കാസർകോട്: മുളിയാർ ഗ്രാമപഞ്ചായത്ത് ഓഫീസിലെത്തുന്ന പൊതുജനങ്ങൾക്ക് ഇനി മുതൽ സൗജന്യമായി ചായ കുടിക്കാം. വിവിധ ആവശ്യങ്ങൾക്കായി പഞ്ചായത്ത് ഓഫീസിലെത്തുന്ന വയോജനങ്ങൾ, സ്ത്രീകൾ, ഭിന്നശേഷിക്കാർ ഉൾപ്പെടെയുള്ള സന്ദർശകർക്ക് കാത്തിരിപ്പ് സമയം കൂടുതൽ സൗകര്യപ്രദമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ചായ സൽക്കാര പദ്ധതി ആരംഭിച്ചത്.
ജില്ലയിൽ പഞ്ചായത്ത് തലത്തിൽ പൊതുജനങ്ങൾക്കായി ഇത്തരമൊരു സൗകര്യം ഒരുക്കുന്ന ആദ്യ സംരംഭമാണിത്. ജനസൗഹൃദ ഭരണത്തിന്റെ ഭാഗമായാണ് പഞ്ചായത്ത് പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.ബി മുഹമ്മദ് കുഞ്ഞി പറഞ്ഞു. പഞ്ചായത്ത് ഓഫീസിൽ സ്ഥാപിച്ച ടീ വെന്റിംഗ് മെഷീനിലൂടെ സന്ദർശകർക്ക് എളുപ്പത്തിൽ ചായ ലഭ്യമാകും.
ടീ വെന്റിംഗ് മെഷീനിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി. മുഹമ്മദ് കുഞ്ഞി നിർവഹിച്ചു. വൈസ് പ്രസിഡന്റ് സി.കെ പുഷ്പകുമാരി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. പ്രേമലത, സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ ഹനീഫ പൈക്ക, അനീസ മൻസൂർ മല്ലത്ത്, പഞ്ചായത്തംഗങ്ങൾ, ആസൂത്രണ സമിതി അംഗങ്ങൾ, ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ബോവിക്കാനം ഹയർ സെക്കൻഡറി സ്കൂൾ മാനേജരും ഗൾഫ് വ്യവസായിയുമായ ഗംഗാധരൻ പാടിയാണ് ടീ വെന്റിംഗ് മെഷീൻ സ്പോൺസർ ചെയ്തത്. പൊതുജനങ്ങൾക്ക് കൂടുതൽ സൗഹൃദപരവും മാനുഷികവുമായ സേവനങ്ങൾ ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള ഈ സംരംഭം മറ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും മാതൃകയാകുമെന്ന് പഞ്ചായത്ത് ഭരണസമിതി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |