാക്സ് മാറ്റാൻ ഹൈക്കമാൻഡ് നിർബന്ധിതമായത് സാധാരണ പ്രവർത്തകരുടെ വിജയം.
ഏതു വിഷയത്തിലും വ്യക്തവും ശക്തവുമായ നിലപാടുകളിലൂടെ വ്യത്യസ്തനായ വി.ഡി.എസ്, മുഖ്യമന്ത്രിപദത്തെ ചൊല്ലിയുള്ള അവകാശത്തർക്കങ്ങളിൽ ഒരിക്കൽപോലും നിലവിട്ടു പെരുമാറിയില്ല. തർക്കം മുറുകി അണികൾ ഇളകിമറിഞ്ഞപ്പോഴും അദ്ദേഹം കൂളായിരുന്നു. പാർട്ടിയെ വെട്ടിലാക്കുന്ന ഒരു അഭിപ്രായപ്രകടനവും നടത്തിയില്ല. രാഷ്ട്രീയ ജീവിതത്തിൽ ഇതുവരെ ഗുരുതരആരോപണങ്ങൾ അദ്ദേഹത്തിനെതിരെ ഉയർന്നിട്ടുമില്ല. എം.എൽ.എയും, പ്രതിപക്ഷ നേതാവും ആയിരുന്നപ്പോൾ, പദവികളുടെ തലക്കനം കാട്ടിയില്ല. പറവൂരിൽ വരുമ്പോഴൊക്കെ വീടും പരിസരവും പ്രവർത്തകരെക്കൊണ്ട് നിറയുമായിരുന്നു. പരാതികൾ നേരിട്ടുവാങ്ങണമെന്നും കാര്യങ്ങൾ ചോദിച്ചറിയണമെന്നും നിർബന്ധമുണ്ട്. ഈ ജനകീയതയ്ക്കു മുന്നിലാണ് ഹൈക്കമാൻഡ് മുട്ടുമടക്കിയത്.
ഹൈക്കമാൻഡിന്റെ തീരുമാനം നീളുംതോറും ജനപിന്തുണ ആർക്കെന്നു വ്യക്തമാകുകയായിരുന്നു. ചർച്ചകളിൽ അദ്ദേഹം പിന്തള്ളപ്പെടുന്നതിന്റെ സൂചനകൾ പറത്തുവന്നപ്പോൾ, പ്രവർത്തകർ ഇളകി. അവസരത്തിനൊത്ത് നിലപാടുകൾ മാറ്റിയ നേതാക്കളെ പ്രവർത്തകർ സമൂഹമാദ്ധ്യമങ്ങളിൽ 'വലിച്ചുകീറി".സാദ്ധ്യതകളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് അവസാനഘട്ടം വരെ ചിരിയോടെ പ്രതികരിച്ചു. മുനവച്ച ചോദ്യങ്ങൾക്ക് സ്വതസിദ്ധ ശൈലിയിൽ നെറ്റിചുളിച്ച്, വിരൽ ചൂണ്ടി മറുപടി പറഞ്ഞു.
ഈ ജനകീയ വിജയത്തിന് മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ അനുഭവങ്ങളുമായി സാമ്യമേറെയാണ്. തിരഞ്ഞെടുപ്പിൽ വി.എസിന് സീറ്റ് ലഭിക്കാതിരുന്നപ്പോൾ ജനങ്ങൾ തെരുവിലിറങ്ങിയിരുന്നു. അദ്ദേഹം ജയിച്ചുവന്നപ്പോൾ, മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവും ശക്തമായി. രാഷ്ട്രീയത്തിനതീതമായ സ്വീകാര്യതയാണ് അദ്ദേഹത്തിന് ലഭിച്ചത്. ഈ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് നൂറ് സീറ്റിലേറെ നേടുമെന്ന് ആത്മവിശ്വാസത്തോടെ പറഞ്ഞ ഏക നേതാവാണ് വി.ഡി.എസ്. കരുത്തരായ എതിരാളികളുടെ വിമർശനങ്ങൾക്ക് കരുതലോടെ മറുപടി നൽകി പക്വതകാട്ടി. തിരഞ്ഞെടുപ്പിനു ശേഷവും യു.ഡി.എഫ് റെക്കാഡ് വിജയം നേടുമെന്നും എൽ.ഡി.എഫ് മന്ത്രിമാർ കൂട്ടത്തോടെ തോൽക്കുമെന്ന് പറഞ്ഞതും ശരിയായി. അത്രമാത്രം കൃത്യമായിരുന്നു കണക്കുകൂട്ടൽ.
സ്വീകരണയോഗങ്ങളിൽ സംഘാടകർ അടുത്ത മുഖ്യമന്ത്രിയെന്നു വിശേഷിപ്പിച്ചപ്പോൾ നിസംഗതയോടെ കേട്ടിരുന്നു. ആരാകും മുഖ്യമന്ത്രിയെന്ന ചോദ്യങ്ങൾക്ക്, പാർട്ടി തീരുമാനിക്കുമെന്ന് മറുപടി നൽകി. സ്വന്തം നേട്ടങ്ങൾ ഉയർത്തിക്കാട്ടിയതുമില്ല. കേന്ദ്രനേതാക്കളുമായുള്ള ചർച്ചകളിൽ കാര്യങ്ങൾ വിശദീകരിച്ചതല്ലാതെ, പിടിവാശി കാട്ടിയില്ല.
ഗ്രൂപ്പില്ലാ നേതാവ്
ഗ്രൂപ്പുകൾക്ക് പഞ്ഞമില്ലാത്ത കോൺഗ്രസിൽ സ്വന്തം ഗ്രൂപ്പില്ലാത്ത നേതാവാണ് വി.ഡി.എസ്. ഇഷ്ടപ്പെടുന്നവർ ഏറെയുണ്ടായിട്ടും, അവരെ സമ്മർദ്ദശക്തിയാക്കാൻ ശ്രമിച്ചില്ല. ഈ പ്രത്യേകത സ്വീകാര്യത വർദ്ധിപ്പിച്ചു. മുഖ്യമന്ത്രിപദത്തെ ചൊല്ലിയുള്ള വടംവലിയിലും ജനകീയത തുണയായി. ദേശീയ രാഷ്ട്രീയത്തിൽ അടിതെറ്റിയ കോൺഗ്രസിന് വരുംനാളുകളിൽ കരുത്തേകാൻ സതീശൻ മുഖ്യമന്ത്രിയാകുന്നതാണ് നല്ലതെന്ന വികാരം ശക്തമായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |