
പാലോട്: വാഹനങ്ങളുടെ അമിതവേഗം കാരണം ഗ്രാമീണ റോഡുകളിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. കഴിഞ്ഞ ദിവസം നന്ദിയോട് വലിയതാന്നിമൂട് നന്ദൻകുഴിക്ക് സമീപം ഥാർ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ തമിഴ്നാട് സ്വദേശി ഗുരുതരമായി പരിക്കേറ്റതാണ് ഒടുവിലത്തെ സംഭവം. ഇയാൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫീസിന് സമീപത്ത് അടുത്തിടെയുണ്ടായ വാഹനാപകടങ്ങളിൽ മൂന്നുപേരാണ് മരിച്ചത്. പെരിങ്ങമ്മല റോഡിൽ കുശവൂർ ജംഗ്ഷനിൽ അമിത വേഗതയിലെത്തിയ ബൈക്കിടിച്ച് ആശുപത്രി ജീവനക്കാരി കുറച്ചുദിവസം മുമ്പ് മരിച്ചിരുന്നു. പെരിങ്ങമ്മല റോഡിൽ അമിതവേഗതയിൽ വാഹനമോടിച്ചുണ്ടായ അപകടത്തിൽ മൂന്നുമാസത്തിനിടെ രണ്ടുപേർ മരിക്കുകയും നാലുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. പ്ലാവറയ്‌ക്കും കുശവൂർ ജംഗ്ഷനും മദ്ധ്യേ മൂന്ന് മാസത്തിനിടെ നാലുപേരാണ് അപകടത്തിൽ മരിച്ചത്.
വാഹനങ്ങളുടെ അമിതവേഗം പതിവായിട്ടും അധികൃതരുടെ പരിശോധനയില്ലാത്തതിൽ പ്രതിഷേധം ശക്തമാണ്. റോഡിൽ ഗുരുതരമായ നിയമലംഘനം നടത്തുന്ന ടിപ്പർ-ടോറസ് ലോറികളുടെ അമിതവേഗതയ്‌ക്കെതിരെ പരാതികൾ ഉയർന്നെങ്കിലും അധികാരികൾ കണ്ടില്ലെന്ന് നടിക്കുകയാണ്.
പ്രധാന പ്രശ്‌നങ്ങൾ
---------------------------------------
വാഹന പരിശോധനയില്ല
കുത്തനെയുള്ള കയറ്റിറക്കം
കൊടുംവളവുകൾ
റോഡിന് ഇരുവശത്തെ കുറ്റിക്കാടുകൾ
ബോധവത്കരണത്തിലെ അഭാവം
നിയന്ത്രണമില്ലാതെ യാത്ര
-----------------------------------------------
അന്തർ സംസ്ഥാന വാഹനങ്ങളും ടിപ്പർ,മീൻ ലോറികളും യാതൊരു നിയന്ത്രണവുമില്ലാതെയാണ് പോകുന്നത്. പുലർച്ചെ മീൻ വില്പനക്കെത്തുന്ന ലോറികളിൽ പലതിനും മതിയായ രേഖകൾ ഉണ്ടാകാറില്ല. മദ്യപിച്ച് വാഹനമോടിക്കുന്ന ഡ്രൈവർമാരുമുണ്ട്. ചില കെ.എസ്.ആർ.ടി.സി,സ്വകാര്യ ബസുകളുടെ മത്സരയോട്ടവും പ്രശ്നമാണ്. മോട്ടോർ വാഹന വകുപ്പിന്റെയും പൊലീസിന്റെയും പരിശോധയുണ്ടെങ്കിൽ ഇവ കുറയ്‌ക്കാനാകും. വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ ചെറിയ വാഹനങ്ങൾ റോഡിനോട് ചേർന്ന ചാലിൽ തെന്നിവീഴുന്നതും പതിവാണ്. തലനാരിഴ വ്യത്യാസത്തിലാണ് പലരും രക്ഷപ്പെടുന്നത്. ഇത്തരം ഭാഗങ്ങളിൽ റോഡിനോട് ചേർന്ന് കോൺക്രീറ്റ് ചെയ്യുകയോ കല്ല് പാകുകയോ ചെയ്യണമെന്ന് കെ.എസ്.ടി.പി പൊതുമരാമത്ത് റോഡ് വിഭാഗത്തോട് നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും നടപടി മാത്രമില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |