SignIn
Kerala Kaumudi Online
Sunday, 12 July 2026 10.50 AM IST

കെ-ഫോണിൽ കൊല്ലം പിന്നോട്ട്

കൊല്ലം: മുൻ സർക്കാർ കൊട്ടിഘോഷിച്ച കെ-ഫോൺ (കേരള ഫൈബർ ഒപ്ടിക് നെറ്റ്‌വർക്ക്) പദ്ധതിയുടെ വിതരണം ജില്ലയിൽ ഇഴയുന്നു. കോടിക്കണക്കിന് രൂപ ചെലവഴിച്ചിട്ടും ജില്ലയിൽ നാളിതുവരെ കേവലം 11163 കണക്ഷനുകൾ മാത്രമാണ് നൽകാൻ കഴിഞ്ഞത്.

ഡിജിറ്റൽ വിഭജനം ഇല്ലാതാക്കുമെന്ന പ്രഖ്യാപനത്തോടെ വന്ന പദ്ധതിയിൽ സാധാരണക്കാർ ഇപ്പോഴും അകലെയാണ്. വിവരാവകാശ പ്രവർത്തകനായ രാജു വാഴക്കാലയ്ക്ക് ലഭിച്ച രേഖകളിലേതാണ് വിവരങ്ങൾ. വൻ തുക പൊതുഖജനാവിൽ നിന്ന് കടമെടുത്ത് ചെലവഴിച്ചിട്ടും ജില്ലയിലെ ഗാർഹിക കണക്ഷനുകളായി കേവലം 7455 ഗുണഭോക്താക്കളെ മാത്രമാണ് കെ-ഫോണിന് കണ്ടെത്താനായത്.

നെറ്റ്‌വർക്ക് തകരാറുകളും ഫീസിബിലിറ്റി പരിശോധനയിലെ സങ്കീർണതകളും കാരണം അപേക്ഷ നൽകിയ പലർക്കും ഇപ്പോഴും കണക്ഷന് കാത്തിരിക്കേണ്ടി വരുന്നുണ്ട്. കാത്തിരിപ്പ് നീണ്ടതോടെ പലരും ബി.എസ്.എൻ.എലിനെയും മറ്റു സ്വകാര്യ ഇന്റർനെറ്റ് സേവനദാതാക്കളെയും ആശ്രയിച്ച് തുടങ്ങി. വ്യവസായിക വിഭാഗങ്ങളിൽ നിന്ന് കെ-ഫോൺ ഉയർന്ന നിരക്ക് ഈടാക്കുന്നെന്നും പരാതിയുണ്ട്.

ബി.പി.എല്ലിന് നൽകാനായില്ല

ബി.പി.എൽ വിഭാഗത്തിൽ ജില്ലയിൽ ആകെ 47277 എ.എ.വൈ കാർഡുകളും 355184 പി.എച്ച്.എച്ച് മുൻഗണനാ കാർഡുകളുമാണുള്ളത്. ഇതിൽ ആകെ 1475 കുടുംബങ്ങൾക്ക് മാത്രമാണ് കണക്ഷൻ നൽകാനായത്. ആയിരക്കണക്കിന് അർഹരായ കുടുംബങ്ങൾ ഇപ്പോഴും ലിസ്റ്റിന് പുറത്താണ്.

ശമ്പളം ലക്ഷങ്ങൾ

കെ-ഫോൺ പ്രോജക്ടിൽ ആകെ 29 ജീവനക്കാരാണുള്ളത്. ഉന്നത തസ്തികകളായ ചീഫ് ടെക്നോളജി ഓഫീസർ, ചീഫ് സെയിൽസ് ഓഫീസർ, ചീഫ് ഫിനാൻസ് ഓഫീസർ എന്നിവർക്ക് 224000 രൂപ വീതമാണ് പ്രതിമാസ ശമ്പളം. ജനറൽ മാനേജർക്ക് 151400 രൂപയും, ഡി.ജി.എം തസ്തികകളിൽ ഉള്ളവർക്ക് 137500 രൂപ മുതൽ 140000 രൂപ വരെയും പ്രതിമാസം ശമ്പളമുണ്ട്. വിവിധ ജില്ലകളിലായി ജോലി ചെയ്യുന്ന 15 ഡിസ്ട്രിക്ട് ടെലികോം എക്സിക്യുട്ടീവുമാർക്ക് 30000 രൂപയാണ് അടിസ്ഥാന ശമ്പളം, കൂടാതെ ഇൻസെന്റീവുമുണ്ട്.

പദ്ധതി ആരംഭിച്ചത് -2019ൽ

ജില്ലയിൽ നൽകിയ വ്യവസായിക കണക്ഷനുകൾ- 16

ചെലവ് ₹ 1041.05 കോടി

കിഫ്ബി കടബാദ്ധ്യത ₹715.90 കോടി

കണക്ഷൻ നൽകിയ സർക്കാർ ഓഫീസ്- 2217

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL