SignIn
Kerala Kaumudi Online
Friday, 15 May 2026 11.21 PM IST

പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ സിഗ്നൽ ലൈറ്റുകൾ വീണ്ടും അണഞ്ഞു

st-peters-jn

പത്തനംതിട്ട : നഗരത്തിന്റെ പ്രവേശനകവാടമായ സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ സിഗ്നൽ ലൈറ്റുകൾ കണ്ണടച്ചിട്ട് ആറുനാൾ. തിരക്കേറെയുള്ള ജംഗ്ഷനിൽ ഗതാഗതക്കുരുക്കും പതിവായി. മുൻപ് കലുങ്ക് നിർമ്മാണത്തിനായി ഒരുവർഷത്തിലേറെ സിഗ്നൽ ലൈറ്റുകൾ ഓഫാക്കിയിരുന്നു. തുടർന്ന് ഗതാഗതം തോന്നിയപോലെയായതോടെ വ്യാപാരികളും ഓട്ടോറിക്ഷാ തൊഴിലാളികളും പ്രതിഷേധം ശക്തമാക്കിയപ്പോൾ പുനസ്ഥാപിച്ചു. കഴിഞ്ഞ ജൂലായിലും രണ്ടാഴ്ചയിലധികം സിഗ്നൽ ലൈറ്റ് പ്രവർത്തനരഹിതമായിരുന്നു.

തിരുവല്ല, ചെങ്ങന്നൂർ ഭാഗത്ത് നിന്നും അടൂർ, പന്തളം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങളും ശബരിമല തീർത്ഥാടകർ സഞ്ചരിക്കുന്ന വാഹനങ്ങളും സെന്റ് പീറ്റേഴ്സ് ജംഗ്ഷനിലെത്തിയാണ് യാത്ര തുടരുന്നത്. തിരക്ക് ഏറെയുള്ള ജംഗ്ഷനിൽ അടിയ്ക്കടി സിഗ്നൽ ലൈറ്റുകൾ പ്രവർത്തനരഹിതമാകുന്നത് കാൽനടയാത്രക്കാർക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. നാലുദിശയിലേക്കുമുള്ള റോഡിൽ സീബ്രാലൈനുകൾ ഉള്ളതിനാൽ റോഡുമുറിച്ച് കടക്കുന്നവരും അപകടഭീഷണിയിലാണ്.

അപകടം അരികെ

മാസപൂജയ്ക്കായി ശബരിമല നടതുറന്നതോടെ സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ വാഹനത്തിരക്കേറെയാണ്. പകൽ സമയത്ത് ട്രാഫിക് പൊലീസ് ഉള്ളത് ആശ്വാസമാണെങ്കിലും രാത്രിയിലെത്തുന്നവർ വലയും. സിഗ്നൽ ഇല്ലാത്തതിനാൽ വേഗത്തിൽ എത്തുന്ന വാഹനങ്ങൾ അപകടത്തിനും കാരണമാകും. ഹൈവേ നിർമ്മാണത്തിനായി പാറ ഉൽപ്പന്നങ്ങളുമായി വലിയ ടോറസ് ലോറികൾ സെന്റ് പീറ്റേഴ്സ് ജംഗ്ഷനിലൂടെയാണ് സഞ്ചരിക്കുന്നത്. യഥാസമയം സിഗ്നൽ ലഭിക്കാതെയുള്ള വലിയ വാഹനങ്ങളുടെ പാച്ചിൽ അപകടഭീതി ഉയർത്തുന്നുണ്ട്.

അടിക്കടി സിഗ്നൽ ലൈറ്റുകൾ പ്രവർത്തന രഹിതമാകുന്നത് വലിയ അപകടങ്ങൾക്കും ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്. തകർച്ച പരിഹരിക്കാത്തത് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ്. നടപടി സ്വീകരിക്കണം.

ബിനോയ് , ഓട്ടോഡ്രൈവർ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL