മേപ്പാടി: നെടുമ്പാലയിൽ പുള്ളിപ്പുലിയെ കമ്പിക്കുരുക്കിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തി. നെടുമ്പാല മൂന്നാം നമ്പറിലാണ് കേബിൾ കുരുക്കിൽ കാൽ കുടുങ്ങിയ നിലയിൽ പുലിയെ കണ്ടെത്തിയത്. രണ്ട് വയസുളള ആൺ പുലിയാണിത്. മയക്കുവെടിവച്ച് പുലിയെ പിടികൂടി പൂക്കോട് വെറ്ററിനറി കോളേജിലേക്ക് കൊണ്ടുപോയി. കാലിലെ മുറിവിൽ ചികിത്സ നൽകിയശേഷം പുലിയെ അനുയോജ്യമായ വനമേഖലയിൽ പിന്നീട് വിട്ടയക്കും.
ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് നെടുമ്പാല ഹാരിസൻസ് മലയാളം പ്ലാന്റേഷൻ തേയിലത്തോട്ടത്തിനോട്‌ചേർന്ന് പുള്ളിപ്പുലിയെ കണ്ടെത്തിയത്. ശബ്ദംകേട്ട് തൊഴിലാളികൾ പരിശോധിച്ചപ്പോഴാണ് പുലിയെ കാണുന്നത്. ഉടൻ മേപ്പാടി ഫോറസ്റ്റ്‌റേഞ്ച് ഓഫീസർ ഹരിലാലിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. വൈകാതെ വെറ്ററിനറി സർജൻ ഡോ. അജേഷ്‌മോഹൻദാസ്, സൗത്ത് വയനാട് ഡി.എഫ്.ഒ അജിത്ത് കെ. രാമൻ, ബയോളജിസ്റ്റ് വിഷ്ണു, തുടങ്ങിയ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. മയക്കു വെടിവച്ച് പിടികൂടിയശേഷമാണ് പുലിയെ കമ്പിക്കുരുക്കിൽ നിന്നും രക്ഷപ്പെടുത്തിയത്. തുടർന്ന് കൂട്ടിൽ കയറ്റി പൂക്കോട് വെറ്ററിനറികോളേജിൽ എത്തിച്ച് പരിശോധന നടത്തി. പുലിക്കായി ആരോ മനപ്പൂർവം കെണിയ ഒരുക്കിയതാകാം എന്ന് സൗത്ത് വയനാട് ഡി.എഫ് .ഒ അജിത്ത് കെ. രാമൻ പറഞ്ഞു. വനം വകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കാട്ടുപന്നിയെ പിടികൂടാനായി വച്ച കെണിയാകാമെന്നും സംശയിക്കുന്നുണ്ട്. ഏതാനും മാസങ്ങളായി ഈ ഭാഗത്ത് നാട്ടുകാർ പുലിയെ കണ്ടിട്ടുണ്ട്. ആഴ്ചകൾക്കു മുമ്പ് റോഡിന് കുറുകെ പുലി ഓടുന്ന ദൃശ്യങ്ങൾ വാഹന യാത്രക്കാർ മൊബൈലിൽ പകർത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |