SignIn
Kerala Kaumudi Online
Friday, 26 June 2026 1.16 AM IST

അങ്കണവാടിക്ക് ഗേറ്റില്ല, മതിലുകൾ തകർന്നു; കുരുന്നുകൾ ഭീതിയിൽ!

വേലൂർ: നടുവലങ്ങാടിയിൽ പ്രവർത്തിക്കുന്ന 75ാം നമ്പർ അങ്കണവാടിയിൽ പിഞ്ചുകുട്ടികളുടെ ജീവന് കടുത്ത ഭീഷണിയുയർത്തി അധികൃതരുടെ അവഗണന. തിരക്കേറിയ റോഡരികിൽ സ്ഥിതി ചെയ്യുന്ന അങ്കണവാടിയുടെ ചുറ്റുമതിലിന് ഗേറ്റ് ഇല്ലാത്തതാണ് നിലവിൽ വലിയ അപകടഭീഷണി ഉയർത്തുന്നത്. നിരവധി വാഹനങ്ങൾ നിരന്തരം കടന്നുപോകുന്ന റോഡിനോട് ചേർന്നാണ് അങ്കണവാടിയുടെ കവാടവും കെട്ടിടവും. കുട്ടികൾ കളിക്കുന്നതിനിടയിലോ മറ്റോ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടാതെ റോഡിലേക്ക് ഇറങ്ങിയാൽ വൻ ദുരന്തം സംഭവിക്കാനും സാധ്യതയുണ്ട്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തിരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെയും രക്ഷിതാക്കളുടെയും ആവശ്യം.


സുരക്ഷാ ഭീഷണിയിൽ


1. അങ്കണവാടി കോമ്പൗണ്ടിന്റെ സ്ലാബ് മതിൽ പല ഭാഗങ്ങളിലും പൊട്ടി വീഴാറായ അവസ്ഥയിലാണ്.
2. കെട്ടിടത്തിനോട് ചേർന്നുനിൽക്കുന്ന കിണറിന്റെ സംരക്ഷണ ഭിത്തിയുടെ പ്ലാസ്റ്ററിംഗ് അടർന്നു വീണ് വലിയ വിള്ളലുകൾ രൂപപ്പെട്ടിട്ടുണ്ട്.
3. കുട്ടികളുടെ കളിസ്ഥലവും ടോയ്‌ലറ്റും സ്ഥിതി ചെയ്യുന്ന ഭാഗം പൂർണ്ണമായും കാടുപിടിച്ച അവസ്ഥയാണ്
4. പുല്ലും ചെടികളും വളർന്നു നിറഞ്ഞ ഇവിടെ പാമ്പുകൾ ഉൾപ്പെടെയുള്ള ഇഴജന്തുക്കളുടെ ശല്യം രൂക്ഷമാണ്

പഴയ കെട്ടിടവും ഭീഷണിയിൽ

കോമ്പൗണ്ടിനകത്ത് സ്ഥിതി ചെയ്യുന്ന പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു പഴയ കെട്ടിടം മേൽക്കൂരയും ചുമരും തകർന്ന് ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. അങ്കണവാടി കെട്ടിടത്തിന് മുകളിൽ താത്കാലികമായി പ്രവർത്തിക്കുന്ന വേലൂർ വില്ലേജ് ഓഫീസിലേക്ക് എത്തുന്നവർ ഇരുചക്രവാഹനങ്ങൾ കോമ്പൗണ്ടിനകത്തേക്ക് അശ്രദ്ധമായി ഓടിച്ചു കയറ്റുന്നതും കളിക്കുന്ന കുട്ടികൾക്ക് വലിയ സുരക്ഷാഭീഷണിയാണ്.


ബി.ജെ.പി പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു

വേലൂർ:അങ്കണവാടിയുടെ അപകടാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പ്രവർത്തകർ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. പ്രവർത്തകരെ പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥയ്‌ക്കെതിരെ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്നും ബി.ജെ.പി നേതാക്കൾ പറഞ്ഞു.
കർഷമോർച്ച നോർത്ത് ജില്ലാ പ്രസിഡന്റ് രാജേഷ് കുട്ടഞ്ചേരി സമരം ഉദ്ഘാടനം ചെയ്തു. ബി.ജെ.പി വേലൂർ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് സുനീഷ് മമ്പറമ്പിൽ അദ്ധ്യക്ഷനായി. എ.ജി. രഞ്ജീവ്, അഭിലാഷ് തയ്യൂർ,സുരേഷ് തിരുത്തിയിൽ, വിഷ്ണു അമ്പാടി, ജയ വിനോദ്, യദുകൃഷ്ണൻ വേലൂർ, വി.പി. ഷാജി എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL