SignIn
Kerala Kaumudi Online
Friday, 07 August 2026 5.23 AM IST

കടലിൽ മകനെ കാണാതായിട്ട് 7 ദിവസം, പൊലീസിനു മുന്നിൽ പ്രതിഷേധിച്ച് അമ്മ

 രേഷ്മയ്ക്ക് നഷ്ടമായത് അച്ഛനെയും ഭർത്താവിനെയും മകനെയും

കൊല്ലം: മത്സ്യത്തൊഴിലാളിയായ മകൻ ഗൗതംകൃഷ്ണയെ വള്ളം മറിഞ്ഞ് കടലിൽ കാണാതായി ഏഴ് ദിവസം പിന്നിട്ടും കാര്യമായി തിരച്ചിൽ നടക്കുന്നില്ലെന്ന പേരിൽ മാതാവ് രേഷ്മ നീണ്ടകര കോസ്റ്റൽ പൊലീസ് സ്റ്റേഷന് മുന്നിൽ ഒരു മണിക്കൂറോളം നിലവിളികളോടെ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സംഭവമറിഞ്ഞ് കളക്ടറുമായി ചർച്ച നടത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി, ഊർജ്ജിതമായി തിരച്ചിൽ നടത്തുമെന്ന് ഫോണിൽ ഉറപ്പ് നൽകിയതോടെയാണ് രേഷ്മ സമരം അവസാനിപ്പിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 6.15നാണ് നീണ്ടകരയിൽ വള്ളംമറിഞ്ഞ് നീണ്ടകര പുത്തൻതുറ പൂമുഖത്ത് വീട്ടിൽ രേഷ്മയുടെ ഭർത്താവായ രാധാകൃഷ്ണൻ (47), മകൻ ഗൗതം കൃഷ്ണ എന്നിവരെ കാണാതായത്. വള്ളത്തിലുണ്ടായിരുന്ന 14 മത്സ്യത്തൊഴിലാളികളും കടലിൽ വീണെങ്കിലും 11 പേരെ മറ്റ് മത്സ്യത്തൊഴിലാളികൾ രക്ഷിച്ചിരുന്നു. രേഷ്മയുടെ അച്ഛൻ രാജീവനെ കരയ്ക്കെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ട് ദിവസത്തിന് ശേഷം രാധാകൃഷ്ണന്റെ മൃതദേഹം ശക്തികുളങ്ങര തീരത്ത് അടിഞ്ഞു.

ഗൗതംകൃഷ്ണയ്ക്കു വേണ്ടിയുള്ള തിരച്ചിൽ കാര്യമായി നടക്കാത്തതിലുള്ള പരാതിയുമായി ഇന്നലെ വൈകിട്ട് 3.30 ഓടെയാണ് രേഷ്മ നീണ്ടകര കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെത്തിയത്. കൊല്ലം എ.സി.പിയും ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രേഷ്മയുമായി സംസാരിച്ചു. അതിനിടെ നാലേമുക്കാലോടെ രേഷ്മ സ്റ്റേഷന് പുറത്തിറങ്ങി പ്രതിഷേധിക്കുകയായിരുന്നു. ബന്ധുക്കൾ ആവശ്യപ്പെടാത്തത് കൊണ്ടാണ് ശക്തമായ തിരച്ചിൽ നടത്താതിരുന്നതെന്ന് ഫിഷറീസ് ഉദ്യോഗസ്ഥർ പറ‌ഞ്ഞുവെന്ന് ആരോപിച്ചായിരുന്നു രേഷ്മയുടെ പ്രതിഷേധം. ഫിഷറീസ് വകുപ്പ് മന്ത്രിയും കളക്ടറും സ്ഥലത്ത് എത്തുന്നതുവരെ പ്രതിഷേധം തുടരുമെന്ന് പറഞ്ഞ രേഷ്മ, സുരേഷ് ഗോപി ആശ്വസിപ്പിച്ചതോടെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഗൗതംകൃഷ്ണയ്ക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി അബ്ദുൾ ഗഫൂറും ഉറപ്പ് നൽകി.

 മൃതദേഹം കണ്ടിട്ടും...

ഇന്നലെ രാവിലെ ഒൻപത് മണിയോടെ നീണ്ടകരയ്ക്ക് അടുത്ത് ഉൾക്കടലിൽ മൃതദേഹം കണ്ടതായി ബോട്ടിലെ തൊഴിലാളികൾ ധീവരസഭ ഭാരവാഹികളെ അറിയിച്ചിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ഇക്കാര്യം കളക്ടറെയും ഫീഷറീസ് വകുപ്പ് ഉദ്യോഗസ്ഥരെയും അറിയിച്ചു. മൃതദേഹം കണ്ട ഭാഗത്ത് ഒരു മണിക്കൂറിനുള്ളിൽ ഡ്രോണും ബോട്ടുകളും എത്തിച്ച് തിരച്ചിൽ നടത്തുമെന്ന് അധികൃതർ ഉറപ്പ് നൽകിയെങ്കിലും ഉണ്ടായില്ല. ഇതോടെയാണ് രേഷ്മ പരാതിയുമായി കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL