SignIn
Kerala Kaumudi Online
Wednesday, 20 May 2026 5.07 AM IST

ആശ്രയം അന്യമാകരുത്' പരമ്പര മൂന്നാം ഭാഗം ദമ്പതികളെ ചേർത്തുപിടിച്ച് ഇൻഫെർട്ടിലിറ്റി സെന്റർ

infertility
ഇൻഫെർട്ടിലിറ്റി സെന്റർ

വിവാഹം കഴിഞ്ഞ് എട്ടുവർഷം. ബന്ധുക്കളുടെ കുറ്റപ്പെടുത്തലുകളും ചികിത്സാചെലവും താങ്ങാനാകാതെ കോഴിക്കോട്ടുകാരായ അരുണും മീരയും എത്തിയത് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ ഇൻഫെർട്ടിലിറ്റി സെന്ററിലാണ്.

“ഇവിടെയെങ്കിലും ഒരു പ്രതീക്ഷ കിട്ടുമോ…” മീര ചോദിച്ചു. അരുണിനും മറുപടിയില്ലായിരുന്നു. മാസങ്ങൾക്കിപ്പുറം അതേ ആശുപത്രിയുടെ പ്രസവ വാർഡിൽ കുഞ്ഞിന്റെ ആദ്യകരച്ചിൽ കേൾക്കുമ്പോൾ ഇരുവരുടെയും കണ്ണുകൾ നിറഞ്ഞു. ഏറെക്കാലത്തെ കാത്തിരിപ്പിന് വിരാമം.

ലക്ഷങ്ങൾ ചെലവാകുന്ന വന്ധ്യതാചികിത്സ സാധാരണക്കാർക്ക് ഒരു സ്വപ്നമായി മാറുമ്പോഴാണ് കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ ഇൻഫെർട്ടിലിറ്റി സെന്റർ അവരെ ചേർത്തുപിടിക്കുന്നത്. 2015ൽ ആരംഭിച്ച സെന്ററിൽ ഇതുവരെ ആയിരത്തിലധികം പേർക്ക് ചികിത്സ നൽകിയതിന്റെ ഫലമായി 250 ഓളം കുഞ്ഞുങ്ങളാണ് ജനിച്ചത്.

ആധുനിക സ്കാനിംഗ് സംവിധാനങ്ങൾ, ഇൻക്യുബേഷൻ ലാബ്, ഐ.വി.എഫ്, ഐ.സി.എസ്.ഐ (ഇക്സി) ഉൾപ്പെടെയുള്ള ചികിത്സകൾ ഇവിടെയുണ്ട്. സ്ത്രീയുടെ അണ്ഡവും പുരുഷന്റെ ബീജവും ലാബിൽ സംയോജിപ്പിച്ച് ഭ്രൂണം ഗർഭപാത്രത്തിലേക്ക് നിക്ഷേപിക്കുന്ന ഐ.വി.എഫ് നിരവധി പേരാണ് ചെയ്തിട്ടുള്ളത്. ബീജത്തെ നേരിട്ട് അണ്ഡത്തിനുള്ളിലേക്ക് പ്രവേശിപ്പിച്ച് ഭ്രൂണം രൂപപ്പെടുത്തുന്ന കൂടുതൽ ഫലപ്രദമായ ഐ.സി.എസ്.ഐ ചികിത്സ ചെയ്യുന്നവരും നിരവധി. അണ്ഡമോ ബീജമോ ലഭിക്കാത്ത ദമ്പതികൾക്ക് ദാതാക്കളിൽ നിന്ന് ബീജമോ അണ്ഡമോ ലഭ്യമാക്കുന്ന സംവിധാനമായ ഡോണർ ലിസ്റ്റ് പ്രോഗ്രാം ഇക്കഴിഞ്ഞ ജനുവരിയിലാണ് ആരംഭിച്ചത്. സ്വകാര്യ ആശുപത്രികളിൽ ചെലവാകുന്നതിന്റെ പകുതി മാത്രമേ ഇവിടെയുള്ളൂ. ചികിത്സയ്ക്ക് ശേഷം ഗർഭിണിയായ സ്ത്രീയുടെ ആദ്യ മൂന്ന് മാസം വരെയുള്ള മുഴുവൻ പരിശോധനകളും നിരീക്ഷണവും ആശുപത്രി നോക്കും.

ഇനിയും മാറണം

ചില അടിസ്ഥാന സൗകര്യ വികസനങ്ങളും സെന്ററിലൊരുക്കേണ്ടതുണ്ട്. ആധുനിക ഐ.വി.എഫ് ലാബ് വന്നാൽ ബീജവും അണ്ഡവും കൂടുതൽ സുരക്ഷിതമായി സംരക്ഷിക്കാൻ കഴിയും. കൂടാതെ നിലവിലെ ഇൻക്യുബേറ്റർ ലാബ്സംവിധാനം അപ്ഗ്രേഡ് ചെയ്യേണ്ടതുണ്ട്. ഭ്രൂണം രൂപപ്പെടുത്തുന്നതിൽ പ്രധാന വിദഗ്ദ്ധനായ എംബ്രിയോളജിസ്റ്റിന്റെ സ്ഥിരം നിയമനവും അത്യാവശ്യമാണ്. സർക്കാർ മേഖലയിൽ നിലവിൽ ഈ തസ്തിക ഇല്ലാത്തതിനാൽ സ്വകാര്യ ആശുപത്രികളിൽ നിന്നുള്ള എംബ്രിയോളജിസ്റ്റുകളെ ആശ്രയിച്ചാണ് ചികിത്സ. സ്ഥിരം പോസ്റ്റ് അനുവദിക്കപ്പെടുകയാണെങ്കിൽ സേവനം കൂടുതൽ കാര്യക്ഷമമാക്കാനാകും. ഫെർട്ടിലിറ്റി ചികിത്സയ്ക്കായി പ്രത്യേക വിഭാഗം വേണമെന്ന ആവശ്യവും ശക്തമാണ്. അത്തരമൊരു വിഭാഗം നിലവിൽ വന്നാൽ ചികിത്സ മാത്രമല്ല, ഗവേഷണരംഗത്തും വലിയ മുന്നേറ്റങ്ങളുണ്ടാക്കാനാവും.

ആശ്വാസമാകണം, 'ലക്ഷ്യ'

സഖി ലേബർ റൂം ഗർഭിണികൾക്ക് ആശ്വാസമാണ്. കേന്ദ്ര സർക്കാരിന്റെ “ലക്ഷ്യ” പദ്ധതിയുടെ ഭാഗമായി ലേബർ റൂമുകൾ ആധുനിക സംവിധാനങ്ങളോടെ ഉയർത്തിയിട്ടുണ്ട്. ഗർഭിണികൾക്ക് പ്രസവവേദന ആരംഭിക്കുന്നത് മുതൽ അമ്മ വിശ്രമിച്ച് സുഖം പ്രാപിക്കുന്ന സമയവും ഒരേ മുറിയിൽ പരിചരണവും ചികിത്സയും ലഭ്യമാക്കുന്ന എട്ട് എൽ.ഡി.ആർ റൂമുകളാണ് ഇവിടെയുള്ളത്. പ്രത്യേക പ്രസവ കട്ടിലുകൾ, ഉപകരണങ്ങൾ, അടിയന്തര ചികിത്സാ സൗകര്യങ്ങളുമുണ്ട്. എന്നിരുന്നാലും ഗർഭിണിക്ക് മാനസിക പിന്തുണ നൽകാൻ ഭർത്താവിനെയോ അടുത്ത ബന്ധുവിനെയോ ഒപ്പം നിർത്താൻ ലക്ഷ്യ ലേബർ റൂമിൽ സൗകര്യമുണ്ടെങ്കിലും ഇനിയും പ്രാവർത്തികമായിട്ടില്ല. ഈ സ്ഥിതിയും മാറേണ്ടതുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL