SignIn
Kerala Kaumudi Online
Wednesday, 20 May 2026 5.07 AM IST

ഐ.സി ബാലകൃഷ്ണന് മന്ത്രിപദം നഷ്ടമായത് കപ്പിനും ചുണ്ടിനുമിടയിൽ

ic
ic

സുൽത്താൻ ബത്തേരി: മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന സുൽത്താൻ ബത്തേരി എം.എൽ.എ ഐ.സി.ബാലകൃഷ്ണന് സ്ഥാനം നഷ്ടമായത് കപ്പിനും ചുണ്ടിനുമിടയിൽ. തുടർച്ചയായി നാലാം തവണയും പട്ടിക വർഗ സംവരണ സീറ്റിൽ നിന്ന് ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് മന്ത്രി സ്ഥാനത്തേക്ക് ഐ.സിയുടെ പേര് സജീവമായി പരിഗണിക്കപ്പെട്ടുവന്നത്.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് സ്ഥാനാർത്ഥി നിർണയം ഉറപ്പാക്കിയപ്പോൾ തന്നെ ഇത്തവണ ഐ.സി.ബാലകൃഷ്ണൻ വിജയിക്കുകയും യു.ഡി.എഫ് അധികാരത്തിൽ വരികയും ചെയ്താൽ മന്ത്രിയായിരിക്കുമെന്ന് നേരത്തെ തന്നെ പാർട്ടിനേതൃത്വം പറഞ്ഞിരുന്നു. നിലവിലുണ്ടായിരുന്ന ഭൂരിപക്ഷം വർദ്ധിപ്പിച്ച് വീണ്ടും എം.എൽ.എ യായി തിരഞ്ഞെടുക്കപ്പെട്ടതോടെ തന്നെ എല്ലാവരും വിലയിരുത്തി, ബത്തേരിയ്ക്ക് ഒരു മന്ത്രിയുണ്ടാകുമെന്ന് . യു.ഡി.എഫിലെ രണ്ടാമത്തെ കക്ഷിയായ മുസ്ലിംലീഗ് ഈ ആവശ്യം യു.ഡി.എഫ് നേതൃത്വത്തിന്റെ ശ്രദ്ധയിൽപെടുത്തുകയും ചെയ്തു.

വൻ ഭൂരിപക്ഷത്തോടെ യു.ഡി.എഫ് അധികാരത്തിൽ വന്നപ്പോൾ തന്നെ ഐ.സിയുടെ മന്ത്രിസ്ഥാനം ചർച്ചചെയ്യപ്പെടുകയുണ്ടായി. മന്ത്രി സ്ഥാനത്തേയ്ക്ക് അവസാന നിമിഷംവരെ പേര് ഉണ്ടായിരുന്ന ബാലകൃഷ്ണനെ വെട്ടിമാറ്റി ചിലരെ പ്രതിഷ്ഠിച്ചു.അവസാനം ടേം വ്യവസ്ഥയിൽ മന്ത്രിയാകുമെന്ന് കരുതിയിരുന്നവർക്കും തെറ്റി. രമേശ് ചെന്നിത്തല പക്ഷത്തെ പ്രമുഖ നേതാക്കളിലൊരാളാണ് ഐ.സി ബാലകൃഷ്ണൻ. എന്നാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വയനാട്ടിലെ മൂന്ന് എം.എൽ.എ മാരും കെ.സി പക്ഷത്തിന് അനുകൂലമായാണ് നിലകൊണ്ടതെന്ന വിവരം പുറത്തായതോടെയാണ് കളിയും കളവുമെല്ലാം മാറി മറഞ്ഞതെന്നാണ് പറയപ്പെടുന്നത്. എന്നാൽ മന്ത്രി സ്ഥാനത്തേയ്ക്ക് അർഹരായ നിരവധി പേർ പുറത്തുണ്ടെന്നും സാമൂഹിക, സാമുദായിക പരിഗണന നോക്കിയപ്പോൾ അവരെ ഉൾക്കൊള്ളിക്കാനായില്ലെന്നുമാണ് മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞത്.

അവസാന നിമിഷം മന്ത്രിയായത് കൽപ്പറ്റ എം.എൽ.എ ടി.സിദ്ദിഖാണ്. മലബാറിൽ നിന്നൊരു മുസ്ലീം മന്ത്രിയെന്ന പരിഗണനയും, കോഴിക്കോടിന് മന്ത്രിയില്ലെന്നുള്ള പരിഭവവും കോഴിക്കോട് ജില്ലക്കാരനായ സിദ്ദിഖിലൂടെ പരിഹരിക്കാമെന്ന കണക്കുകൂട്ടലിലാണ് സിദ്ദിഖിന് മന്ത്രിസ്ഥാനം ലഭിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL