കടലിലേക്കുള്ള വീതി 120 മീറ്ററിൽ നിന്ന് 50 മീറ്ററായി
കൊല്ലം: ഓരോ മഴക്കാലവും കൊല്ലം ബീച്ചിന്റെ ആയുസിന് വിലപേശുന്ന അവസ്ഥ. ശക്തമായ തിരമാലകൾ തീരം കടന്ന് പരമാവധി എത്താൻ മത്സരിക്കുന്ന കാലത്ത് അധികൃതർ വെറുതേ കൈയുംകെട്ടി ഇരുന്നാൽ ഭാവി തലമുറയ്ക്ക് കൊല്ലം ബീച്ച് ചിത്രങ്ങളിലും പഴയ റീലുകളിലും മാത്രമായി ഒതുങ്ങുമെന്നുറപ്പ്.
കടലിലേക്ക് ഏകദേശം 120 മീറ്റർ വീതിയുണ്ടായിരുന്ന ബീച്ചിൽ ഇന്ന് പലഭാഗങ്ങളിലുമുള്ളത് 40 മുതൽ 50 മീറ്റർ വരെ മാത്രം.ഓപ്പൺ സ്റ്റേജിന് അപ്പുറത്തുള്ള വെടിക്കുന്ന് ഭാഗത്ത് കടൽ കരയിലേക്ക് കയറിയതോടെ നടക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്. സന്ദർശകർ വിശ്രമിച്ചിരുന്ന ഇരിപ്പിടങ്ങൾ മുഴുവൻ തിരമാലകൾ കവർന്നു. അപകടസാദ്ധ്യത വർദ്ധിച്ചതോടെ ലൈഫ് ഗാർഡുമാർ കെട്ടിയ നിയന്ത്രണവടം ഓരോ ദിവസവും മാറ്റിക്കെട്ടേണ്ട അവസ്ഥയാണ്. കേരളത്തിലെ ഏറ്റവും അപകടകരമായ ബീച്ചുകളിലൊന്നാണ് കൊല്ലം ബീച്ച്. തീരത്തുനിന്ന് രണ്ടുമീറ്റർ അകലെത്തന്നെ മൂന്നുമീറ്ററിലേറെ ആഴമുണ്ട്. ഇതിനകം നൂറിലധികം ജീവനുകളെ ഈ ബീച്ച് അപഹരിച്ചെന്നാണ് കണക്ക്.
പരീക്ഷിക്കണം ജിയോ ട്യൂബ്
നാല് വർഷം മുമ്പാണ് കൊല്ലം ബീച്ച് സംരക്ഷണത്തിനുള്ള ജിയോ ട്യൂബ് പദ്ധതിയുടെ നടപടികൾ തീരദേശ വികസന കോർപ്പറേഷൻ ആരംഭിച്ചത്. തിരമാലയുടെ ശക്തി കുറച്ച്, സ്വാഭാവികമായി മണൽ അടിഞ്ഞുകൂടാൻ സഹായിക്കുന്ന കടലിനടിയിലെ സംരക്ഷണഭിത്തിയാണ് ജിയോ ട്യൂബ് .ചെന്നൈ ഐ.ഐ.ടി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ 12 കോടിയുടെ പദ്ധതിയുടെ വിശദമായ രേഖ മാസങ്ങൾക്ക് മുമ്പ് സർക്കാരിന് സമർപ്പിച്ചു. എന്നാൽ ഇതുവരെ ഭരണാനുമതി ലഭിച്ചില്ല.
ടൂറിസവും പാതിവഴിയിൽ
ബീച്ച് സംരക്ഷണത്തിന് പിന്നാലെ കൊല്ലം ബീച്ചിനെ കോഴിക്കോട് മാതൃകയിൽ വിനോദസഞ്ചാര കേന്ദ്രമാക്കി വികസിപ്പിക്കാൻ 10 കോടിയുടെ നവീകരണ പദ്ധതിയും തയ്യാറാക്കിയിട്ടുണ്ട്. വിശദമായ റിപ്പോർട്ട് തീരദേശ വികസന കോർപ്പറേഷൻ തയ്യാറാക്കിയെങ്കിലും നടപ്പാക്കൽ ചുമതല സർക്കാർ പിന്നീട് കൊല്ലം കോർപ്പറേഷനിലേക്ക് മാറ്റി. ജിയോ ട്യൂബ് പദ്ധതി പൂർത്തിയാക്കി തീരം സുരക്ഷിതമാക്കിയാൽ മാത്രമേ ടൂറിസം വികസനം സാദ്ധ്യമാവൂ.
ജിയോ ട്യൂബ് പ്രവർത്തനം
കൊല്ലത്ത് ബീച്ചിൽ നിന്ന് 250 മുതൽ 400 മീറ്റർ വരെ അകലെയാണ് ജിയോ ട്യൂബുകൾ സ്ഥാപിക്കുക
കടലിനടിയിൽ പ്രത്യേക ജിയോ ടെക്സ്റ്റൈൽ ട്യൂബുകൾ നിരകളായി സ്ഥാപിക്കും
ട്യൂബുകൾക്കുള്ളിൽ കടലിലെ തന്നെ മണൽ ഡ്രഡ്ജ് ചെയ്ത് നിറയ്ക്കും
ഓരോ ട്യൂബ് നിരയ്ക്കിടയിലും ആവശ്യമായ വിടവ് നൽകി തിരമാലകളുടെ സ്വാഭാവിക സഞ്ചാരം നിലനിറുത്തും
ക്രമേണ മണൽ അടിഞ്ഞുകൂടി 900 മീറ്റർ മുതൽ ഒരു കിലോമീറ്റർ വരെ തീരം വീണ്ടെടുക്കാനാകും
പദ്ധതി പൂർത്തിയായാലും മണൽ സ്ഥിരമായി അടിഞ്ഞുകൂടാൻ 4 വർഷത്തോളം വേണ്ടിവരും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |