SignIn
Kerala Kaumudi Online
Tuesday, 05 May 2026 5.31 AM IST

യു.ഡി.എഫ് തരംഗത്തിൽ ആടിയെങ്കിലും ഉലയാതെ പാലക്കാട്

Increase Font Size Decrease Font Size Print Page

പാലക്കാട്: താമര വിരിയാതെ പാലക്കാട്. രണ്ട് സിറ്റിംഗ് സീറ്റുകൾ നിലനിറുത്തി മൂന്ന് സീറ്റുകൾ പിടിച്ചെടുത്ത് തദ്ദേശ തിരഞ്ഞെടുപ്പിലെ പോരാട്ടവീര്യം ആവർത്തിച്ച് യു.ഡി.എഫ്. മൂന്ന് സിറ്റിംഗ് സീറ്റുകൾ നഷ്ടമായെങ്കിലും സംസ്ഥാനത്താകെ വീശിയടിച്ച യു.ഡി.എഫ് തരംഗത്തിലും പിടിച്ചുനിന്ന് പാലക്കാട്ടെ എൽ.ഡി.എഫ്. 12 മണ്ഡലങ്ങളിൽ ഏഴ് സീറ്റുകൾ എൽ.ഡി.എഫും അഞ്ച് സീറ്റുകൾ യു.ഡി.എഫും സ്വന്തമാക്കിയപ്പോൾ സംപൂജ്യരാകാൻ തന്നെയായിരുന്നു ബി.ജെ.പിയുടെ വിധി. നരേന്ദ്ര മോദി നേരിട്ട് പ്രചരണം നടത്തിയ മണ്ഡലങ്ങളിലൊന്ന് കൂടിയായിരുന്നു പാലക്കാട്. എന്നിട്ടും താമര വിരിയാൻ ജനങ്ങൾ അവസരം നൽകിയില്ല. ശക്തമായ ത്രികോണമത്സരം നടക്കുന്ന മണ്ഡലമെന്ന് പലരും അഭിപ്രായപ്പെട്ട പാലക്കാട് രമേഷ് പിഷാരടിയുടെ അത്ഭുതവിജയത്തിനാണ് സാക്ഷ്യം വഹിച്ചത്. ലൈംഗികാരോപണം നേരിടുന്ന മുൻ എം.എൽ.എ കോൺഗ്രസിന്റെ വിജയ സാദ്ധ്യത കുറക്കുമെന്നായിരുന്നു പലരും കരുതിയത്. ശോഭസുരേന്ദ്രന് ഈസി വിജയമെന്ന് കരുതിയിടത്ത് നിന്ന് അവസാനനിമിഷം പല ട്വിസ്റ്റുകളും അരങ്ങേറുകയായിരുന്നു. വോട്ടിന് പണം നൽകിയതും പിന്നീട് ശോഭയുടെ പ്രതികരണവുമെല്ലാം വലിയ ചർച്ചയായി. കന്നിയങ്കത്തിനിറങ്ങിയ രമേഷ് പിഷാരടി 13147 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇത്തവണ നിയമസഭയിലേക്കെത്തുക. ഇടതുകോട്ടയെന്ന് ഖ്യാതി നേടിയ ആലത്തൂർ ഇത്തവണയും എൽ.ഡി.എഫിനെ കൈവിടാതെ കാത്തു. കെ.ഡി.പ്രസേനന് പകരം കളത്തിലിറങ്ങിയ ടി.എം.ശശി 8553 വോട്ടുകൾക്കാണ് വിജയിച്ചത്. 2021നെ അപേക്ഷിച്ച് ഭൂരിപക്ഷത്തിൽ വലിയ കുറവ് സംഭവിച്ചെങ്കിലും പാർട്ടിയുടെ കോട്ട കൈവിടാതെ ശശി കാത്തു. വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടിക്ക് പകരം കളത്തിലിറങ്ങിയ മുരുകദാസിന് വിജയം രുചിക്കാനായില്ല. മുൻ എം.എൽ.എ അച്യുതന്റെ മകൻ സുമേഷ് അച്യുതൻ 6510 വോട്ടുകൾക്കാണ് വിജയിച്ചുകയറിയത്. കടുത്ത മത്സരമായിരുന്നു മണ്ഡലത്തിൽ എൽ.ഡി.എഫും യു.ഡി.എഫും കാഴ്ചവെച്ചത്. കിഴക്കൻ ഗ്രാമങ്ങളായ പെരുമാട്ടി, പട്ടഞ്ചേരി ഭാഗങ്ങളിലാണ് മുരുകദാസിന് കാലിടറിയത്. നഗരമേഖലകളിൽ മുരുകദാസിനായിരുന്നു ആധിപത്യം അപരനായ പി.മുരുകദാസിന് 6984 വോട്ടുകൾ ലഭിച്ചതും എൽ.ഡി.എഫിന് തിരിച്ചടിയായി. ജില്ലയിൽ എൽ.ഡി.എഫിന് നഷ്ടമായ മറ്റൊരു സിറ്റിംഗ് സീറ്റാണ് കോങ്ങാട്ടേത്. സിറ്റിംഗ് എം.എൽ.എ സി.പി.എമ്മിലെ ശാന്തകുമാരിയെ 3706 വോട്ടുകൾക്ക് യു.ഡി.എഫിലെ കെ.എ.തുളസി തോല്പിച്ചു. 2021ൽ 27000ലധികം വോട്ടുകൾക്ക് ശാന്തകുമാരി വിജയിച്ച മണ്ഡലമായിരുന്നു കോങ്ങാട്. വി.എസ്.അച്യുതാനന്ദന്റെ മണ്ഡലം ഇത്തവണയും സി.പി.എമ്മിനെ കൈവിട്ടില്ല. 1967 മുതൽ സി.പി.എം വ്യക്തമായ ആധിപത്യം സ്ഥാപിക്കുന്ന മണ്ഡലത്തിൽ എ.പ്രഭാകരൻ തന്റെ രണ്ടാമൂഴത്തിലും വിജയിച്ചു. ബി.ജെ.പി സ്ഥാനാർത്ഥി സി.കെ.കൃഷ്ണകുമാറിനെ 19721 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് പ്രഭാകരൻ രണ്ടാമതും മലമ്പുഴയിൽ വിജയം രുചിച്ചത്. 15 വർഷമായി ലീഗിനെ പിന്തുണക്കുന്ന മണ്ണാർക്കാട് ഇത്തവണയും കാറ്റ് മാറി വീശിയില്ല. നാലാംവട്ടവും ജനവിധി തേടിയ ഷംസുദ്ദീൻ ഇത്തവണയും മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. കഴിഞ്ഞതവണ നേടിയ 5800 വോട്ടിന്റെ ഭൂരിപക്ഷം 25000ലേക്ക് ഉയർത്തിയാണ് ഷംസുദ്ദീൻ വിജയിച്ചത്. ആലത്തൂർ പോലെ ഇടത് കോട്ടയായ നെന്മാറയിലും ഇത്തവണ ചെങ്കൊടിയുയർന്നു. കെ.ബാബുവിന് പകരം മത്സരത്തിനിറങ്ങിയ കെ.പ്രേമൻ മണ്ഡലം വിട്ടുകൊടുക്കാതെ കാത്തു. 25000ൽ നിന്ന് 3305ലേക്ക് ഭൂരിപക്ഷം താഴ്‌ന്നെങ്കിലും പാർട്ടിയുടെ ഉറച്ച സീറ്റ് കൈവിട്ടില്ലെന്നത് ആശ്വാസമായി. സി.പി.എം വിട്ട് യു.ഡി.എഫ് ടിക്കറ്റിൽ മത്സരിച്ച പി.കെ.ശശിയെ ഒറ്റപ്പാലത്തെ വോട്ടർമാർ കൈവിട്ടു. 20 വർഷമായി എൽ.ഡി.എഫിന്റെ ഉറച്ച സീറ്റായ ഒറ്റപ്പാലത്ത് നിന്ന് രണ്ടാം വട്ടം ജനവിധി തേടിയ അഡ്വ. പ്രേംകുമാർ പഴയതിനെക്കാൾ ഉയർന്ന ഭൂരിപക്ഷത്തിലാണ് ജയിച്ചുകയറിയത്. പി.കെ ശശിയെ 26000ലധികം വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് പ്രേംകുമാർ രണ്ടാമതും നിയമസഭയിലേക്കെത്തിയത്. പട്ടാമ്പിയിൽ മുഹമ്മദ് മുഹ്സിന് വലിയ വെല്ലുവിളിയുയർത്താൻ കോൺഗ്രസ് സ്ഥാനാർത്ഥി ടി.പി.ഷാജിക്ക് സാധിച്ചില്ല. ആദ്യത്തെ മൂന്ന് റൗണ്ടിൽ പിന്നിട്ട് നിന്നെങ്കിലും പിന്നീട് ഒരിക്കൽ പോലും മുഹ്സിന്റെ ലീഡ് താഴ്ന്നിരുന്നില്ല. ബി.ജെ.പിയുടെ ശങ്കു ടി.ദാസിനെയും കോൺഗ്രസിന്റെ ഹരിഗോവിന്ദനെയും പിന്നിലാക്കി മമ്മിക്കുട്ടി വീണ്ടും ഷൊർണൂരിൽ വിജയക്കൊടി പാറിച്ചു. 36000ൽ നിന്ന് 15000ലേക്ക് ഭൂരിപക്ഷം കുറഞ്ഞെങ്കിലും യു.ഡി.എഫ് കാറ്റിനിടയിലും ജില്ലയിലെ പ്രധാന മണ്ഡലം കാത്തുസൂക്ഷിക്കാൻ മമ്മിക്കുട്ടിക്ക് സാധിച്ചു.

കൈവിട്ടുപോയ തന്റെ മണ്ഡലം വി.ടി.ബൽറാം തിരിച്ചുപിടിക്കുന്ന കാഴ്ചക്കാണ് തൃത്താല സാക്ഷ്യം വഹിച്ചത്. 2021ൽ 3016 വോട്ടുകൾക്ക് എം.ബി.രാജേഷ് വിജയിച്ചപ്പോൾ ഇത്തവണ 8385 വോട്ടുകൾക്ക് അതേ രജേഷിനെ തോല്പിച്ചുകൊണ്ട് ബൽറാം വീണ്ടും നിയമസഭയിലേക്കെത്തുകയാണ്. എൽ.ഡി.എഫിന്റെ തോറ്റ മന്ത്രിമാരിലൊരാൾ കൂടിയാണ് എം.ബി.രാജേഷ്. അത്ഭുതങ്ങളൊന്നും സംഭവിക്കാതെ തരൂർ മണ്ഡലത്തിലും ഇടത് ആധിപത്യം തുടർന്നു. 2021ൽ 24000ലധികം വോട്ടുകൾക്ക് വിജയിച്ച സുമോദ് ഇത്തവണയും പാർട്ടിയുടെ കോട്ട കാത്തു കോൺഗ്രസിന്റെ സുബ്രഹ്മണ്യനെ 11000 വോട്ടുകൾക്കാണ് സുമോദ് പരാജയപ്പെടുത്തിയത്. യു ഡി എഫ് തരംഗത്തിനിടയിലും തങ്ങളുടെ മണ്ഡലങ്ങളിൽ പലതും എൽ.ഡി.എഫ് കാത്തു.

TAGS: LOCAL NEWS, PALAKKAD, ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.