കോഴിക്കോട്: ഗ്യാസ്‌പ്രതിസന്ധിയിൽ നട്ടം തിരിയുന്നതിനൊപ്പം ഇരട്ടി പ്രഹരമേൽപ്പിച്ച വിലവർദ്ധനയിലും പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിലെ ഹോട്ടലുകൾ ഇന്ന് അടഞ്ഞു കിടക്കും. കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷന്റെ ആഹ്വാന പ്രകാരം ഹോട്ടൽ, റസ്റ്റോറന്റ്, ബേക്കറി, ക്യാന്റീനുകൾ എന്നിവയെല്ലാം 24 മണിക്കൂറും അടച്ചിടും. ഓൺലൈൻ ഫുഡ് വിതരണവുമുണ്ടാകില്ല. യുദ്ധ പശ്ചാത്തലത്തിൽ സിലിണ്ടർ വരവ് കുറഞ്ഞതോടെ ജില്ലയിലെ പല ഹോട്ടലുകളും പൂട്ടിയ സ്ഥിതിയായിരുന്നു. നാലായിരത്തോളം സ്ഥാപനങ്ങളാണ് ജില്ലയിലുള്ളത്.അതിൽ മിക്കതും അടഞ്ഞുകിടക്കുകയാണ്. വിറക് അടുപ്പുകളും മറ്റും ക്രമീകരിച്ച് പിടിച്ചുനിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് കേന്ദ്ര സർക്കാർ 50 ശതമാനത്തിനടുത്ത് വില കൂട്ടിയത്.
19 കിലോ വരുന്ന എൽ.പി.ജിക്ക് 993 രൂപയും ഛോട്ടുഗ്യാസിന് 261 രൂപയാണ് ഒറ്റയടിക്ക് വർദ്ധിപ്പിച്ചത്. ജില്ലയിൽ ഒരു സിലിണ്ടറിന് 3117 രൂപയായി. ഇതോടെ പിടിച്ചുനിൽക്കാൻ കഴിയാതെ വന്നതോടെയാണ് സംഘടന പ്രതിഷേധവുമായി രംഗത്തെത്തിയത്. സമരത്തിന്റെ ഭാഗമായി കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിലേക്കും പ്രതിഷേധ മാർച്ചും ധർണയും നടത്തും
ഇരട്ടി പ്രഹരം
കോഴിക്കോട് ജില്ലയിൽ നഗര ഗ്രാമ മേഖലകളിലായി 4000ത്തിലധികം ചെറുതും വലുതുമായ ഹോട്ടലുകളും മറ്റ് സ്ഥാപനങ്ങളുണ്ട്. പതിനായിരത്തിലധികം തൊഴിലാളികളും ഇൗ മേഖലയെ ആശ്രയിച്ചു കഴിയുന്നുണ്ട്. വില വർദ്ധനവ് ഇവർക്ക് ഇരട്ടി പ്രഹരമാണേൽപ്പിച്ചത്.
പാചക വാതക ക്ഷാമം മൂലം മെനുവിൽ കുറവ് വരുത്തിയും ഊൺ നിർത്തിയും മറ്റുമാണ് പല ഹോട്ടലുകളും പിടിച്ചുനിൽക്കുന്നത്. മിക്ക ഹോട്ടലുകളിലും ഉച്ചയ്ക്ക് ബിരിയാണിയാണിപ്പോൾ. എന്നാൽ അതിനും കഴിയാത്ത ഗ്രാമ പ്രദേശങ്ങളിലെ മിക്ക കടകളും പൂട്ടി. അതേ സമയം വാണിജ്യ പാചക വാതക ക്ഷാമം പരിഹരിക്കാനായി 65 ശതമാനം വിതരണം ചെയ്യുമെന്ന കേന്ദ്ര സർക്കാർ പ്രഖ്യാപനവും നടപ്പിലായിട്ടില്ല. ജില്ലയിൽ മിക്കയിടത്തും 10 ശതമാനം ഗ്യാസ് സിലിണ്ടറുകൾ മാത്രമാണ് വിതരണം ചെയ്യുന്നത്. സ്വകാര്യ ഏജൻസികളിൽനിന്ന് അധിക വിലയ്‌ക്ക് ഗ്യാസ് വാങ്ങിയാണ് പ്രശ്നം പരിഹരിക്കുന്നത്. എന്നാൽ ഇങ്ങനെ ദീർഘനാൾ കൊണ്ടുപോകാൻ സാധിക്കില്ലെന്നും നഷ്‌ടം പരിഹരിക്കാൻ വിഭവങ്ങളുടെ നിരക്ക് കൂട്ടാൻ നിർബന്ധിതരാകുമെന്നും കച്ചവടക്കാർ പറയുന്നു.
'' ഹോട്ടൽ ഭക്ഷണത്തിന്റെ വില കൂട്ടുന്നത് സാധാരണക്കാരെ ബാധിക്കുന്ന ഒരു പ്രശ്നമായി മാറും. പരിഹാരമില്ലെങ്കിൽ ഹോട്ടലുകൾ പൂട്ടേണ്ടിയും വരും. എത്രയും പെട്ടെന്നുതന്നെ പ്രശ്നത്തിന് പരിഹാരമുണ്ടാകണം. സമരത്തിൽ ജനങ്ങൾ സഹകരിക്കണം. ഒപ്പമുണ്ടാകണം''
യു.എസ്.സന്തോഷ് കുമാർ
ജില്ലാ പ്രസിഡന്റ്
ഓൾ കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |