SignIn
Kerala Kaumudi Online
Wednesday, 20 May 2026 5.07 AM IST

കൊടുത്തു തീർക്കാതെ കുടിശ്ശിക ജീവനില്ലാതെ ജൽജീവൻ

jaljeevan
jaljeevan

കോഴിക്കോട്: എല്ലാ ഗ്രാമീണ ഭവനങ്ങളിലും കുടിവെള്ളമത്തിക്കാനുള്ള ജൽജീവൻ പദ്ധതിയിൽ സംസ്ഥാനത്തെ കരാറുകാർക്ക് ഇനി നൽകാനുള്ളത് 380 കോടി. കേന്ദ്രസർക്കാർ വിഹിതമാണ് നൽകാനുള്ളതെന്നാണ് വിവരം. നബാർഡിൽ നിന്ന് 7,000 കോടി വായ്പയെടുത്ത് സംസ്ഥാനത്തിന്റെ കുടിശ്ശിക നൽകിയിരുന്നു. കേന്ദ്രസർക്കാർ കൂടി നൽകിയാലേ കരാറുകാർ പൂർണതോതിൽ പണി തുടങ്ങൂ. ഇപ്പോൾ ഇഴഞ്ഞുനീങ്ങുന്ന പദ്ധതി എന്ന് പൂർത്തിയാകുമെന്നറിയില്ല. അതേസമയം അറ്റകുറ്റപ്പണിക്ക് സംസ്ഥാനം നൽകാനുള്ള 200 കോടി രൂപ നൽകാത്തതിനെ തുടർന്ന് പ്രവൃത്തി നിലച്ചിരിക്കുകയാണ്. നിലവിലുള്ള ജലവിതരണം സംവിധാനത്തിലെ അറ്റകുറ്റപ്പണി മുടങ്ങിയത് ഗ്രാമങ്ങളിലെ കുടിവെള്ള ക്ഷാമം രൂക്ഷമാക്കിയിട്ടുണ്ട്. വേനൽമഴ പെയ്തെങ്കിലും പ്രശ്നം തീർന്നിട്ടില്ല. സംസ്ഥാനത്തിന്റെ മറ്റ് കുടിവെള്ള പദ്ധതികളിൽ 180 കോടിയുടെ കുടിശ്ശിക വേറെയുമുണ്ട്. ജൽജീവൻ പദ്ധതി കുടിശ്ശിക ഭാഗികമായി ലഭിച്ചതിനെ തുടർന്ന് നിറുത്തിവച്ച പദ്ധതി കരാറുകാർ തുടങ്ങിയിട്ടുണ്ടെങ്കിലും ജില്ലയിൽ പൂർത്തിയായത് നാല് പഞ്ചായത്തുകളിൽ മാത്രം.

2024ൽ പൂർത്തിയാക്കേണ്ട ജൽജീവൻ പദ്ധതിയാണ് അനിശ്ചിതത്വത്തിലായത്. കേന്ദ്ര, കേരള സർക്കാരുകൾ തുല്യമായാണ് തുക ചെലവാക്കുന്നത്. പുതിയ വാട്ടർ കണക്ഷനെടുക്കാൻ ഏറ്റവും ചുരുങ്ങിയത് 8,000 രൂപയോളം വേണ്ടിടത്ത് ജൽജീവനിൽ സൗജന്യ കണക്ഷനെന്നാണ് തുടക്കത്തിൽ പറഞ്ഞിരുന്നത്. അതുകൊണ്ടു തന്നെ അത്യാവശ്യമില്ലാത്ത പലരും കണക്ഷനെടുത്തു. പിന്നീട് ബിൽ വരാൻ തുടങ്ങിയതോടെ പലരും റദ്ദാക്കി. തുടർന്ന് വൻ നഷ്ടമാണ് വാട്ടർ അതോറിറ്റിക്കുണ്ടായത്. പത്ത് ശതമാനം ഗുണഭോക്തൃ വിഹിതം വാങ്ങണമെന്ന നിബന്ധന പാലിച്ചില്ലെന്നും ആക്ഷേപമുണ്ട്.

റോഡുകൾ നന്നാക്കിയില്ല

ജൽജീവനായി വെട്ടിപ്പൊളിച്ച ഗ്രാമീണ റോഡുകൾ പൂർണമായി പുനഃസ്ഥാപിക്കാത്തത് ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കുമിടയാക്കുന്നു. മൂവായിരത്തോളം റോഡുകൾ പൊളിച്ചതിൽ 40 ശതമാനത്തോളം തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് നന്നാക്കി. മുഴുവൻ നന്നാക്കാനുള്ള തുകയാണ് പഞ്ചായത്തുകൾ ചോദിക്കുന്നത്. എന്നാൽ പദ്ധതി പ്രകാരം പെെപ്പ് സ്ഥാപിക്കാൻ കുഴിയെടുത്ത സ്ഥലം മാത്രമാണ് നന്നാക്കുക. ബാക്കി തുക ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾ കണ്ടെത്തണം.

ജില്ലയിലെ സ്ഥിതി

കേന്ദ്രസർക്കാർ പദ്ധതി ആവിഷ്കരിച്ചത്....2019

കേരളത്തിൽ നടപ്പാക്കി തുടങ്ങിയത്....2020

ജില്ലയിൽ ആകെ പഞ്ചായത്തുകൾ....70

പൂർത്തിയായ പഞ്ചായത്തുകൾ....4

(തുറയൂർ, കാക്കൂർ, കുന്നുമ്മൽ, കടലുണ്ടി)

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL