വെള്ളറട: മലയോര മേഖലയിൽ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ടൂറിസം പദ്ധതികളൊന്നും നടപ്പിലായില്ല. മലയോരത്തെ മൂന്ന് ഗ്രാമപഞ്ചായത്തുകളിൽ ടൂറിസം പദ്ധതികൾക്ക് വളരെയേറെ സാദ്ധ്യതകളുണ്ടെന്ന് ടൂറിസം അധികൃതരുടെ പരിശോധനകളിൽ കണ്ടെത്തിയിട്ടുണ്ട്. വെള്ളറട ഗ്രാമപഞ്ചായത്തിലെ പ്ളാങ്കുടിക്കാവ് ഇക്കോടൂറിസം പദ്ധതി പ്രഖ്യാപിച്ചുവെങ്കിലും നടപ്പിലായില്ല.
പ്രകൃതി രമണീയമായ നിരവധി സ്ഥലങ്ങൾ വെള്ളറടയിൽ ടൂറിസ്റ്റുകളെ ആകർഷിക്കാൻ സ്ഥിതിചെയ്യുന്നുണ്ട്. കന്യാകുമാരിയും തൃപ്പരപ്പും നെയ്യാർ ഡാമും സന്ദർശിക്കുന്ന ടൂറിസ്റ്റുകൾക്ക് വെള്ളറടയിലെ പ്ളാങ്കുടിക്കാവ് ഇക്കോടൂറിസം പദ്ധതി പ്രദേശത്ത് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയാൽ ഈ മേഖലയിലും ടൂറിസം വളരും.
വെള്ളറടയിൽ ഏറെ നാളുകൾക്ക് മുമ്പുതന്നെ പഞ്ചായത്തിന്റെയും ടൂറിസം പ്രമോഷണൽ കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ പ്ളാങ്കുടുക്കാവിൽ ടൂറിസം വാരാഘോഷം സംഘടിപ്പിച്ചിരുന്നു. തുടർ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാത്തതാണ് പദ്ധതികൾ നടപ്പാകാത്തതിന് കാരണം. ടൂറിസ്റ്റുകളെ ആകർഷിക്കാൻ വേണ്ട സംവിധാനങ്ങൾ ഒരുക്കിയാൽ ഈ മേഖലയിൽ സർക്കാരിന് വൻ സാമ്പത്തിക നേട്ടം തന്നെ കൈവരിക്കാനാകും.
അമ്പൂരിയിലും ടൂറിസം സാദ്ധ്യത
അമ്പൂരി ഗ്രാമപഞ്ചായത്തിലെ നിരവധി പ്രദേശങ്ങളും ടൂറിസത്തിന് അനുയോജ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പുറുത്തിപ്പാറയിലെ ദ്രവ്യപ്പാറ, ഗുഹാക്ഷേത്രം, നെയ്യാർ റിസർവോയറിനോട് ചേർന്നു കിടക്കുന്ന മായത്തും ബോട്ട് യാത്ര എന്നിവയെല്ലാം ടൂറിസത്തിനനുയോജ്യമായി അമ്പൂരിയിലുണ്ട്. പ്രകൃതിയെ ആസ്വദിക്കാൻ കഴിയുന്ന കുന്നുകളും മലകളും ദ്വീപുകളും കൊണ്ട് നിറഞ്ഞ ഭൂപ്രദേശമാണ് അമ്പൂരി. ടൂറിസം സാദ്ധ്യതാപഠനം ഇവിടെ നടന്നു കഴിഞ്ഞിട്ട് കാലങ്ങൾ ഏറെയായി. ടൂറിസ്റ്റുകളെ ആകർഷിക്കാൻ അമ്പൂരിയുടെ വിവിധ ഭാഗങ്ങളിൽ സ്വകാര്യ റിസോർട്ടുകളും ഭക്ഷണശാലകളും തയ്യാറായി കഴിഞ്ഞു. എന്നാൽ അംഗീകൃത പദ്ധതികളൊന്നും നടപ്പിലായില്ല.
മലയോരത്ത് വികസനങ്ങൾ വേഗത്തിലാക്കണം
ആര്യങ്കോട് ഗ്രാമപഞ്ചായത്തിലും നിരവധി ടൂറിസം സാദ്ധ്യതകളാണുള്ളത്. കിഴക്കൻമല, പഴിഞ്ഞിപ്പാറ, പൊഴിയല്ലൂർ, കോയിക്കൽ, ഈരാറ്റിൻപുറം, അരുവിക്കര പ്രദേശങ്ങളിൽ ടൂറിസത്തിന് ഏറെ സാദ്ധ്യതയുണ്ടെന്ന് കാണിച്ച് ആര്യങ്കോട് ഗ്രാമപഞ്ചായത്ത് അധികൃതരെ സമീപിച്ചിട്ട് നാളുകൾ ഏറെയായി. ടൂറിസം പദ്ധതികൾ നടപ്പിലാക്കിയാൽ മലയോര മേഖലയിലെ വികസനങ്ങൾ വേഗത്തിലാക്കാനും ഇാ മേഖലയിലൂടെ നിരവധി പേർക്ക് തൊഴിൽ കണ്ടെത്താനും കഴിയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |