
മല്ലപ്പള്ളി : നിർമ്മാണോദ്ഘാടനം നടത്തിയ പാറക്കടവ് പാലത്തിന്റെ പണികൾ ആരംഭിക്കാനായില്ല. സർക്കാർ മാറിയതിനാൽ പ്രദേശവാസികൾ ആശങ്കയിലുമാണ്. കീഴ് വായ്പൂര് - പരിയാരം കരകളെ ബന്ധിപ്പിച്ച് മണിമലയാറിന് കുറുകെയുള്ള പാലം കാലങ്ങളായുള്ള ആവശ്യമാണ്.
കഴിഞ്ഞ ഫെബ്രവരി 24ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ആണ് നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചത്. ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കായിരുന്നു നിർമ്മാണച്ചുമതല.
ഒന്നാംപിണറായി സർക്കാരിന്റെ കാലത്ത് ജലവിഭവ വകുപ്പ് മന്ത്രിയായിരുന്ന മുൻ എം.എൽ.എ മാത്യു ടി.തോമസിന്റെ ശ്രമഫലമായി 2016-17 ലെ സംസ്ഥാന ബഡ്ജറ്റിൽ 10 കോടി രൂപ പാലത്തിനായി വകയിരുത്തിയെങ്കിലും ടെൻഡർ നടപടിയിൽ തടസം നേരിട്ടു. പല തവണ ടെൻഡർ വിളിച്ചെങ്കിലും നടപടികൾ പൂർണമായില്ല. 2021 നവംബർ 16ന് ക്ഷണിച്ച അഞ്ചാത്തെ ടെൻഡർ വരെ നടപടിക്രമങ്ങൾ നീണ്ടു. നാല് തവണ പൊതുമരാമത്ത് പാലം വിഭാഗവും അഞ്ചാംതവണ കേരള റോഡ് ഫണ്ട് ബോർഡുമാണ് ടെൻഡർ ക്ഷണിച്ചത്.
തുക കുറഞ്ഞു, ടെൻഡർ വൈകി
എസ്റ്റിമേറ്റ് തുകയിൽ നിർമ്മാണം പൂർത്തിയാക്കിയാൽ നഷ്ടം വരുമെന്നായിരുന്നു കരാറുകാരുടെ പക്ഷം. അതിനാൽ പണി ഏറ്റെടുക്കാൻ ആരും തയ്യാറായില്ല. എസ്റ്റിമേറ്റിനേക്കാൾ അധികതുക അനുവദിക്കണമെന്ന് ആവശ്യം ടെൻഡർ നടപടികൾ വൈകാൻ കാരണമായി. കേരള റോഡ് ഫണ്ട് ബോർഡ് ക്ഷണിച്ച ടെൻഡറിൽ അടങ്കൽ തുകയായ 7.83 കോടി രൂപയേക്കാൾ 10 ശതമാനം അധിക തുകയിലാണ് ടെൻഡർ നൽകിയെങ്കിലും ലോക്കൽ മാർക്കറ്റ് റേറ്റിന്റെ അടിസ്ഥാനത്തിലാണ് അനുമതി നൽകിയത്. അംഗീകരിച്ച ഡിസൈൻ പ്രകാരം 9.35 കോടി രൂപയാണ് നിർമ്മാണ ചെലവ്.
പാലത്തിന്റെ നീളം : 112 മീറ്റർ
വീതി : 11 മീറ്റർ
നടപ്പാത : 1.5 മീറ്റർ വീതിയിൽ
സമീപന പാത :
പരിയാരം ഭാഗത്ത് 155 മീറ്ററും കീഴ് വായ്പൂര് ഭാഗത്ത് 11.3 മീറ്ററും
പദ്ധതി ചെലവ് : 9.35 കോടി
പാലം പൂർത്തിയായാൽ
കോട്ടയം - കോഴഞ്ചേരി സംസ്ഥാന പാതയ്ക്ക് സമാന്തരവഴിയായും കീഴ്‌വായ്പൂരിൽ നിന്ന് തിരുവല്ല, ചങ്ങനാശ്ശേരി, തുരുത്തിക്കാട് മേഖലകളിലേക്ക് ബൈപ്പാസ് റോഡായും ഉപകരിക്കും. പരിയാരത്തുകാർക്ക് കടത്തുവള്ളത്തെ ആശ്രയിക്കാതെ കീഴ് വായ്പൂർ പൊലീസ് സ്റ്റേഷൻ, ആയുർവേദ ആശുപത്രി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ,വിവിധ ബാങ്കുകൾ എന്നിവിടങ്ങളിലേക്ക് എളുപ്പത്തിലെത്താൻ സാധിക്കും.
തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങളുടെ മുൻപിൽ അവതരിപ്പിച്ച മറ്റൊരു നാടകമായി പാറക്കടവിൽ പാലത്തിന്റെ നിർമ്മാണോദ്ഘാടനം മാറി. പുതിയ സർക്കാരിലാണ് പ്രതീക്ഷ.
പ്രമോദ് കുമാർ.വി, പ്രദേശവാസി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |