ആദ്യം കൈമാറുക
മൂന്ന് ഏക്കർ ഭൂമി
കോഴിക്കോട്: നഗരത്തിലെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി ഞെളിയൻപറമ്പിൽ സിബിജി പ്ലാന്റ് ( കംപ്രസ്‌ഡ് ബയോഗ്യാസ് പ്ലാന്റ് ) നിർമ്മിക്കാൻ ആദ്യഘട്ടത്തിൽ മൂന്ന് ഏക്കർ ഭൂമി അടുത്തമാസം കെെമാറാൻ ധാരണയായി. സ്ഥലത്തെ മാലിന്യം പൂർണമായും നീക്കിയാണ് കെെമാറുക. വീണ്ടെടുക്കുന്ന ഭൂമിയിൽ ഭാരത് പെട്രോളിയം കോർപ്പറേഷനാണ് (ബി.പി.സി.എൽ) ബയോ സിബിജി പ്ലാന്റ് സ്ഥാപിക്കുക. ഏഴ് ഏക്കർ ഭൂമിയാണ് പ്ലാന്റ് നിർമ്മിക്കാൻ ആവശ്യം. 99 കോടി രൂപ ചെലവിട്ട് ജൈവ മാലിന്യം സംസ്‌കരിച്ച് പ്രതിദിനം ആറ് ടൺ വരെ പാചകവാതകം ഉത്പ്പാദിപ്പിക്കുന്ന പ്ലാന്റാണ് ബി. പി.സി.എൽ നിർമ്മിക്കുക.
കേന്ദ്രത്തിൽ വർഷങ്ങളായി അടിഞ്ഞുകൂടിയ മാലിന്യം (ലെഗസി വേസ്റ്റ്) ശാസ്ത്രീയമായി സംസ്‌കരിച്ച് നിർമ്മാർജ്ജനം ചെയ്യുന്നതിനുള്ള ബയോമൈനിംഗ് - ബയോ റെമഡിയേഷൻ പ്രവർത്തനങ്ങളാണ് കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ (കെ.എസ്ഡബ്ല്യുഎംപി) നേതൃത്വത്തിൽ പുരോഗമിക്കുന്നത്. കഴിഞ്ഞ മാസമാണ് ബയോ മൈനിംഗ് ജോലികൾ ആരംഭിച്ചത്. ബയോമൈനിംഗിലൂടെ മണ്ണ്, പ്ലാസ്റ്റിക്, മെറ്റൽ, തടി മുതലായവ പുനരുപയോഗമായവയെ വേർതിരിച്ച് ശാസ്ത്രീയമായും നിയമപരവുമായ രീതിയിൽ കൈകാര്യം ചെയ്യും.
31.20 കോടി രൂപയാണ് പദ്ധതി ചെലവ്. കാലാവസ്ഥയും മറ്റ് പ്രതികൂല സാഹചര്യങ്ങളും വിഘാതമായില്ലെങ്കിൽ 10 മാസം കൊണ്ട് ബയോ മൈനിംഗ് പൂർത്തിയാക്കും. ചെന്നൈ ആസ്ഥാനമായ സിഗ്മ ഗ്ലോബൽ എൻവയോൺ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡാണ് കരാർ എറ്റെടുത്തിരിക്കുന്നത്.
150- ടൺ ജെെവമാലിന്യം
നഗരത്തിലെ മാലിന്യം കോർപ്പറേഷൻ ഹരിതകർമസേന വഴി ശേഖരിച്ച് പ്ലാന്റിലെത്തിക്കും. 24 മാസത്തിനകം പ്രവൃത്തി പൂർത്തിയാക്കി പ്ലാന്റ് പ്രവർത്തനം ആരംഭിക്കും. 150- ടൺ ജെെവമാലിന്യമാണ് പ്രതിദിനം സംസ്കരിക്കുക. ഉത്പാദിപ്പിക്കപ്പെടുന്ന വാതകം ഗെയിലിന് വിൽക്കും. പ്ലാന്റിനോട് ചേർന്ന് ഫ്യുവൽ സ്‌റ്റേഷനും ഒരുക്കും.
ഞെളിയൻപറമ്പ് ..........17.5 ഏക്കർ
ബയോമൈനിംഗ് ..........12.6 ഏക്കർ
അടിഞ്ഞു കൂടിയ പാരമ്പര്യ മാലിന്യം ....... 2.30 ലക്ഷം മീറ്റർ ക്യൂബ്
പദ്ധതി ചെലവ്.............31.20 കോടി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |