മാവൂർ: കുന്ദമംഗലം മണ്ഡലത്തിലെ ജനങ്ങളുടെ വർഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് കുറ്റിക്കടവ് പാലം നിർമ്മാണത്തിന് സംസ്ഥാന ബഡ്ജറ്റിൽ 10 കോടി രൂപ അനുവദിച്ചു. നാടുനീളെ വലിയ പാലങ്ങളും അടിസ്ഥാന സൗകര്യ വികസന പദ്ധതികളും യാഥാർത്ഥ്യമായപ്പോഴും കുറ്റിക്കടവിലെ യാത്രാദുരിതത്തിന് മാത്രം മാറ്റമുണ്ടായില്ല. 2002ൽ മുൻ കേന്ദ്രമന്ത്രി ഇ. അഹമ്മദ് മുൻകൈയെടുത്ത് നിർമ്മിച്ച പാലം പിന്നീട് കാര്യമായ വികസനമോ വീതികൂട്ടലോ ഇല്ലാതെ തുടർന്നു. ഇതോടെ പ്രദേശവാസികളും യാത്രക്കാരും വർഷങ്ങളായി പ്രയാസങ്ങൾ നേരിടുകയായിരുന്നു.
ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ നിലവിലെ പാലത്തിന്റെ അപര്യാപ്തത ഗതാഗതക്കുരുക്കിനും സുരക്ഷ പ്രശ്‌നങ്ങൾക്കും കാരണമായിരുന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് കാലത്ത് പ്രദേശവാസികൾ ഉന്നയിച്ച ആവശ്യങ്ങളിലൊന്നായിരുന്നു കുറ്റിക്കടവ് പാലത്തിന്റെ വീതികൂട്ടലും നവീകരണവും. പ്രചാരണത്തിനെത്തിയ എം.എ റസാക്ക് വികസന മാസ്റ്റർ പ്ലാനിൽ കുറ്റിക്കടവ് പാലം ഉൾപ്പെടുത്തിയിരുന്നു. പാലം യാഥാർത്ഥ്യമാകുന്നതോടെ മാവൂർ, കുറ്റിക്കടവ്, കണ്ണിപ്പറമ്പ്, പെരുവയൽ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ യാത്രാസൗകര്യം മെച്ചപ്പെടുകയും ഗതാഗത സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യും.
മലയോര സഞ്ചാരം
സുഗമമാകും
മാവൂർ-കുറ്റിക്കടവ്-കണ്ണിപ്പറമ്പ് റോഡിലെ ചെറുപുഴയ്ക്ക് കുറുകെയുള്ള പാലം മുക്കം ഉൾപ്പെടെയുള്ള മലയോര മേഖലകളിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും നഗരപ്രദേശങ്ങളിലേക്കും എളുപ്പത്തിൽ എത്താനുള്ള പ്രധാന മാർഗമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |