SignIn
Kerala Kaumudi Online
Friday, 15 May 2026 10.03 PM IST

പ്രതീക്ഷയും കടമ്പകളും

f

കൊച്ചി: സ്വന്തം മുഖ്യമന്ത്രി അധികാരമേൽക്കുമ്പോൾ എറണാകുളം ആഹ്ളാദത്തിലും പ്രതീക്ഷയിലുമാണ്. സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിൽ പകുതിയോളം നൽകുന്ന ജില്ലയുടെ വികസന സ്വപ്‌നങ്ങൾക്കും പുതുനിറം കൈവരുന്നു. എറണാകുളത്തിന്റെ സ്‌പന്ദനം കൃത്യമായി അറിയുന്ന വി.ഡി സതീശന് നേരിടാൻ ഒട്ടേറെ കടമ്പകളുമുണ്ട്.

മെട്രോ മൂന്ന്, നാല് ഘട്ടം

യു.ഡി.എഫ് സർക്കാർ തുടക്കം കുറിച്ച കൊച്ചി മെട്രോയുടെ മൂന്നാം ഘട്ടം കലൂരിൽ നിന്ന് ഇൻഫോപാർക്കിലേക്ക് നിർമ്മാണത്തിലാണ്. ഡിസംബറിൽ പൂർത്തിയാക്കാൻ നിശ്ചയിച്ചിരുന്നെങ്കിലും വൈകും. പദ്ധതി എത്രയും വേഗം പൂർത്തിയാക്കുക പുതിയ സർക്കാരിന്റെ അഭിമാനപ്രശ്‌നമാകും. നാലാംഘട്ടത്തിൽ ആലുവയിൽ നിന്ന് അങ്കമാലി വരെ നീട്ടുകയെന്ന ലക്ഷ്യത്തിന് തുടക്കം കുറിക്കുകയും വേണം.

ഇൻഫോപാർക്ക് വികസനം

കേരളത്തിന്റെ അഭിമാനമായ കാക്കനാട്ടെ ഇൻഫോപാർക്കിന്റെ വികസനം അനിവാര്യഘട്ടത്തിലാണ്. നാലാംഘട്ടത്തിന് പൂളിംഗ് രീതിയിൽ സ്ഥലം കണ്ടെത്താൻ ജി.സി.ഡി.എയുമായി ചേർന്നാരംഭിച്ച നടപടികൾ എങ്ങുമെത്തിയിട്ടില്ല. നിയമപ്രശ്‌നങ്ങൾ പരിഹരിച്ച് എ.ഐ അധിഷ്ഠിത ഐ.ടി നഗരപദ്ധതി നടപ്പാക്കണം. ട്രാക്കോ കേബിളിന്റെ ഇരുമ്പനത്തെ 33.5 ഏക്കർ സ്ഥലം ഇൻഫോപാർക്കിന് നൽകാൻ തീരുമാനിച്ചെങ്കിലും കൈമാറിയിട്ടില്ല.

സ്‌മാർട്ട്സിറ്റി ഏറ്റെടുക്കൽ

ദുബായ് ടീകോമിൽ നിന്ന് കാക്കനാട്ടെ സ്‌മാർട്ട്സിറ്റി ഏറ്റെടുക്കാനുള്ള തീരുമാനം നടപ്പാക്കണം. ടീകോമിന്റെ നിക്ഷേപമൂല്യം നിർണയിച്ച് ഏറ്റെടുക്കുകയാണ് ആദ്യഘട്ടം. സ്‌മാർട്ട്സിറ്റിയുടെ ഭാവിയും നിശ്ചയിക്കണം. ഇൻഫോപാർക്കിന്റെ ഭാഗമാക്കുക, പി.പി.പി സ്ഥാപനമാക്കുക തുടങ്ങിയ നിർദ്ദേശങ്ങളിൽ ഉചിതമായത് തീരുമാനിക്കുകയും പ്രധാനമാണ്.

ശബരിപാത

അങ്കമാലി - എരുമേലി ശബരിപാതയുടെ നിർമ്മാണം വീണ്ടും ആരംഭിക്കുകയാണ്. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിൽ കടന്നുപോകുന്ന പാതയുടെ നിർമ്മാണച്ചെലവിന്റെ പകുതി സംസ്ഥാനം വഹിക്കണം. ഓഫീസുകൾ പുന:സ്ഥാപിച്ച സ്ഥലം ഏറ്റെടുക്കൽ നടപടികൾ അതിവേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ ഇടപെടൽ ആവശ്യമാണ്.

ബൈപ്പാസ്, റോഡ്

ജില്ലയുടെ അടിസ്ഥാനസൗകര്യ വികസനം ഉറപ്പാക്കാൻ നിരവധി റോഡുകളുടെ വികസനം, പൂർത്തീകരണം, ബൈപ്പാസുകളുടെ നിർമ്മാണം, പാർക്കിംഗ് ഉൾപ്പെടെ അനുബന്ധ പദ്ധതികൾ എന്നിവ പ്രധാനമാണ്.

സീപോർട്ട് -എയർപോർട്ട് റോഡ് പൂർത്തീകരണം, തമ്മനം -പുല്ലേപ്പടി റോഡ് വികസനവും കാക്കനാട് വരെ നീട്ടൽ, കോതമംഗലം- തങ്കളം-കാക്കനാട് നാലുവരിപ്പാത, മൂവാറ്റുപുഴ - കിഴക്കമ്പലം- കാക്കനാട് നാലുവരിപ്പാത, അങ്കമാലി - കുണ്ടന്നൂർ ബൈപ്പാസ്, കുണ്ടന്നൂർ -തിരുവാങ്കുളം ബൈപ്പാസ്, അങ്കമാലിയിലും മൂവാറ്റുപുഴയിലും പെരുമ്പാവൂരിലും തൃപ്പൂണിത്തുറയിലും ബൈപ്പാസുകൾ, കാലടി സമാന്തരപാലം, പറവൂർ -പിഴല - എറണാകുളം റോഡ് പൂർത്തീകരണം, മലയോര തീരദേശ ഹൈവേകൾ തുടങ്ങിയ അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ മുന്നിലുണ്ട്.

ആവശ്യങ്ങൾ നിരവധി

ജനക്ഷേമം, പരിസ്ഥിതിസംരക്ഷണം, തീരദേശജനതയുടെ പ്രശ്നങ്ങൾ, കിഴക്കൻ മേഖലയിലെ വന്യജീവി ആക്രമണം, പൈനാപ്പിൾ, പച്ചക്കറി ഉൾപ്പെടെ കാർഷിക മേഖലയുടെ നിരവധി വിഷയങ്ങൾ സർക്കാരിന് പ്രധാനമാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, HOPES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL