SignIn
Kerala Kaumudi Online
Thursday, 04 June 2026 5.54 AM IST

ട്രോളിംഗ് നിരോധനം: സുരക്ഷ ക്രമീകരണം സജ്ജം

trolllng-
ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് ജില്ല കളക്ടർ എം.എസ് മാധവിക്കുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം

നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് കളക്ടര്‍

കോഴിക്കോട്: ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ല കളക്ടര്‍ എം.എസ് മാധവിക്കുട്ടി. ജൂണ്‍ ഒമ്പത് മുതല്‍ ജൂലൈ 31 വരെയുള്ള നിരോധനവുമായി ബന്ധപ്പെട്ട യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. അപകടകരമായ സാഹചര്യങ്ങളില്‍ മുന്നറിയിപ്പ് അവഗണിച്ച് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. നിറുത്തിയിടുന്ന ബോട്ടുകളില്‍ വെള്ളം കെട്ടിനില്‍ക്കുന്ന സാഹചര്യം ഒഴിവാക്കണം. വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം ഓഡിറ്റ് ചെയ്യും. ഹാര്‍ബറുകളുടെ ശുചീകരണത്തില്‍ ഉദ്യോഗസ്ഥർ ശ്രദ്ധിക്കണം. തൊഴിലാളികള്‍ ഇന്‍ഷുറന്‍സ് സ്‌കീമുകളില്‍ പങ്കാളികളാകണം. ഹാര്‍ബര്‍ മാനേജ്മെന്റ് സൊസൈറ്റി യോഗങ്ങള്‍ കൃത്യമായി ചേരാന്‍ നടപടിയുണ്ടാകുമെന്നും പറഞ്ഞു.

ട്രോളിംഗ് നിരോധന കാലത്തേക്കുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയായതായി ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.അനീഷ് അറിയിച്ചു. കടല്‍ പട്രോളിംഗിനും കടല്‍ സുരക്ഷ പ്രവര്‍ത്തനത്തിനുമായി മേയ് 15 മുതല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം (ഫോണ്‍: 0495 2414074, 2992194, 9496007052) ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷനില്‍ ആരംഭിച്ചിട്ടുണ്ട്. കടല്‍ സുരക്ഷ, പട്രോളിംഗ് പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്ന് ബോട്ടുകള്‍ വാടകക്കെടുക്കാന്‍ നടപടിയെടുത്തു. ഇവ ബേപ്പൂര്‍, പുതിയാപ്പ, കൊയിലാണ്ടി തീരങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കും. റസ്‌ക്യൂ ഗാര്‍ഡുമാരെ നിയോഗിക്കാനുള്ള ഇന്റര്‍വ്യൂ പൂര്‍ത്തിയായിട്ടുണ്ട്. ആധുനിക ആശയവിനിമയ സംവിധാനം ഘടിപ്പിച്ച മറൈന്‍ റെസ്‌ക്യൂ യൂണിറ്റ് (ഫൈബര്‍ വള്ളം) ചോമ്പാല്‍ ബേസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കും. എല്ലാ ഹാര്‍ബറുകളിലും രക്ഷാപ്രവര്‍ത്തനത്തിനുള്ള ബോട്ടും ആംബുലന്‍സും ഒരുക്കുക, പ്രവര്‍ത്തനരഹിതമായ സിഗ്നല്‍ സംവിധാനം ശരിയാക്കുക, അപകടങ്ങളുണ്ടാകുമ്പോള്‍ അടിയന്തര ചികിത്സക്ക് സംവിധാനമൊരുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികള്‍ ഉന്നയിച്ചു. ഫിഷറീസ് അസി.ഡയറക്ടര്‍ വി.സുനീറും പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL